മുഖപ്രസംഗം: ഡല്‍ഹിയിലെ ഭരണപ്രതിസന്ധി നല്‍കുന്ന മുന്നറിയിപ്പുകള്‍
Friday, May 22, 2015 11:17 PM IST
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന അടിസ്ഥാനതത്വത്തിലാണു രാജ്യത്തിന്റെ കെട്ടുറപ്പും ജനാധിപത്യക്രമവും അധിഷ്ഠിതമായിരിക്കുന്നത്. ഭരണഘടന കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ക്കു ശക്തമായ അടിത്തറ പാകിയിട്ടുണ്െടങ്കിലും ചില ഭരണഘടനാവകുപ്പുകള്‍തന്നെ അധികാരത്തര്‍ക്കങ്ങള്‍ക്ക് ആധാരമാകാറുണ്ട്. ഇപ്പോഴിതാ രാജ്യതലസ്ഥാനം സ്ഥിതിചെയ്യുന്ന ഡല്‍ഹിയിലെ സംസ്ഥാന ഭരണകൂടവും വലിയൊരു പ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുന്നു.

അരവിന്ദ് കേജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ഭരണകൂടവും അവിടുത്തെ ലഫ്. ഗവര്‍ണറായ നജീബ് ജംഗും തമ്മിലുള്ള അധികാരത്തര്‍ക്കം വളരെ ഗുരുതരമായൊരു സാഹചര്യത്തിലേക്കു വളര്‍ന്നിരിക്കുന്നു. നാലു ദിവസത്തിനുള്ളില്‍ ഡല്‍ഹി ഭരണകൂടം നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കിക്കൊണ്ടു ലഫ്. ഗവര്‍ണര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്. തന്നോട് ആലോചിക്കാതെയുള്ള നിയമനങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് ലഫ്. ഗവര്‍ണറുടെ വാദം. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കേജരിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ ഗുരുതരമായൊരു രാഷ്ട്രീയ-ഭരണ സാഹചര്യമാണിത്. ഇത്തരം പ്രശ്നങ്ങള്‍ തുടക്കത്തില്‍ത്തന്നെ പരിഹരിച്ചു മുന്നോട്ടു പോയില്ലെങ്കില്‍ അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും സങ്കീര്‍ണമായ അധികാരത്തര്‍ക്കങ്ങള്‍ക്കും അതുവഴി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവരെ പ്രതിസന്ധി തീര്‍ത്തേക്കാം. ഇത്തരം പ്രശ്നങ്ങള്‍ സത്വരം പരിഹരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണ്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മാത്രമല്ല, സംസ്ഥാനങ്ങള്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉടലെടുക്കാറുണ്ട്. കാവേരി പ്രശ്നത്തില്‍ തമിഴ്നാടും കര്‍ണാടകവും തമ്മിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരളവും തമിഴ്നാടും തമ്മിലുമുള്ള തര്‍ക്കങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോടതി ഇടപെടലുകളാണ് ഇത്തരം തര്‍ക്കങ്ങളില്‍ പലപ്പോഴും താത്കാലിക പരിഹാരങ്ങള്‍ക്കു വഴിയൊരുക്കുന്നത്. രാഷ്ട്രീയ പരിഹാരങ്ങളില്‍നിന്നും കഴിവതും വിട്ടുനിന്നു രാഷ്ട്രീയനേതൃത്വം പ്രശ്നം നീട്ടിക്കൊണ്ടുപോകുന്നു.

ഡല്‍ഹി നിയമസഭ നിലവില്‍ വന്നതുമുതല്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാരത്തര്‍ക്കങ്ങള്‍ പതിവാണ്. കേന്ദ്രഭരണത്തിലുള്ള പാര്‍ട്ടിതന്നെ സംസ്ഥാനം ഭരിക്കുമ്പോള്‍ പലതും ഒതുക്കിത്തീര്‍ക്കുമെന്നു മാത്രം. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തോടെ ഡല്‍ഹിയിലെ ഹാട്രിക് ഭരണത്തില്‍നിന്നും ഷീലാ ദീക്ഷിത് പുറത്തായി. 2013ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് കൂടുതല്‍ നേടിയെങ്കിലും ബിജെപിക്ക് അധികാരത്തിലെത്താനായില്ല. ആം ആദ്മി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ആറു മാസം തികച്ചതുമില്ല. പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഏറെ പ്രതീക്ഷയോടെ ബിജെപി രംഗത്തെത്തിയെങ്കിലും ജനവിധി ആം ആദ്മിക്കൊപ്പമായിരുന്നു. എഴുപതില്‍ അറുപത്തേഴു സീറ്റും അവര്‍ നേടി. പക്ഷേ എന്തു ഫലം. ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം ഒരു വശത്ത്. മറുവശത്ത് മുഖ്യമന്ത്രിക്കോ മന്ത്രിസഭയ്ക്കോ യാതൊരു അധികാരവുമില്ലാത്ത ഭരണസാഹചര്യം. സംസ്ഥാനത്തെ ആക്ടിംഗ് ചീഫ് സെക്രട്ടറിയായി മുഖ്യമന്ത്രിക്കു താത്പര്യമില്ലാത്തയാളെ നിയമിച്ചതോടെ സ്ഥിതി ഗുരുതരമായി. മുഖ്യമന്ത്രിയെ കടത്തിവെട്ടി ചീഫ് സെക്രട്ടറിയുടെ ഭരണം. ഇതിനെല്ലാം മറ്റേതോ അധികാരകേന്ദ്രങ്ങളില്‍നിന്നു പിന്തുണ കിട്ടുന്നുണ്െടന്നു വ്യക്തം. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ നിയമനങ്ങള്‍ ലഫ്. ഗവര്‍ണര്‍ റദ്ദാക്കിയതോടെ അധികാരത്തര്‍ക്കം പാരമ്യത്തിലെത്തി.


ഭരണഘടനയുടെ 239-ാം വകുപ്പനുസരിച്ചു മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ അപേക്ഷിച്ചു ഡല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ക്കു ചില വിശേഷാവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വിശേഷാവകാശങ്ങളിലുള്ള അവ്യക്തതയാണ് ചീഫ് സെക്രട്ടറി നിയമനത്തിലെ തര്‍ക്കങ്ങള്‍ക്കൊരു കാരണം. ചീഫ് സെക്രട്ടറിയുടെ നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കു മന്ത്രിസഭയാണു തുടക്കം കുറിക്കേണ്ടതെന്നു മാത്രമാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, ഇത്തരമൊരു നടപടിയിലേക്കു കടക്കാതെ മറ്റു ചില പഴുതുകള്‍ പ്രയോഗിച്ചാണു ലഫ്. ഗവര്‍ണര്‍ ഡല്‍ഹിയില്‍ ആക്ടിംഗ് ചീഫ് സെക്രട്ടറിയെ നിയമിച്ചത്. സര്‍ക്കാരിനു താത്പര്യമില്ലാത്ത, സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത ഒരാള്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ പദവി വഹിച്ചാല്‍ അതു സ്വാഭാവികമായും പ്രശ്നങ്ങള്‍ക്കിടയാക്കും.

ഡല്‍ഹി സംസ്ഥാന ഭരണത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ അരക്ഷിതാവസ്ഥ എത്രയും വേഗം പരിഹരിക്കപ്പെടണം. വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ പാരമ്പര്യത്തിനു ഭൂഷണമല്ല. അയല്‍രാജ്യമായ പാക്കിസ്ഥാനിലും അടുത്തകാലത്തു ചില ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുമൊക്കെ അവിടങ്ങളിലെ ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കി പല അട്ടിമറികളും അധികാരക്കൈമാറ്റങ്ങളും അരങ്ങേറിയിരുന്നു. ഭരണഘടനാപരമായ അവ്യക്തതകള്‍ ഈ രാജ്യങ്ങളില്‍ വരുത്തിവച്ച പ്രതിസന്ധികള്‍ ചില്ലറയല്ല.

ഇന്ത്യയുടെ കരുത്തുറ്റ ജനാധിപത്യത്തെയും ഫെഡറല്‍ വ്യവസ്ഥിതിയെയും അഭിമാനപൂര്‍വം സംരക്ഷിക്കാന്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയകക്ഷികളും ഭരണാധികാരികളും പ്രതിജ്ഞാബദ്ധമാകണം. ഡല്‍ഹിയിലെ ഭരണം ഇതിന്റെയൊരു പ്രതീകംകൂടിയാകണം. ജനവിധിയെ മാനിക്കാന്‍ കേന്ദ്ര സര്‍ക്കാരും രാജ്യതലസ്ഥാനത്തിനു നിലവിലുള്ള പ്രത്യേക പദവിയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാരും തയാറാകണം. ഇത്തരം ഭരണഘടനാ പ്രതിസന്ധികള്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ഒരു കാരണവശാലും ബാധിക്കാതിരിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും ആവിഷ്കരി ക്കേണ്ടിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.