എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുതരൂപം ഇന്നു കവാടത്തില്‍ പ്രതിഷ്ഠിക്കും
എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുതരൂപം ഇന്നു കവാടത്തില്‍ പ്രതിഷ്ഠിക്കും
Sunday, May 3, 2015 11:47 PM IST
എടത്വ: എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹ ദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ഇന്നു രാവിലെ ദേവാലയ കവാട ത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 7.30 ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവയെത്തുടര്‍ന്നു ദേവാലയ കവാടത്തിലേക്ക് രൂപം സംവഹിക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നുനിന്നു പ്രാര്‍ഥിക്കുന്നതിനും ജനസഹസ്രങ്ങള്‍ക്ക് ഇതോടെ അവസരം ലഭിക്കും.

രൂപക്കൂടില്‍നിന്നും പുറത്തെടുക്കുന്നതു മുതല്‍ തമിഴ് വിശ്വാസികളുടെ കരങ്ങളാണ് വിശുദ്ധനെ താങ്ങുന്നത്. കൊടിയേറിയ 27 മുതല്‍ തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വാസികള്‍ എടത്വായിലെ വിവിധ വിദ്യാലയങ്ങളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുകയാണ്. ഇനി ഏഴിനു വൈകുന്നേരം നാലിനു നടക്കുന്ന വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് ശേഷമേ തമിഴ് വിശ്വാസികള്‍ മടങ്ങിപ്പോകൂ. ഇന്ന് മുതല്‍ അഞ്ചുവരെ എല്ലാദിവസവും വൈകുന്നേരം 5.30 ന് നടക്കുന്ന തമിഴ് കുര്‍ബാനക്കുശേഷം തമിഴ് വിശ്വാസികള്‍ക്കായി തമിഴില്‍ കണ്‍വന്‍ഷനും നടക്കും.


തമിഴ് തീര്‍ഥാടകരുടെ തിരക്ക് ഇത്തവണ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. ഇന്നലെ തന്നെ കൊടിമരത്തില്‍ എണ്ണയൊഴിക്കുന്നതിനും നേര്‍ച്ച സാധനങ്ങള്‍ വാങ്ങുന്നതിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പള്ളിയും പരിസരവും തീര്‍ഥാടകരെ കൊണ്ടു നിറഞ്ഞു. ഇന്നു വൈകുന്നേരം പള്ളി ദീപാലകൃതമാകും. ഭക്തജനങ്ങളുടെ തിരക്കു വര്‍ധിച്ചതോടെ പള്ളിപരിസരത്തെ സജ്ജീകരണങ്ങളും കുറ്റമറ്റതാക്കി. തീര്‍ഥാടകര്‍ക്ക് ശുദ്ധജലം ലഭിക്കാന്‍ നൂറോളം പൊതുടാപ്പുകളും ജലസംഭരണികളും സ്ഥാപിച്ചു. പോലീസ് സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുവേണ്ടി കണ്‍ട്രോള്‍ റൂം ഇന്നു രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.