ട്രോളിംഗ് തീരുമാനം മത്സ്യത്തൊഴിലാളികള്‍ക്കു മരണ വാറന്റ്: എസ്. ശര്‍മ
ട്രോളിംഗ് തീരുമാനം മത്സ്യത്തൊഴിലാളികള്‍ക്കു മരണ വാറന്റ്: എസ്. ശര്‍മ
Tuesday, May 5, 2015 10:59 PM IST
കൊച്ചി: സമ്പൂര്‍ണ ട്രോളിംഗ് നിരോധനം 61 ദിവസമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മത്സ്യത്തൊഴിലാളികള്‍ക്കു മരണ വാറന്റ് ആണെന്നു തീരദേശ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. ശര്‍മ എംഎല്‍എ. ഇതു പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഭരണഘടനാപരമായി ഫിഷറീസ് സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാനത്തിന്റെ അവകാശത്തിനു മേല്‍ കൈയേറ്റം നടത്തുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) കടല്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയാണ്. നിയമപരമായ നമ്മുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം അടിയന്തരമായി ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ആവും വിധം പോരാടണം.


കടലോരനിവാസികളെ ആകമാനം പട്ടിണിയിലാക്കുന്ന തീരുമാനം ധനമൂലധന ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്. റിപ്പോര്‍ട്ട് നല്‍കിയ സെയ്താ റാവു കമ്മീഷന്‍ തന്നെ പ്രായോഗിക വശങ്ങളില്‍ വീഴ്ച വന്നു എന്നു സമ്മതിച്ച സ്ഥിതിക്കു കേന്ദ്രവും റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം.

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന എ.പി. വര്‍ക്കി സ്മാരക ആശുപത്രിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു പാര്‍ട്ടി തീരുമാനം അനുസരിച്ചാണെന്നു ശര്‍മ പറഞ്ഞു. വാര്‍ത്തകളില്‍ കാണുന്നതുപോലെ ഇതു വിഭാഗീയതയല്ല.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ കരിവാരിത്തേക്കാന്‍ അപവാദപ്രചാരണങ്ങളാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.