കൊങ്കണ്‍പാതയില്‍ തുരന്തോ പാളം തെറ്റി; ആളപായമില്ല
Monday, May 4, 2015 12:09 AM IST
കണ്ണൂര്‍: കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ പാളംതെറ്റിയതിനെത്തുടര്‍ന്ന് ഇതുവഴി കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ശനിയാഴ്ച പുറപ്പെട്ട 12223 ലോകമാന്യതിലക്-എറണാകുളം തുരന്തോ എക്സ്പ്രസ് ട്രെയിനാണ് ഇന്നലെ രാവിലെ 6.25ന് മഡ്ഗാവിനടുത്ത ബല്ലി റെയില്‍വേ സ്റേഷനു സമീപം പാളം തെറ്റിയത്. പത്തു കോച്ചുകള്‍ പാളത്തില്‍നിന്നു തെന്നിമാറിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോച്ചുകള്‍ മറിയാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. എന്‍ജിനും തൊട്ടുചേര്‍ന്ന ഏതാനും കോച്ചുകളും പാളം തെറ്റിയില്ല. തുരങ്കത്തില്‍ കുടുങ്ങിയ ട്രെയിനില്‍ അകപ്പെട്ട യാത്രക്കാരെ പിന്നാലെയെത്തിയ റെയില്‍വേ സംരക്ഷണ സേനാംഗങ്ങളാണു പുറത്തെത്തിച്ചത്. അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിന്‍ ഇന്നു പുലര്‍ച്ചെ എറണാകുളത്തെത്തി. പാളം തെറ്റിയ ബോഗികള്‍ നീക്കി ഇന്നലെ രാത്രി ഒന്‍പതോടെയാണു ഗതാഗതം പുനഃസ്ഥാപിക്കാനായത്.

അപകടത്തെത്തുടര്‍ന്നു നിരവധി ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.

ഇന്നലെ പുറപ്പെടേണ്ട 22635 മഡ്ഗാവ്-മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, 10215 മഡ്ഗാവ്-എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ്, 56641/56640 മഡ്ഗാവ്-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍, 12224 എറണാകുളം ജംഗ്ഷന്‍-ലോക്മാന്യതിലക് എക്സ്പ്രസ് എന്നീ ട്രെയിനുകളും ഇന്നു പുറപ്പെടേണ്ട 10216 എറണാകുളം ജംഗ്ഷന്‍-മഡ്ഗാവ് എക്സ്പ്രസ് ട്രെയിനുമാണു റദ്ദാക്കിയത്. ഇന്നലത്തെ 56640 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് പാസഞ്ചര്‍ കാര്‍വാറില്‍നിന്നു മഡ്ഗാവിലേക്കുള്ള യാത്രയും 12134 മംഗളൂരു ജംഗ്ഷന്‍-മുംബൈ സിഎസ്ടിഎം എക്സ്പ്രസിന്റെ മംഗളൂരു മുതല്‍ മഡ്ഗാവ് വരെയുള്ള യാത്രയും ശനിയാഴ്ച പുറപ്പെട്ട 12133 മുംബൈ സിഎസ്ടിഎം-മംഗളൂരു ജംഗ്ഷന്‍ എക്സ്പ്രസിന്റെ മഡ്ഗാവ് മുതല്‍ മംഗളൂരു ജംഗ്ഷന്‍ വരെയുള്ള യാത്രയും ഭാഗികമായി റദ്ദാക്കി.


ശനിയാഴ്ച പുറപ്പെട്ട 16337 ഓഖ-എറണാകുളം എക്സ്പ്രസ്, 11097 പൂനെ-എറണാകുളം പൂര്‍ണ എക്സ്പ്രസ്, 16312 കൊച്ചുവേളി-ബിക്കാനീര്‍ എക്സ്പ്രസ് ഇന്നലെ പുറപ്പെട്ട 02065 മുംബൈ സിഎസ്ടിഎം-എറണാകുളം ജംഗ്ഷന്‍ പ്രീമിയം സ്പെഷല്‍, ഒന്നിനു പുറപ്പെട്ട 22634 നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ മഡ്ഗാവ്, ലോണ്ട, ഹൂബ്ളി, ഹാസന്‍ വഴിതിരിച്ചുവിട്ടു. ഇന്നലത്തെ 12620 മംഗളൂരു സെന്‍ട്രല്‍-ലോക്മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാണു പുറപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.