വസ്തു നികുതി പരിഷ്കരണം: ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു
Wednesday, May 6, 2015 11:57 PM IST
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെയും വസ്തുനികുതി പരിഷ്കരണം ഭേദഗതിചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് രണ്ടായിരം ചതുരശ്ര അടി വരെ തറ വിസ്തീര്‍ണമുള്ളതും വിസ്തീര്‍ണം വര്‍ധിപ്പിച്ചിട്ടില്ലാത്തതുമായ വീടുകള്‍ക്ക് പുതുക്കിയ ചട്ടപ്രകാരമുള്ള നികുതി വര്‍ധന ബാധകമാക്കേണ്ടതില്ല. അവര്‍ക്ക് 2013 ഏപ്രില്‍ ഒന്നിനു മുമ്പ് നിലവിലുണ്ടായിരുന്ന നികുതി തന്നെ ഈടാക്കിയാല്‍ മതിയാകും. വിസ്തീര്‍ണം വര്‍ധിപ്പിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് വര്‍ധനയ്ക്ക് ആനുപാതികമായി നിലവിലുള്ള ചതുരശ്ര അടി നിരക്കനുസരിച്ച് നികുതി വര്‍ധിപ്പിക്കണം.

വിസ്തീര്‍ണം രണ്ടായിരം ചതുരശ്ര അടി അധികരിക്കുന്ന കെട്ടിടങ്ങള്‍ക്ക് 2013 ഏപ്രില്‍ ഒന്നുമുതല്‍ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി നിശ്ചയിക്കുമ്പോള്‍ അപ്രകാരമുള്ള വീടുകള്‍ക്ക് നികുതി വര്‍ധന ഉണ്ടാകുന്നുണ്െടങ്കില്‍ ആയത് നിലവിലുള്ള നികുതിയുടെ 25 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാത്തതാണ്. നികുതി നിര്‍ണയിച്ചശേഷം പുതിയതായി കെട്ടിടം നിര്‍മിച്ചിട്ടുണ്െടങ്കില്‍ അതിന് ആനുപാതികമായ വര്‍ധനവ് വരുത്തേണ്ടതാണ്.


ഏറ്റവും ഒടുവില്‍ നടത്തിയ വാര്‍ഷിക വസ്തു നികുതി നിര്‍ണയത്തിനോ, പുനര്‍ നിര്‍ണയത്തിനോ ശേഷം കെട്ടടിത്തിനു വിസ്തൃതി വര്‍ധിപ്പിച്ചിട്ടില്ലെങ്കില്‍ ആ കെട്ടിടങ്ങളെ വസ്തുനികുതി വര്‍ധനവില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അവരില്‍ നിന്ന് ഇതിനകം ഈടാക്കിയിട്ടുള്ള തുകകള്‍ ഭാവി വരവുകളിലേക്ക് അഡ്ജസ്റ് ചെയ്യേണ്ടതാണ്.

തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ, വ്യവസായ കെട്ടിടങ്ങളുടെ വാര്‍ഷിക വസ്തുനികുതി ആദ്യമായി നിശ്ചയിക്കുമ്പോള്‍ വാര്‍ഷികവസ്തു നികുതിയില്‍ വര്‍ധന ഉണ്ടാകുന്നുവെങ്കില്‍ അപ്രകാരമുള്ള വര്‍ധനവ് നൂറു ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. പുതിയ നിര്‍മാണം ഉണ്െടങ്കില്‍ ആനുപാതിക വര്‍ധന അധികമായി ചുമത്തണം.

അറുനൂറ്റിഅറുപത് ചതുരശ്ര അടി വരെ വസ്തീര്‍ണമുള്ള എല്ലാ വാസഗൃഹ കെട്ടിടങ്ങളെയും നികുതിയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം (2015-16) മുതല്‍ ഒഴിവാക്കും. ഈ നിര്‍ദേശങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. ഈ ഉത്തരവിനനുസരണമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.