വിജിലന്‍സ് പരിശോധനയുടെ പേരില്‍ രാജിവയ്ക്കേണ്ടതില്ലെന്നു മന്ത്രി കെ. ബാബു
Wednesday, April 29, 2015 12:35 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് പരിശോധനയുടെ പേരില്‍ രാജിവയ്ക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. വിജിലന്‍സ് പരിശോധനയില്‍ താന്‍ പ്രതിയല്ല. കേസ് വിജിലന്‍സ് അന്വേഷിക്കേണ്െടന്ന് ആരോടും പറഞ്ഞിട്ടില്ല. തനിക്ക് ഒരാളുടെയും ഔദാര്യം ആവശ്യമില്ല. വിജിലന്‍സ് പരിശോധനയില്‍ തെളിവു ലഭിച്ചാല്‍ സാങ്കേതികത്വം പറഞ്ഞു കടിച്ചുതൂങ്ങില്ല. ഇതു നേരത്തെയും താന്‍ പറഞ്ഞിട്ടുണ്െടന്നും പത്രസമ്മേളനത്തില്‍ മന്ത്രി കെ. ബാബു പറഞ്ഞു.

ബാര്‍ കോഴ തന്നെ ബാധിച്ചാല്‍ മന്ത്രിസഭയിലെ എല്ലാവരേയും ബാധിക്കും. തന്നെ കരുവാക്കി രക്ഷപ്പെടാമെന്ന് ആരെങ്കിലും വിചാരിക്കുമോ? മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്വം ഉള്ളതല്ലേ? തന്നെ കരുവാക്കി ആരും ഭരണത ലത്തിലെ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണിയും മുഖ്യമന്ത്രിയും നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ ആരും ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളിയായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടിയായി മന്ത്രി ബാബു പറഞ്ഞു.

പക്ഷേ, മജിസ്ട്രേറ്റിനു മുമ്പാകെ 164-ാം വകുപ്പ് അനുസരിച്ചു രഹസ്യമൊഴി നല്‍കുന്നതിന് ആറു മാസം വൈകി സമയം നല്‍കിയതു ബിജു രമേശിന് പുനര്‍ചിന്തനത്തിനു സമയം കിട്ടിയെന്നു പലരും തന്നോടു പറഞ്ഞു. എന്നാല്‍, ഇതു ഗൂഢാലോചനയാണെന്നു പറയാന്‍ കഴിയില്ല. ഇതു വിജിലന്‍സ് വീഴ്ചയാണെന്നും പറയാന്‍ കഴിയില്ല.

ആദ്യം മൂന്നു മന്ത്രിമാരുടെ പേരു പറഞ്ഞശേഷം രഹസ്യമൊഴിയില്‍ ബാബുവിന്റെ പേരു മാത്രം പറഞ്ഞതില്‍ ദുരൂഹതയുണ്േടായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരത്തില്‍ സംശയിക്കേണ്ട സാഹചര്യം തോന്നിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തന്നെക്കുറിച്ചു മാത്രമല്ല, രഹസ്യമൊഴിയില്‍ മന്ത്രി വി.എസ്. ശിവകുമാറിനെക്കുറിച്ചും നേരിയ തോതില്‍ പരാമര്‍ശിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ ബ്ളാക്ക് മെയിലിംഗ് ആണു തനിക്കെതിരേ നടത്തുന്നത്.

കഴിഞ്ഞ ഡിസംബര്‍ 15നു തിരുവനന്തപുരത്തെ ഒരു എംഎല്‍എയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ 418 ബാറുകള്‍ തുറന്നു തരണമെന്നു ബിജു രമേശ് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ കൂടുതല്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കാനാണു നേതാവു പറഞ്ഞത്. രണ്ടു വര്‍ഷം മുമ്പു നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതില്‍നിന്ന് ഇതാണു വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.


എക്സൈസ് കമ്മീഷണര്‍ നല്‍കിയ ശിപാര്‍ശയില്‍ ബാര്‍ ലൈസന്‍സ് ഫീസ് 25 ലക്ഷം രൂപ യാക്കി ഉയര്‍ത്തണമെന്നാണു വ്യക്തമാക്കിയത്. 30 ലക്ഷമാക്കണമെന്ന് ആരും നിര്‍ദേശിച്ചിട്ടില്ല. ഒറ്റയടിക്കു ബാര്‍ ലൈസന്‍സ് ഫീസ് എട്ടു ലക്ഷം രൂപ ഉയര്‍ത്തിയ കീഴ്വഴക്കമില്ല. 1991 മുതല്‍ 2007 വരെയായി എട്ടു ലക്ഷം രൂപയും 2007 മുതല്‍ 13 വരെയായി നാലു ലക്ഷം രൂപയുമാണ് കൂട്ടിയത്.

ബാറുകളുടെ പ്രവര്‍ത്തന സമയം മൂന്നു മണിക്കൂര്‍ കുറച്ചതിനാല്‍ 22 ലക്ഷം രൂപ 18 ലക്ഷം രൂപയാക്കി കുറയ്ക്കണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടു രഹസ്യ ചര്‍ച്ചയല്ല, ഔദ്യോഗിക തലത്തിലാണു ചര്‍ച്ച നടത്തിയതെന്നും മന്ത്രി അറിയിച്ചു.

മറുപടിക്കിടെ വിതുമ്പി ബാബു

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട മറുപടിക്കിടയില്‍ വിതുമ്പി മന്ത്രി കെ.ബാബു. കെഎസ്യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി കഴിഞ്ഞ 49 വര്‍ഷമായി താന്‍ നേടിയെടുത്ത അംഗീകാരം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നു മന്ത്രി ബാബു പറഞ്ഞു. തേജോവധം ചെയ്യുമ്പോള്‍ അല്‍പം ദയ കാട്ടണമെന്നു പറഞ്ഞാണു മന്ത്രി വികാരഭരിതനായത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജു രമേശിനോ ഇവ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്കോ തനിക്കു നഷ്ടമാകുന്ന അംഗീകാരം തിരിച്ചുതരാന്‍ കഴിയുമോ? താന്‍ രാപകല്‍ കഷ്ടപ്പെട്ടു ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു നേടിയ അംഗീകാരം നഷ്ടപ്പെടുത്താന്‍ തേജോവധം ചെയ്യുകയാണ്. രാഷ്ട്രീയ പ്രതിയോഗികളുടെ ആരോപണങ്ങളെ അതിജീവിച്ച് അഞ്ചു തെരഞ്ഞെടുപ്പുകളിലാണു വിജയിച്ചത്. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എം.എം. ലോറന്‍സിനെ പരാജയപ്പെടുത്തിയാണ് ആദ്യം എംഎല്‍എയായത്. തന്നെ പരാജയപ്പെടുത്താന്‍ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിരുന്നില്ല. മണ്ഡലത്തിലെ ജനങ്ങളുടെ ഏതു കാര്യത്തിനും എപ്പോഴും ഓടിയെത്തുന്നയാളാണു താന്‍.

ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷമാക്കാന്‍ എക്സൈസ് ശിപാര്‍ശ നല്‍കിയാല്‍ അപ്പോള്‍ തന്നെ ബാറുടമകള്‍ക്ക് അതറിയാനുള്ള സംവിധാനമുണ്ട്. എക്സൈസില്‍ ഇല അനങ്ങിയാല്‍ അറിയാന്‍ സംവിധാനമുള്ളപ്പോള്‍ തനിക്കു കളവു പറഞ്ഞു ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നു പണം വാങ്ങാന്‍ എങ്ങനെ കഴിയും? ബാറുകളുടെ പ്രവര്‍ത്തന സമയം കുറച്ചതു മദ്യനയത്തിന്റെ ഭാഗമാണ്. എന്നാല്‍, ഒറ്റയടിക്കു ബാര്‍ ലെസന്‍സ് ഫീസ് കുത്തനെ ഉയര്‍ത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.