സിസ്റര്‍ ഡോ. ക്ളിയോപാട്ര സിഎംസി അന്തരിച്ചു
സിസ്റര്‍ ഡോ. ക്ളിയോപാട്ര  സിഎംസി അന്തരിച്ചു
Thursday, May 7, 2015 12:27 AM IST
ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റുലേറ്ററായിരുന്ന സിസ്റര്‍ ഡോ. ക്ളിയോപാട്ര സിഎംസി (81) അന്തരിച്ചു. എവുപ്രാസ്യമ്മയ്ക്കൊപ്പം ഒരു വര്‍ഷത്തോളം ഒല്ലൂര്‍ മഠത്തില്‍ കഴിഞ്ഞിട്ടുള്ളയാളാണു സിസ്റര്‍ ക്ളിയോപാട്ര.

സംസ്കാരചടങ്ങുകള്‍ നാളെ ഉച്ചകഴിഞ്ഞു 2.30ന് ഒല്ലൂര്‍ വിശുദ്ധ എവുപ്രാസ്യ തീര്‍ഥാടന കേന്ദ്രത്തില്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ തുടങ്ങും. തുടര്‍ന്നു നാലിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷ നടക്കും. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ കമ്മീഷന്‍ സെക്രട്ടറി, കരിസ്മാറ്റിക് നവീകരണത്തിന്റെ കേരള സര്‍വീസ് ടീം സെക്രട്ടറി, സിഎംസി തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച സിസ്റര്‍ ക്ളിയോപാട്ര പ്രശസ്ത വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്നു.

തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ ഇംഗ്ളീഷ് അധ്യാപികയായി സേവനം ആരംഭിച്ചു. വിമല കോളജില്‍ ഇംഗ്ളീഷ് വിഭാഗം മേധാവിയും റിസര്‍ച്ച് ഗൈഡുമായിരുന്നു. കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് മെംബര്‍, ബിരുദ-ബിരുദാനന്തര തലങ്ങളില്‍ ബോര്‍ഡ് ഓഫ് സ്റഡീസ് മെംബര്‍, ന്യൂയോര്‍ക്കിലെ മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്‍ മെംബര്‍, ഹൈദരാബാദിലുള്ള അമേരിക്കന്‍ സ്റഡീസ് റിസര്‍ച്ച് സെന്ററിലെ ലൈഫ് മെംബര്‍, ലണ്ടനിലെ ഇംഗ്ളീഷ് അസോസിയേഷന്‍ മെംബര്‍, സെന്റ് മേരീസ്, വിമല കോളജുകളുടെ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാഗര്‍കോവിലിലുള്ള ഹോളിക്രോസ് കോളജില്‍ ഇംഗ്ളീഷ് വകുപ്പുമേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


തൃശൂര്‍ ചിറയത്ത് കോനിക്കര പണ്ഡിറ്റ് ചാക്കോരു മാസ്ററുടെയും മറിയത്തിന്റെയും മകളായി 1933 ഡിസംബര്‍ മൂന്നിനാണു ജനനം. കൊച്ചുമേരി എന്നായിരുന്നു പേര്. പതിനാറാം വയസില്‍ സിഎംസി സന്യാസിനീസമൂഹത്തില്‍ ചേര്‍ന്നു. 1952 ല്‍ വ്രതം ചെയ്ത് ക്ളിയോപാട്ര എന്ന പേരു സ്വീകരിച്ചു. 1955ല്‍ അമേരിക്കയിലെ നോട്ടര്‍ഡാം യൂണിവേഴ്സിറ്റിയിലെ സെന്റ് മേരീസ് കോളജില്‍നിന്നാണു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. കാലിക്കട്ട് സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി.

1986ല്‍ സിഎംസി തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ ഉടനെ എവുപ്രാസ്യമ്മയുടെ നാമകരണനടപടി ആരംഭിച്ചു. 1992-ല്‍ നാമകരണനടപടികളുടെ വൈസ് പോസ്റുലേറ്ററായി. മൂന്നു മാസമായി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഏതാനും ആഴ്ചകളായി രോഗശയ്യയിലുമായിരുന്നു.

സഹോദരങ്ങള്‍: സിസ്റര്‍ മരിയ അലോക് യുഎംഐ, ഡൊമിനിക് (റിട്ട. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്), ചെറിയാന്‍ (ഡല്‍ഹി), റാഫേല്‍ (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), പരേതരായ ജോസ്, സിസ്റര്‍ ജിയോവാനി ടിഎച്ച്എസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.