അഴിമതി, സദാചാര വിരുദ്ധ വാര്‍ത്തകള്‍ക്കു മാധ്യമങ്ങളില്‍ ആഘോഷത്തിന്റെ സ്വരം: വി.എസ്
അഴിമതി, സദാചാര വിരുദ്ധ വാര്‍ത്തകള്‍ക്കു മാധ്യമങ്ങളില്‍ ആഘോഷത്തിന്റെ സ്വരം: വി.എസ്
Monday, May 4, 2015 12:28 AM IST
തിരുവനന്തപുരം: അഴിമതി, സദാചാരവിരുദ്ധത തുടങ്ങിയവയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു മാധ്യമങ്ങളില്‍ ആഘോഷത്തിന്റെ സ്വരവും ഛായയുമാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനാലാണ് അഴിമതി നടത്തുന്നതു വലിയ കാര്യമല്ലെന്ന തോന്നലുണ്ടാകുന്നതും അത് ഉന്നയിക്കുന്നതു ചട്ടപ്രകാരമാണോ എന്ന സംശയം ഉയരുന്നതും. ഇതിലൂടെ യഥാര്‍ഥ പ്രശ്നം താഴേക്കുപോവുകയും അതിന്റെ ചുറ്റുപാടുമുള്ള പ്രസക്തമായ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തക സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ ആഘോഷത്തിന്റെ മേഖലകളാകുമ്പോള്‍ പല മാധ്യമ പ്രവര്‍ത്തകരുടെയും നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും വി.എസ്. പറഞ്ഞു.


പൊതുപ്രവര്‍ത്തകരെ നന്നാക്കാനും മോശക്കാരാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. പോറ്റി, ബിഎംഎസ് സംസ്ഥാന സമിതിയംഗം ഗോവിന്ദ് ഭരത്, കെയുഡബ്ള്യുജെ സംസ്ഥാന സെക്രട്ടറി എസ്. ശ്രീകുമാര്‍, ജില്ലാട്രഷറര്‍ പി ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി കെ.എം. ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.