മുഖപ്രസംഗം: വഴിമുടക്കുന്ന കൈയേറ്റങ്ങള്‍
Thursday, May 7, 2015 11:01 PM IST
തലസ്ഥാനത്തു നടത്തിയ 'ഓപ്പറേഷന്‍ ഫ്ളഡ്' പദ്ധതി സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങളെയും അതുയര്‍ത്തുന്ന പ്രശ്നങ്ങളെയുംകുറിച്ചു ചിന്തിക്കാന്‍ പശ്ചാത്തലമൊരുക്കുന്നു. ഇക്കഴിഞ്ഞ വേനല്‍മഴയില്‍ തലസ്ഥാനനഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തമ്പാനൂരില്‍ അരയറ്റം വെള്ളത്തില്‍ റോഡിലൂടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ നീന്തിപ്പോകുന്ന കാഴ്ച മാധ്യമങ്ങളില്‍ കണ്ടവര്‍ മൂക്കത്തു വിരല്‍വയ്ക്കാതിരിക്കില്ല. സംസ്ഥാന തലസ്ഥാനത്ത് ഏതാനും മണിക്കൂര്‍ മഴ പെയ്താല്‍ ജനജീവിതം സ്തംഭിക്കുമെന്ന അവസ്ഥ.

മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കു തടസപ്പെടുത്തി ഓടകള്‍ക്കു മുകളിലും പൊതുനിരത്തില്‍പ്പോലും നടത്തിയിട്ടുള്ള കൈയേറ്റങ്ങളാണു ഇത്തരം വെള്ളക്കെട്ടുകള്‍ക്കു പ്രധാനമായും കാരണമാകുന്നത്. ഭരണ സിരാകേന്ദ്രത്തില്‍ അധികാരസ്ഥാനത്തുള്ളവരുടെയെല്ലാം സവിധത്തിലാണ് ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ കാലങ്ങളായി നടന്നുവന്നത്. ഈ കൈയേറ്റങ്ങള്‍ക്കു വിവിധ വകുപ്പുകളുടെയും കോര്‍പറേഷന്റെയുമൊക്കെ മൌനാനുവാദമെങ്കിലും ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ പൊതുസ്ഥലത്ത് ഇത്തരം കാര്യങ്ങള്‍ നടത്താന്‍ ആര്‍ക്കാണു കഴിയുക? ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ചീഫ് സെക്രട്ടറി തന്നെ മുന്‍കൈയെടുത്ത് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രംഗത്തെത്തുകയായിരുന്നു.

തമ്പാനൂര്‍-കിഴക്കേക്കോട്ട ഭാഗത്തു കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ദിവസങ്ങള്‍ നീണ്ടു. എങ്കിലും ഇപ്പോള്‍ നടന്നിരിക്കുന്ന ഒഴിപ്പിക്കലില്‍ പരല്‍മീനുകള്‍ മാത്രമേ പെട്ടിട്ടുള്ളുവെന്നും വന്‍മീനുകള്‍ ഏറെ ബാക്കിയുണ്െടന്നും നാട്ടുകാര്‍ അടക്കംപറയുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തെ മൂന്നാര്‍ ഒഴിപ്പിക്കല്‍പോലെ ഇതും മറ്റൊരു പ്രഹസനമായിത്തീരുമെന്നാണു ചിലരുടെ സംശയം. ഏതായാലും ഒഴിപ്പിക്കലിനെ സാധാരണ ജനങ്ങള്‍ വലിയ ആശ്വാസത്തോടെയാണു കാണുന്നത്. അവരുടെ പ്രതികരണങ്ങളില്‍ അതു പ്രകടവുമാണ്.

വിപുലമായ ഒരുക്കങ്ങളോടെയാണ് ഒഴിപ്പിക്കല്‍സംഘം രംഗത്തെത്തിയത്. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറുമൊക്കെ നേരിട്ടെത്തിയപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആവേശമായി. വ്യക്തമായ കര്‍മപദ്ധതി രൂപവത്കരിച്ചു ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ പരിപാടിയെ എതിര്‍ക്കാന്‍ ആരും അത്രപെട്ടെന്നു തയാറാവില്ല. മുന്നൊരുക്കങ്ങളും നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങളും കാര്യക്ഷമമായി ചെയ്യാതെ ഒഴിപ്പിക്കല്‍ നടത്തുമ്പോഴാണു കോടതി ഇടപെടലും മറ്റു സമ്മര്‍ദങ്ങളുമൊക്കെ ഉണ്ടാവുന്നതും പദ്ധതികള്‍ പലതും പാളുന്നതും.

രാജഭരണകാലത്തുണ്ടാക്കിയ അഴുക്കുചാല്‍ സംവിധാനമാണു തിരുവനന്തപുരത്തു ചിലേടത്ത് ഇപ്പോഴുമുള്ളത്. അതിനു മുകളിലും വലിയ കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഒരു വലിയ തുണിക്കടയുടെ രണ്ടു കൂറ്റന്‍ ജനറേറ്ററുകള്‍ ഒരു ഓടയുടെ മുകളിലാണ് ഏറെക്കാലമായി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത്. കനാലുകള്‍ക്കു മുകളില്‍ സ്ഥാപിച്ചിരുന്ന നിരവധി ശൌചാലയങ്ങള്‍ പൊളിച്ചു. തമ്പാനൂരില്‍ ഒരു സ്വകാര്യ സ്ഥാപനം മൂന്നര സെന്റ് സ്ഥലമാണ് അനധികൃതമായി കൈവശം വച്ചിരുന്നത്. പൊതുസ്ഥലത്ത് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കില്‍ അവയ്ക്ക് അധികൃതരുടെ പിന്തുണ ഉണ്ടായിരുന്നതായി ഊഹിക്കാവുന്നതേയുള്ളൂ.


വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒഴിപ്പിക്കല്‍ നടത്താനായി എന്നതാണു പദ്ധതി വിജയിക്കാന്‍ ഏറെ സഹായകമായത്. മാലിന്യ സംസ്കരണത്തില്‍പ്പോലും പരസ്പരം പോരടിക്കുന്ന രാഷ്ട്രീയക്കാരും കോര്‍പറേഷനുമൊക്കെ ഇക്കാര്യത്തില്‍ സഹകരണം നല്‍കിയതും പ്രയോജനകരമായി. കുറഞ്ഞപക്ഷം ഇടങ്കോലിടാതിരിക്കാനെങ്കിലും അവര്‍ ശ്രദ്ധിച്ചു. വാട്ടര്‍ അഥോറിറ്റി, കോര്‍പറേഷന്‍ അധികൃതര്‍, ഇറിഗേഷന്‍ വിഭാഗം, നഗരവികസന വകുപ്പ് തുടങ്ങി ബന്ധപ്പട്ട എല്ലാ വിഭാഗങ്ങള്‍ക്കും ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് അറിയിപ്പു നല്‍കിയിരുന്നു. മണ്ണുമാന്തികളും മറ്റ് ഉപകരണങ്ങളും നല്‍കി കോര്‍പറേഷനും കൈയേറ്റങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കി. ബന്ധപ്പെട്ട വകുപ്പുകളും പദ്ധതി വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇത്തരം ഒഴിപ്പിക്കലുകള്‍ കോടതി സ്റേയില്‍ കുരുങ്ങി തടസപ്പെടുക പതിവാണ്. ഇത്തവണ അത്തരം തടസമൊന്നും ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. ചില കൈയേറ്റക്കാര്‍ ഒഴിപ്പിക്കലിനെതിരേ ഹൈക്കോടതി ഉത്തരവു സംഘടിപ്പിച്ചെങ്കിലും ദുരന്തനിവാരണ നിയമത്തെ കൂട്ടുപിടിച്ചു ജില്ലാ ഭരണകൂടം മറുമരുന്നു കണ്െടത്തി കാര്യം നടത്തിയെടുത്തു. തലസ്ഥാനത്തെ പല പൊതുസ്ഥലങ്ങളും മാലിന്യനിക്ഷേപകേന്ദ്രങ്ങളോ അല്ലെങ്കില്‍ കൈയേറ്റസ്ഥലങ്ങളോ ആണ്. ഈ കൈയേറ്റങ്ങള്‍ ഓടകളിലൂടെ മലിനജലത്തിന്റെ ഒഴുകിപ്പോക്കു തടസപ്പെടുത്തി. വര്‍ഷകാലത്തു മാത്രമല്ല കനത്ത വേനല്‍മഴയിലും നഗരം വെള്ളത്താല്‍ മൂടുന്നതു പതിവായി. എന്നിട്ടും പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ അധികൃതര്‍ക്കു കഴിഞ്ഞിരുന്നില്ല.

നിയമപോരാട്ടത്തിനുവേണ്ടി പണം മുടക്കാനും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പണമുപയോഗിച്ചു വരുതിയില്‍ നിര്‍ത്താനും ശേഷിയുള്ളവരാവും കൈയേറ്റക്കാര്‍ പലരും. അത്തരക്കാരെ അമര്‍ച്ച ചെയ്യണമെങ്കില്‍ നിശ്ചയദാര്‍ഢ്യമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണാധികാരികളും ഉണ്ടാവണം. വിലകുറഞ്ഞ രാഷ്ട്രീയനേട്ടത്തിനുപ്രാദേശിക രാഷ്ട്രീയ നേതൃത്വം ശ്രമിക്കുകയുമരുത്.

ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയതുപോലെ, സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നും ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ നടപടി ആവശ്യം ഉയരുന്നുണ്ട്. മഴക്കാലം ആരംഭിക്കും മുമ്പ് അതു നടത്തിയെടുത്താല്‍ നന്ന്. ഇപ്പോള്‍ത്തന്നെ വേനല്‍മഴ ഒട്ടുമിക്ക നഗരങ്ങളിലും വെള്ളക്കെട്ടുകളുണ്ടാക്കുന്നു. വെള്ളമൊഴുക്കു തടസപ്പെടുത്തുന്ന അനധികൃത കൈയേറ്റം കാര്യക്ഷമമായി തടഞ്ഞാലേ പ്രശ്നം പരിഹരിക്കപ്പെടൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.