കോടതിയില്‍ നിന്ന് അമ്മ മക്കളുമായി മുങ്ങി
Wednesday, May 6, 2015 11:49 PM IST
കട്ടപ്പന: വിവാഹബന്ധം വേര്‍പെടുത്താനും മക്കളെ വിട്ടുകിട്ടാനും കുടുംബകോടതിയില്‍ കേസു നടക്കുന്നതിനിടെ മക്കളുമായി മാതാവ് മുങ്ങി.

മക്കള്‍ക്കു ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചതനുസരിച്ചു മക്കളുമായി പോയ മാതാവ് തിരിച്ചെത്തിയില്ല. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കട്ടപ്പന പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇസ്രായേലില്‍ ജോലിക്കാരിയായ മാതാവിന്റെ പാസ്പോര്‍ട്ടും മരവിപ്പിക്കാന്‍ കുടുംബക്കോടതി ഉത്തരവിട്ടു.

കട്ടപ്പന കുടുംബക്കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഒരു വര്‍ഷമായി കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ 12 വയസുള്ള പെണ്‍കുട്ടിയും എട്ടുവയസുള്ള ആണ്‍കുട്ടിയും ഇവരുടെ ഇഷ്ടപ്രകാരം പിതാവിന്റെ സഹോദരിയോടൊപ്പം റാന്നിയില്‍ താമസിക്കുകയായിരുന്നു. മാതാവിനോടൊപ്പം പോകാന്‍ കുട്ടികള്‍ തയാറാകാതെവന്നതോടെ കോടതിയുടെ സംരക്ഷണയിലായിരുന്നു കുട്ടികള്‍.

കേസിന്റെ അവധിദിവസമായ തിങ്കളാഴ്ച കുട്ടികളെ കോടതിയിലെത്തിച്ചപ്പോഴാണു കുട്ടികളുമായി മാതാവ് മുങ്ങിയത്. സ്കൂള്‍ തുറക്കുന്നതിനു മുമ്പോ ഇസ്രായേലില്‍ ജോലിയുള്ള മാതാവ് ജോലിക്കു പോകുന്നതിനു മുമ്പോ ഏതാണോ ആദ്യം അന്നുവരെ മാതാവിനോടൊപ്പം കുട്ടികളെ അയയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

കുട്ടികള്‍ ഇതിനു തയാറാകാതെവന്നതോടെ കോടതി നേരിട്ട് ഇടപെട്ട് കുട്ടികളെ മാതാവുമായി അടുപ്പിക്കാന്‍ ശ്രമം നടത്തി. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കു ഭക്ഷണം വാങ്ങിക്കൊടുത്ത് രണ്ടുമണിക്കൂറിനകം തിരികെ കോടതിയില്‍ എത്തണമെന്ന വ്യവസ്ഥയില്‍ കുട്ടികളെ മാതാവിനോടൊപ്പം പറഞ്ഞയച്ചു. കുട്ടികളുമായി കോടതിയില്‍നിന്നും ഇറങ്ങിയ മാതാവും കുട്ടികളും തിരിച്ചെത്തിയില്ല.


ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികളും മാതാവും കോടതിയില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് കോടതി സേര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുകയും പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്നലെ രാത്രിവരെ കുട്ടികളെയും മാതാവിനെയും കണ്െടത്താനായിട്ടില്ല.

അഞ്ചുവര്‍ഷമായി ഇസ്രായേലില്‍ ജോലിചെയ്യുന്ന എഴുകുംവയല്‍ സ്വദേശി ഏലിയാമ്മയാണ് കുട്ടികളുമായി കോടതിയില്‍നിന്നും മുങ്ങിയത്. ഉപ്പുതറ മത്തായിപ്പാറ സ്വദേശി രാജുവാണ് ഇവരുടെ ഭര്‍ത്താവ്. കോടതിയെ കബളിപ്പിച്ച് കുട്ടികളുമായി മുങ്ങിയതോടെ വിഷയം ഏറെ ഗൌരവമുള്ളതായിരിക്കുകയാണ്. കോടതിയും അഭിഭാഷകരും ഏറെ ശ്രമിച്ചിട്ടും മാതാവിനോടൊപ്പം കുറച്ചുദിവസംപോലും താമസിക്കാന്‍ തയാറാകാത്ത കുട്ടികളുമായാണു മാതാവ് മുങ്ങിയതെന്നതും ശ്രദ്ധേയമാണ്. കുട്ടികളുമായി മുങ്ങാന്‍ സഹായിച്ചവര്‍ക്കെതിരേയും കോടതി നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.