കൈവെട്ടുകേസ്: ശിക്ഷ ഇന്നു വിധിക്കും
Tuesday, May 5, 2015 10:55 PM IST
കൊച്ചി: ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യക്കടലാസിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മതതീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ഇന്നു ശിക്ഷ വിധിക്കും. 13 പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി വ്യാഴാഴ്ച കണ്െടത്തിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാവും പ്രത്യേക കോടതി ജഡ്ജി പി. ശശിധരന്‍ ശിക്ഷ വിധിക്കുക.

നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള നിയമത്തിലെ (യുഎപിഎ) വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന നിയമവിരുദ്ധ മായ സംഘംചേരല്‍, വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ 10 പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുണ്ട്. 31 പ്രതികളെ വിചാരണ ചെയ്തതില്‍ 18 പേരെ തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയച്ചു.

മൂവാറ്റുപുഴയില്‍ 2010 ജൂലൈ നാലിനു ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു കാറില്‍ ഭാര്യക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണു വാനിലെത്തിയ ഏഴംഗ സംഘം ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ആക്രമണത്തിനു നേതൃത്വം കൊടുത്ത ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികളെ പിടികൂടിയിട്ടില്ല.


ശ്രീമൂലനഗരം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍ (44), കോതമംഗലം വെണ്ടുവഴി താണിമോളേല്‍ വീട്ടില്‍ കെ.എം. മുഹമ്മദ് ഷോബിന്‍ (28), അറക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടില്‍ ഷംസുദീന്‍ (ഷംസു- 37), കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷാനവാസ് (32), വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ. പരീത് (36), കുട്ടമംഗലം നെല്ലിമറ്റം വെള്ളിലാവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (34), ഇരമല്ലൂര്‍ പൂവത്തൂര്‍ ഭാഗത്ത് പരുത്തിക്കാട്ടുകുടി വീട്ടില്‍ ജാഫര്‍ (33), ഇരമല്ലൂര്‍ ചെറുവട്ടൂര്‍ കുരുമ്പാനംപാറ കുഴിതോട്ടില്‍ വീട്ടില്‍ കെ.കെ. അലി (34), കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (44), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യുരുകുടി വീട്ടില്‍ ഷെജീര്‍ (32), ആലുവ കുഞ്ഞുണ്ണിക്കര കാപ്പൂരില്‍ കെ.ഇ. കാസിം (47), മുപ്പത്തടം ഏലൂക്കര തച്ചുവല്ലത്ത് ടി.എച്ച്. അന്‍വര്‍ സാദിഖ് (35), നെട്ടൂര്‍ മദ്രസപ്പറമ്പില്‍ റിയാസ് (33) എന്നിവരെയാണു കോടതി കുറ്റക്കാരായി കണ്െടത്തിയത്. ഇതില്‍ റിയാസ്, അന്‍വര്‍ സാദിഖ്, അബ്ദുല്‍ ലത്തീഫ് എന്നീ പ്രതികള്‍ക്കെതിരേ ഗൌരവം കുറഞ്ഞ കുറ്റമാണു തെളിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.