യുദ്ധബാധിതരായ നഴ്സുമാരുടെ സംഗമം എറണാകുളത്ത്
Tuesday, May 5, 2015 11:38 PM IST
കോഴിക്കോട്: യുദ്ധബാധിത പ്രദേശങ്ങളായ ഇറാക്ക്, ലിബിയ, യമന്‍ എന്നിവിടങ്ങളില്‍നിന്നു തിരിച്ചെത്തിയ നഴ്സുമാരുടെ സംസ്ഥാന സംഗമം ഈ മാസം 10ന് എറണാകുളത്ത്. അന്താരാഷ്ട്ര നഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണു സംഗമം സംഘടിപ്പിക്കുക. പതിവായി ദിനാചരണത്തിനു നടത്താറുള്ള ആഘോഷങ്ങള്‍ റദ്ദാക്കിയാണ് ഇത്തവണ ഇത്തരത്തില്‍ ഒരു സംഗമം നടത്തുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മറ്റു ജോലികള്‍ ലഭിക്കാത്തതു മൂലമുള്ള പ്രശ്നങ്ങള്‍, രേഖകള്‍ തിരിച്ചുകിട്ടാത്തതു മൂലമുള്ള ബുദ്ധിമുട്ടുകള്‍, വിദേശജോലിയുടെ പരിചയ സര്‍ട്ടിഫിക്കറ്റും അവസാന മാസത്തെ ശമ്പളവും ലഭിക്കാത്തതു മൂലമുള്ള പ്രയാസങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ തിരിച്ചെത്തിയ നഴ്സുമാര്‍ അഭിമുഖീകരിക്കുന്നതായി വ്യാപക പരാതി ലഭിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണു സംഗമം. വിവരങ്ങള്‍ ശേഖരിച്ച ശേഷം അസോസിയേഷന്‍ നേരിട്ടും ഏജന്‍സികള്‍ വഴിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഴിയും പ്രശ്ന പരിഹാരത്തിനു നടപടികളെടുക്കാനാണ് ഉദ്ദേശിക്കുന്നത്.


എറണാകുളം കച്ചേരിപ്പടിയിലെ ആശിര്‍ഭവനിലാണു സംഗമം നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9495837181, 9539723024 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. അസോസിയേഷന്‍ പ്രസിഡന്റ് ഡോ.റോയ് കെ. ജോര്‍ജ്, പ്രഫ. പി.സി. സുനിത, പി. അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.