ആസ്റര്‍ മെഡ്സിറ്റി നാളെ സമര്‍പ്പിക്കും
Tuesday, May 5, 2015 11:35 PM IST
കൊച്ചി: ആസ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കൊച്ചിയിലെ ആസ്റര്‍ മെഡ്സിറ്റി നാളെ സമര്‍പ്പിക്കും.

നാളെ വൈകുന്നേരം നാലിനു മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ആസ്റര്‍ മെഡ്സിറ്റിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ആസ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ആസ്റര്‍ മെഡ്സിറ്റി കുടുംബാംഗങ്ങള്‍ അവയവദാന പ്രതിജ്ഞയെടുക്കും. ആയിരത്തോളം ആസ്റര്‍ കുടുംബാംഗങ്ങളാണു പ്രതിജ്ഞ ചൊല്ലുക.

കേരള സര്‍ക്കാരിന്റെ കേരള നെറ്റ്വര്‍ക്ക് ഫൊര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ രജിസ്റര്‍ ചെയ്യാന്‍ ഇതു കൂടുതല്‍ പേര്‍ക്കു പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ.ആസാദ് മൂപ്പന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജീവിത സാഹചര്യങ്ങളാല്‍ പിന്നോക്കം പോയവര്‍ക്കും മികച്ച ചികിത്സാസൌകര്യങ്ങള്‍ വേണമെന്നതാണ് ആസ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കാഴ്ചപ്പാട്. ചേരാനല്ലൂര്‍ വില്ലേജിലെ 2,500 ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൌജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുന്നത് ഈ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയും എട്ടു വ്യത്യസ്ത മികവിന്റെ കേന്ദ്രങ്ങളും ചേര്‍ന്നതാണു സമ്പൂര്‍ണ മെഡിക്കല്‍ ടൌണ്‍ഷിപ് വിഭാവനം ചെയ്യുന്ന ആസ്റര്‍ മെഡ്സിറ്റിയുടെ ആദ്യഘട്ടം.

കാര്‍ഡിയോ സയന്‍സസ്, ന്യൂറോ സയന്‍സസ്, നെഫ്രോളജി ആന്‍ഡ് യൂറോളജി എന്നിങ്ങനെ മൂന്ന് പ്രധാന സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഓങ്കോളജി, ഓര്‍ത്തോപീഡിക്സ് ആന്‍ഡ് റൂമറ്റോളജി, ഗാസ്ട്രൊഎന്ററോളജി ആന്‍ഡ് ഹെപറ്റോളജി, വിമന്‍സ് ഹെല്‍ത്ത്, ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് എന്നിവയാണ് ആസ്ററിലെ മറ്റു മികവിന്റെ കേന്ദ്രങ്ങള്‍. ഉദ്ഘാടന ചടങ്ങില്‍ ദുബായ് ഹെല്‍ത്ത് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹാജി ഈസ മൈദൂര്‍, മാലദ്വീപ് ആരോഗ്യമന്ത്രി ഹുസൈന്‍ റഷീദ്, മാലദ്വീപ് ആരോഗ്യ ഉപമന്ത്രി മൊഹമ്മദ് മാഹീര്‍, ശ്രീലങ്കന്‍ ആരോഗ്യമന്ത്രി നമ്പുകാരഹോല്‍മബാഗെ രജിത ഹരിച്ചന്ദ്ര, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. കാദിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


അനൌപചാരിക നിലയില്‍ ഒന്‍പതു മാസം മുന്‍പ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ആധുനിക ചികിത്സാരീതികളുമായാണ് ആസ്റര്‍ ജനങ്ങളിലേക്കെത്തുന്നതെന്നു സിഇഒ ഡോ.ഹരീഷ് പിള്ള പറഞ്ഞു. ബ്യൂറോ വെറിറ്റാസ് ഇന്ത്യയില്‍നിന്നു ഗ്രീന്‍ ഓപ്പറേഷന്‍ തിയറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ആശുപത്രിയാണ് ആസ്റര്‍ മെഡ്സിറ്റി. ഏഴു മാസത്തിനുള്ളില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ അംഗീകാരവും ആശുപത്രി സ്വന്തമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ചേരാനല്ലൂരില്‍ 40 ഏക്കര്‍ സ്ഥലത്താണ് ആസ്റര്‍ മെഡ്സിറ്റി പ്രവര്‍ത്തിക്കുന്നത്. മെഡ്സിറ്റിയുടെ ഒന്നാം ഘട്ടത്തില്‍ 670 കിടക്കകളാണുള്ളത്.

ഇതിനായി 550 കോടി രൂപ ചെലവാക്കി. രണ്ടാം ഘട്ടം മൂന്നു വര്‍ഷം കഴിഞ്ഞാണു നടപ്പാക്കേണ്ടതെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അതിനു മുന്‍പുതന്നെ വേണ്ടിവരുമെന്നു ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. ഇക്കാലയളവില്‍ തന്നെ 60,000 പേരെ ഇവിടെ ചികിത്സിച്ചു. ഇതില്‍ 85 ശതമാനം പേരും കേരളീയരാണ്;

ശേഷിക്കുന്നവര്‍ വിദേശത്തുനിന്നും മറ്റും എത്തിയവരും. ആധുനിക ചികിത്സയുടെ ഹബ്ബായി കേരളത്തെ വളര്‍ത്തിയെടുക്കുകയാണു ലക്ഷ്യം. ആയുര്‍വേദം പോലുള്ള പരമ്പരാഗത ചികിത്സാധാരകള്‍ക്കും ഇവിടെ ഇടം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.