നഴ്സ് റിക്രൂട്ട്മെന്റ്: സ്വകാര്യ ഏജന്‍സികള്‍ക്കു പണം നല്‍കിയവര്‍ വെട്ടിലായി
Tuesday, May 5, 2015 10:58 PM IST
കൊച്ചി: നഴ്സ് റിക്രൂട്ട്മെന്റിനായി സ്വകാര്യ ഏജന്‍സികള്‍ക്കു പണം നല്‍കി ഇന്റര്‍വ്യൂവും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നടപടികള്‍ക്കു അധികസമയം അനുവദിച്ചില്ലെങ്കില്‍ വിദേശ ജോലി എന്ന സ്വപ്നവും സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കിയ പണവും നഷ്ടമാകുമെന്ന ആശങ്കയിലാണു ഉദ്യോഗാര്‍ഥികള്‍.

നഴ്സ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം എന്ന വ്യവസ്ഥ മേയ് ഒന്നു മുതല്‍ നടപ്പാക്കിയതോടെയാണ് സ്വകാര്യ ഏജന്‍സികള്‍ വഴി വിദേശത്തേക്കു പോകാന്‍ നടപടി പൂര്‍ത്തിയാക്കിയവര്‍ പ്രതിസന്ധിയിലായത്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ഏതാനും വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കു പോകാന്‍ ശ്രമിച്ച നഴ്സിംഗ് ഉദ്യോഗാര്‍ഥികളെ മടക്കിയയച്ചു. പണം നല്‍കിയവരെല്ലാം ആശയക്കുഴപ്പത്തിലായി.

നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡവലപ്മെന്റ് ആന്‍ഡ് എംപ്ളോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് (ഒഡെപെക്) എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണു മേയ് ഒന്നു മുതല്‍ വിദേശത്തു നഴ്സിംഗ് ജോലികളിലേക്കു റിക്രൂട്ട്മെന്റ് നടക്കുന്നത്. നഴ്സുമാരെ ആവശ്യമുള്ള വിദേശത്തെ സ്ഥാപനങ്ങള്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം വഴി ഈ ഏജന്‍സികളുമായി ബന്ധപ്പെടും. മന്ത്രാലയത്തിന്റെ ഇ-മൈഗ്രന്റ് സംവിധാനത്തിന്റെ സഹായത്തോടെയാകും ഇത്. തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ വഴിയും റിക്രൂട്ട്മെന്റ് നടക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 12നു പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള അപേക്ഷകള്‍ക്കാകും എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ആണ് എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കുന്നത്. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്നു കമ്മീഷനായി അമിത തുക വാങ്ങുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പണം നല്‍കിയിട്ടുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ നല്‍കിയിട്ടുള്ള പണം തിരിച്ചു ലഭിക്കുമോ എന്ന ആശങ്ക യിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.