സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ആസ്ഥാന മന്ദിരത്തിനു ശിലയിട്ടു
Wednesday, May 6, 2015 12:06 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ആസ്ഥാന മന്ദിരത്തിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. 16 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്നമന്ദിരത്തില്‍ സംസ്ഥാനത്ത് എവിടെ നടക്കുന്ന ദുരന്തവും അപ്പപ്പോള്‍ അറിയാനും വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഉള്ള അത്യാധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കും.

തിരുവനന്തപുരത്തെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് വളപ്പിലെ 50 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം നിര്‍മിക്കുക. ആര്‍ക്കിടെക്ട് ആര്‍. ശങ്കറിനാണ് നിര്‍മാണ ചുമതല. ഉത്സവകാലത്ത് അപകടങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള കൈപ്പുസ്തകത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു.


കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാറും നിര്‍വഹിച്ചു. ശബരിമലയില്‍ ദുരന്തനിവാരണ അഥോറിറ്റി ഓഫീസ് തുറക്കുന്നതിന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടപ്രകാരം 1000 ചതുരശ്ര അടി സ്ഥലം പമ്പയില്‍ ഏറ്റെടുത്ത് നല്‍കുന്നതിന് ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ അഡ്വ.ചന്ദ്രിക, കൌണ്‍സിലര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.