മുഖപ്രസംഗം: മത്സ്യബന്ധനമേഖല നാട്ടുകാര്‍ക്ക് അന്യമാകരുത്
Tuesday, May 5, 2015 10:55 PM IST
തീരദേശവാസികളുടെ ജീവനോപാധിക്കു വന്‍കിടക്കാരൊരുക്കുന്ന കെണികള്‍ക്കു ഗവണ്‍മെന്റും കൂട്ടുനില്‍ക്കുമ്പോള്‍ ഒരു ജനതയുടെ രോദനം കടലലകളില്‍ മുങ്ങിപ്പോവുന്നു. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു തിരിച്ചടിയായെങ്കില്‍ ട്രോളിംഗ് സമയപരിധി വര്‍ധിപ്പിക്കാനുള്ള നീക്കം കടലോരത്തെ വറചട്ടിയില്‍നിന്ന് എരിതീയിലേക്കിടാനുള്ള ശ്രമമാണ്. അംഗബലമേറെയുണ്െടങ്കിലും സംഘബലം കുറവായതിനാലാവും ഈ പാവപ്പെട്ട മനുഷ്യരുടെ കഞ്ഞിയില്‍ പാറ്റയിടാനുള്ള തകൃതിയായ ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. അതിന് ഈ രംഗത്തുള്ള ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയുമൊക്കെ പിന്തുണ നേടിയെടുക്കാനാവുന്നു എന്നതാണ് ഏറെ കൌതുകകരമായ കാര്യം.

നിലവില്‍ പ്രതിവര്‍ഷം 46 ദിവസമുള്ള വര്‍ഷകാല ട്രോളിംഗ് നിരോധനം 61 ദിവസമാക്കി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് തീരദേശത്തെ മറ്റൊരു പ്രതിസന്ധിയിലേക്കു നയിക്കുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണു ട്രോളിംഗ് സമയം ദീര്‍ഘിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ജൂലൈ 15 മുതല്‍ ഓഗസ്റ് 31 വരെയുള്ള പരമ്പരാഗത ട്രോളിംഗ് നിരോധന സമയം നീട്ടാനുള്ള നീക്കം തികച്ചും ദുരൂഹമായിരിക്കുന്നു. മത്സ്യ പ്രജനനകാലത്ത് അവയെ ശല്യപ്പെടുത്താതിരിക്കാനാണു കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി എല്ലാവര്‍ഷവും ഈ കാലയളവില്‍ പന്ത്രണ്ടു നോട്ടിക്കല്‍ മൈല്‍(22 കിലോമീറ്റര്‍) കടലില്‍ യന്ത്രവത്കൃത മത്സ്യബന്ധനം നിരോധിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണു പ്രധാന മത്സ്യയിനങ്ങള്‍ പ്രജനനത്തിനായി കേരളതീരത്ത് എത്തുന്നത്. ഈ സമയത്ത് അടക്കംകൊല്ലി ഉള്‍പ്പെടെയുള്ള വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയാല്‍ അത് മത്സ്യസമ്പത്തിന്റെ പൂര്‍ണമായ നാശത്തിനിടയാക്കും. മത്സ്യസമ്പത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഗണ്യമായ കുറവു കണക്കിലെടുത്താണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കിയത്.

ഇന്ത്യന്‍ തീരത്തു മത്സ്യസമ്പത്ത് ക്രമാനുഗതമായി കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഗോളതാപനവും അമിത ചൂഷണവുമാണ് ഇതിനു കാരണമെന്നു സിഎംഎഫ്ആര്‍ഐ ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ തീരപ്രദേശത്തെ സംബന്ധിച്ചിടത്തോളം അമിത ചൂഷണത്തിനു പ്രധാന കാരണം വിദേശ മത്സ്യബന്ധന കപ്പലുകളുടെയും വന്‍കിട സ്വദേശി ട്രോളറുകളുടെ സാന്നിധ്യമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ അടുത്തകാലത്തായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വളരെ ഉദാരമായ നിലപാട് അമിത മത്സ്യബന്ധനത്തിന് ഇടയാക്കുകയും പ്രജനനകാലത്തെ അനധികൃത മത്സ്യബന്ധനം ചില ഇനം മത്സ്യങ്ങളുടെ വംശനാശത്തിനു കാരണമാവുകയും ചെയ്യുന്നു.

സമുദ്ര മത്സ്യവിഭവങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യയിലെ തീരദേശസംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. അറുന്നൂറു കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് കേരളത്തിന്റെ കടലോരത്തിന്. ഏതാണ്ട് നാല്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മത്സ്യബന്ധന യോഗ്യമായ കടല്‍പ്രദേശമാണ്. ഇതില്‍ പതിമ്മൂവായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് പരമ്പരാഗത ശൈലിയിലുളള മത്സ്യബന്ധനം ഊര്‍ജിതമായി നടക്കുന്നുണ്ട്. രണ്ടു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ പ്രത്യക്ഷമായും അതിന്റെ നാലിരട്ടിയാളുകള്‍ പരോക്ഷമായും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഇവരെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മത്സ്യബന്ധന മേഖലയെ ആശങ്കയോടെ കാണുന്നുവെങ്കില്‍ അതേക്കുറിച്ചു ഭരണാധികാരികളും ശാസ്ത്രസമൂഹവും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.


ട്രോളിംഗ് നിരോധനം ഇക്കാലമത്രയും നടപ്പാക്കിയിട്ടും നമ്മുടെ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതിന്റെ കാരണം കണ്െടത്തണം. ഒരു വശത്ത് നാട്ടിലെ മത്സ്യബന്ധനബോട്ടുകള്‍ പണിക്കു പോകാതെ കിടക്കുമ്പോള്‍ പുറംകടലില്‍ മീന്‍പിടിത്തം തകൃതിയായി നടക്കുന്നു. വിദേശ കപ്പലുകളുടെ കൊയ്ത്ത് അവസാനിപ്പിക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ട്രോളിംഗ് നിരോധനവും വെറും ചടങ്ങായി അവസാനിക്കും. അനധികൃത മത്സ്യബന്ധനം തടയാന്‍ കഴിയുന്നില്ലെങ്കില്‍ ട്രോളിംഗ് നിരോധനം എത്രകാലം നീട്ടിയാലും യാതൊരു പ്രയോജനവുമുണ്ടാകാനിടയില്ല. വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്തു മത്സ്യബന്ധനത്തിന് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവു വന്നിട്ട് അധികനാളായില്ല. അതിനു മുമ്പും പുറംകടലില്‍ ട്രോളിംഗ് നിരോധന സമയത്തുപോലും വിദേശ ട്രോളറുകളുടെ മത്സ്യബന്ധനം സുഗമമായി നടന്നിരുന്നു. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും കണ്െടത്തലുകളും വിദേശകപ്പലുകള്‍ക്കു സഹായകവുമായി.

വ്യാപകമായ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗരേഖയും ഉത്തരവും പിന്‍വലിച്ചാല്‍ മാത്രമേ നിലവില്‍ ഇവയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനാവൂ. വന്‍കിട മത്സ്യബന്ധനം നൂറു നോട്ടിക്കല്‍ മൈലിനപ്പുറമേ പാടുള്ളൂ എന്ന പഴയ നിയമം മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷമുണ്ടായ ഉത്തരവിലൂടെ ഫലത്തില്‍ ഇല്ലാതായി.

ട്രോളിംഗ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിനെതിരേ വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനോടു സംസ്ഥാന സര്‍ക്കാരും അനുകൂല സമീപനമാണു സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയുടെ താത്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാനും മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടാതിരിക്കാനും ആത്മാര്‍ഥമായ ശ്രമം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി തീരമേഖലയെ കൊടിയ ദുരിതത്തില്‍നിന്നു രക്ഷിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിലപാടെടുത്തേ തീരൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.