23 സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി
Thursday, May 7, 2015 12:15 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന നൂറോ അതില്‍ കൂടുതലോ കുട്ടികളെ പഠിപ്പിക്കുന്ന സംസ്ഥാനത്തെ 23 സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാനസിക വെല്ലുവിളി നേരിടുന്ന അന്‍പതോ അതിലധികമോ കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തത്ത്വത്തില്‍ ധാരണയായെന്നും പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ നൂറോ അതിലധികമോ കുട്ടികളുള്ള ബഡ്സ് സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കും. (ഓട്ടിസം, സെറിബ്രള്‍ പാള്‍സി, അന്ധത, ബധിരത, സംസാരവൈകല്യം എന്നിവയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സ്കൂളാണു ബഡ് സ്കൂള്‍.)

പുതിയ നിയമം നടപ്പാകുന്നതോടെ ഇവിടങ്ങളില്‍ 18 വയസില്‍ കൂടുതലുള്ള കുട്ടികളെ പഠിപ്പിക്കാന്‍ കഴിയാതെവരും. മുതിര്‍ന്ന കുട്ടികളുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി തയാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു.


സ്പെഷല്‍ സ്കൂളുകളിലെ വിദ്യാര്‍ഥി- അധ്യാപക അനുപാതം മറ്റുള്ള സ്കൂളുകളില്‍നിന്നു വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ സ്കൂളുകളില്‍ ജോലി നോക്കുന്ന അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും സംരക്ഷണം ലഭിക്കാന്‍ നിയമത്തില്‍ പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിശ്ചിത യോഗ്യത ഇല്ലാത്തവര്‍ക്കു നിശ്ചിത യോഗ്യത നേടാന്‍ പ്രത്യേക കാലപരിധി അനുവദിച്ചിട്ടുണ്ട്. സ്പെഷല്‍ സ്കൂളുകളെ കെഇആറില്‍ ഉള്‍പ്പെടുത്തുന്നതും പരിശോധിക്കും.

സംസ്ഥാനത്ത് 278 സ്പെഷല്‍ സ്കൂളുകള്‍ ഉള്ളതില്‍ ഒരെണ്ണം മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. നൂറോ അതില്‍ കൂടുതലോ കുട്ടികളുള്ള 23 സ്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കുന്നത്. നേരത്തെ നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിലും അന്‍പതോ അതില്‍ കൂടുതലോ കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.