മുഖപ്രസംഗം: ഉയര്‍ന്ന മാര്‍ക്ക് നാണക്കേടിന്
Wednesday, May 6, 2015 11:09 PM IST
സ്വന്തം നേട്ടത്തിനുവേണ്ടി ഏതു വളഞ്ഞ വഴിയും ക്രൂരതയുമാകാം എന്നൊരു ചിന്ത നമ്മുടെ സമൂഹത്തിലെ ധാരാളം പേരുടെ മനസില്‍ വേരാഴ്ത്തിയിട്ടുണ്െടന്നു സംശയിക്കേണ്ടിയിരിക്കുന്നു. അപമാനകരമായ മാര്‍ഗങ്ങളിലൂടെയും പണവും പദവിയും സമ്പാദിക്കാമെന്നും പണത്തിന്റെയും പദവിയുടെയും തിളക്കത്തിലൂടെത്തന്നെ അപമാനം ഇല്ലാതാക്കാമെന്നും കരുതുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നു.

നേതാക്കള്‍ക്കു സത്യസന്ധതയും പൊതുസമൂഹത്തോടു പ്രതിബദ്ധതയും ഉണ്ടായിരുന്ന സ്വാതന്ത്യ്രസമര കാലഘട്ടത്തില്‍നിന്നു രാജ്യം ഏറെ മാറി. ജനങ്ങളെ സേവിക്കുന്നതാണു രാഷ്ട്രീയ പ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ ഇന്നത്തെ സമൂഹം ചിരിക്കും(നേതാക്കളും ഉള്ളില്‍ ചിരിക്കും). സ്വന്തം ലാഭം മാത്രം ചിന്തിക്കുന്നവരാണു രാഷ്ട്രീയനേതാക്കള്‍ എന്ന ധാരണ തിരുത്താന്‍ ആരെയും കാണുന്നില്ല. ഉദ്യോഗസ്ഥ മേഖലയിലും സത്യസന്ധരും ജനങ്ങളോടു പ്രതിബദ്ധതയുള്ളവരും ചുരുങ്ങിവരുന്നു.

വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പേരില്‍ മേനി പറഞ്ഞു നടന്നിരുന്ന മലയാളിക്ക് ഇന്ന് അക്കാര്യങ്ങളിലും വലിയ അഭിമാനത്തിനൊന്നും വകയില്ലാതായി. ഉന്നത വിദ്യാഭ്യാസരംഗത്തു കേരളം ഏറെ പിന്നോക്കം പോയിരിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് ഒരുകാലത്തു ലോകത്തിനുതന്നെ മാതൃകയായിരുന്ന സംസ്ഥാനം ഇന്ന് ഓള്‍പ്രമോഷനും മോഡറേഷനും ഒക്കെയായി നിലവാരം തകര്‍ന്ന ഒന്നായിരിക്കുന്നു. പത്താം ക്ളാസ് പരീക്ഷയ്ക്കു നൂറു ശതമാനം വിജയം നേടാത്ത സ്കൂളുകള്‍ ഇത്തവണ തുലോം കുറവായിരുന്നു. അധികം താമസിയാതെ, നൂറു ശതമാനം വിജയമെന്ന റിക്കാര്‍ഡും നാം നേടിയേക്കാം, ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയില്‍ നൂറു ശതമാനം വിജയം. ഇത്തരം വിജയങ്ങള്‍ യഥാര്‍ഥത്തില്‍ സംസ്ഥാനത്തിനോ വിദ്യാര്‍ഥികള്‍ക്കോ എന്തെങ്കിലും നേട്ടം ഉണ്ടാക്കുന്നുണ്േടാ? അതോ കോട്ടമാണോ ഉണ്ടാക്കുന്നത്?

സാര്‍വത്രിക വിദ്യാഭ്യാസം സര്‍ക്കാര്‍ നയമായി മാറിയപ്പോള്‍ അതിലൂടെ അക്ഷരാഭ്യാസം മാത്രമല്ല, അറിവുമുള്ള ഒരു സമൂഹമായിത്തീരേണ്ടതായിരുന്നു കേരളം. സ്കൂളില്‍ വന്നുപോകുന്നവര്‍ക്കെല്ലാം വിജയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസ നിലവാരം ഉയരില്ല. പണം കൊടുത്താല്‍ ഗവേഷണബിരുദംവരെ ലഭ്യമാകുന്ന രാജ്യത്ത് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള വില നമുക്കറിയാവുന്നതാണ്. ഇവിടെ ദുരിതത്തിലാവുന്നതു നന്നായി പഠിച്ച് യഥാര്‍ഥ വിജയം കൈവരിക്കുന്നവരാണ്. പഠിച്ചാലും ജയിക്കും, പഠിച്ചില്ലെങ്കിലും ജയിക്കും എന്ന അവസ്ഥ പഠിത്തത്തെ അപഹാസ്യമാക്കുന്നു.

വിജ്ഞാനത്തിന്റെ അതിരുകള്‍ ഏറെ വിസ്തൃതമായിരിക്കുന്നു. നവമാധ്യമങ്ങളും സാങ്കേതിക വിദ്യകളും വിദ്യാഭ്യാസത്തില്‍ വലിയ പങ്കു വഹിക്കുന്ന കാലമാണിത്. അവയെ ഫലപ്രദമായും ക്രിയാത്മകമായും ഉപയോഗിക്കാന്‍ നമുക്കു കഴിയണം. ഒപ്പം, വിദ്യാര്‍ഥികളില്‍ മൂല്യബോധം ഉയര്‍ത്താനുള്ള ശ്രമങ്ങളും ഉണ്ടാവണം.


വിദ്യാഭ്യാസ തട്ടിപ്പുകള്‍ പരക്കെ ഉണ്െടങ്കിലും കുറേക്കാലം മുമ്പുവരെ കേരളത്തില്‍ കുറവായിരുന്നു. ഇപ്പോള്‍ തട്ടിപ്പുകള്‍ക്കുള്ള സൌകര്യം ഇവിടെ സര്‍വകലാശാലകള്‍തന്നെ ചെയ്തുകൊടുക്കുന്നുണ്േടാ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനപ്പുറം മാര്‍ക്ക് തട്ടിപ്പുകേസ് കേരള സര്‍വകലാശാലയെ പിടിച്ചുകുലുക്കിയെങ്കില്‍ ഇന്ന് അങ്ങനെയുള്ളതൊന്നും സര്‍വകലാശാലകള്‍ക്ക് ഒരു കുലുക്കവുമുണ്ടാക്കില്ല. തട്ടിപ്പുകളുടെ തലസ്ഥാനമെന്ന നിലയിലേക്കു കേരളം വളരുമ്പോള്‍ വിദ്യാഭ്യാസരംഗത്തു മാത്രമെങ്ങനെ തട്ടിപ്പില്ലാതാകാന്‍?

നിയമത്തില്‍ ബിരുദാനന്തര ബിരുദ പരീക്ഷയെഴുതിയ ഐപിഎസുകാരനായ പോലീസ് ഓഫീസര്‍ കോപ്പിയടിക്കേസില്‍ പിടികൂടപ്പെട്ട സംഭവം നാടിന്റെ നാണക്കേടുകളുടെ പട്ടികയിലെ നക്ഷത്രചിഹ്നമുള്ള അപമാനമായി. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം ഇനിയും തെളിയിക്കപ്പടേണ്ടതുണ്െടങ്കിലും സര്‍വകലാശാലാധികൃതര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുറ്റം നടന്നുവെന്ന സൂചന നല്‍കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നിയമം പഠിക്കുന്നതും അതില്‍ ബിരുദാനന്തര ബിരുദം എടുക്കുന്നതും നല്ലകാര്യം. നിയമപരമായ കൂടുതല്‍ അറിവുകള്‍ ഒരു നിയമപാലകനു തന്റെ ജോലി കൂടുതല്‍ കൃത്യതയോടെയും കാര്യക്ഷമതയോടെയും ചെയ്യുന്നതിനു സഹായകമാകും. നമ്മുടെ പോലീസ് സേനയില്‍ ഉന്നത ബിരുദമുള്ള സാധാരണ പോലീസുകാര്‍തന്നെ നിരവധിയുണ്ട്. ആ നിലവാരം സേനയില്‍ പ്രതിഫലിക്കേണ്ടതാണ്. എന്നാല്‍, പോലീസുകാരുടെ പെരുമാറ്റത്തിലും നടപടികളിലും നിലവാരം ഉയര്‍ന്നിട്ടുണ്േടായെന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.

വിദ്യാഭ്യാസം ബിരുദസമ്പാദനത്തിനുവേണ്ടി മാത്രമുള്ളതായി മാറിയതാണു കേരളത്തിലെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കോളജ് അധ്യാപകര്‍ക്കു യുജിസി സ്കെയില്‍ കിട്ടണമെങ്കില്‍ ഗവേഷണബിരുദം വേണമെന്നു നിര്‍ബന്ധമായി. അതനുസരിച്ചു നടന്ന ഗവേഷണങ്ങള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തിന് എന്തു നേട്ടമുണ്ടാക്കി? ഗവേഷണ പ്രബന്ധങ്ങള്‍ കര്‍ശന വിശകലനത്തിനു വിധേയമാക്കേണ്ടതുണ്െടന്ന് ഈയിടെ ഗവര്‍ണറും പറയുകയുണ്ടായി.

പഠനം മോശമായതുകൊണ്ടു പരീക്ഷ പാസാകാന്‍ പലരും കുറുക്കുവഴി തേടുന്നു. ഏറ്റവും എളുപ്പമായ മാര്‍ഗമാണു കോപ്പിയടി. നാലുനിലക്കെട്ടിടത്തിന്റെ മുകളിലെ ജനലിലൂടെ വരെ പരീക്ഷയെഴുതുന്നവര്‍ക്കു കോപ്പി എത്തിക്കുന്ന രീതി ബിഹാറിലും മറ്റുമുണ്ട്. ഇതൊക്കെ ഇന്ത്യയില്‍ പതിവാണെന്നു ലോകം പരിഹസിക്കുന്നുണ്ടാവും. ഉന്നതപദവികളില്‍ ഇരിക്കുന്നവര്‍പോലും കോപ്പിയടിപോലുള്ള നാലാംതരം മാര്‍ഗങ്ങളിലൂടെ ബിരുദങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതു കേരളത്തിലാണെന്നു വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസം. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസമൂഹത്തോടു സത്യസന്ധതയെയും നീതിയെയും സന്മാര്‍ഗത്തെയുംകുറിച്ചു നമുക്ക് എങ്ങനെ ഉപദേശിക്കാനാകും?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.