സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും നാളെയും
Tuesday, May 5, 2015 11:35 PM IST
തിരുവനന്തപുരം: പുതുതായി രൂപീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സംഘടനാ ചുമതലയടക്കം നിശ്ചയിക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും നാളെയുമായി ചേരും.

ഡിവൈഎഫ്ഐയുടെ സംഘടനാ ചുമതല വഹിച്ചിരുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചുമതല ഒഴിയും. പകരം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനു ചുമതല നല്‍കിയേക്കും. സര്‍വീസ് സംഘടനാ ഫ്രാക്ഷനുകളുടെ ചുമതല പുതുതായി സെക്രട്ടേറിയറ്റിലെത്തിയ കെ.ജെ. തോമസിനു നല്‍കുന്നതിനാണു സാധ്യത. പി. കരുണാകരനു പാര്‍ലമെന്ററി രംഗത്തെ ചുമതല നല്‍കും. കുടുംബശ്രീ, ജനകീയാസൂത്രണം എന്നീ മേഖലകളിലെ ചുമതല ഡോ. ടി.എം. തോമസ് ഐസക്കിനും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും വനിതാ സംഘടനകളുടെയും ചുമതല പി.കെ. ശ്രീമതിക്കുമായിരിക്കും. പട്ടികജാതി- വര്‍ഗ ക്ഷേമ സമിതികളുടെ ചുമതല എ.കെ. ബാലനായിരിക്കും.


ബാലസംഘം, കെഎസ്കെടിയു എന്നീ വര്‍ഗ ബഹുജന സംഘടനകളുടെ ചുമതല എം.വി. ഗോവിന്ദനില്‍ നിന്നു മാറ്റാനിടയില്ല. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല വി.വി. ദക്ഷിണാമൂര്‍ത്തി തന്നെ വഹിക്കുന്നതിനാണു സാധ്യത. സിഐടിയുവിന്റെ ചുമതല എളമരം കരീമിനായിരിക്കും. പാര്‍ട്ടി സെന്ററിന്റെയും സാംസ്കാരിക സംഘടനകളുടെയും ചുമതല ബേബി ജോണിനു തന്നെയായിരിക്കും. ട്രേഡ് യൂണിനുകളുടെയും പാര്‍ട്ടി സെന്ററിന്റെയും ചുമതല ആനത്തലവട്ടം ആനന്ദനും ഉണ്ടായിരിക്കും. തോട്ടം മേഖലയുടെ ചുമതല പുതുതായി സെക്രട്ടേറിയറ്റിലെത്തിയ എം.എം. മണിക്കായിരിക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പും ബാര്‍ കോഴയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.