വിനീഷ് വിശ്വം
തൃശൂര്‍: കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പൂരം. ശ്വാസവും രുചിയും സ്പര്‍ശവും സര്‍വം പൂരമയം. ഇന്നു പഞ്ചേന്ദ്രിയങ്ങള്‍ക്കു തൃശൂര്‍പൂരം. പൂരം ആസ്വാദനത്തിന്റെ അവയവമാകുന്ന ഇന്ദ്രജാലത്തിനു തൃശിവപേരൂര് മായികപ്രപഞ്ചമൊരുക്കും. ഒരു പകലും ഒരു രാത്രിയും നട്ടുച്ചയും സമ്മേളിക്കുന്ന ഒന്നരദിവസം ഇനി പൂരം മാത്രം. സമയക്കണക്കില്‍ 36 മണിക്കൂര്‍ അല്ലെങ്കില്‍ 2160 മിനിറ്റ്, അഥവാ 1,29,600 സെക്കന്‍ഡ് ഇനി പൂരത്തോടൊപ്പം ഓടിനടക്കും. മറ്റൊരു പൂരവര്ഷത്തിലെ 365 ദിനരാത്രങ്ങളിലേക്കുള്ള ഇന്ദ്രിയാനുഭൂതി ആവാഹിക്കുംവരെ പൂരം മാത്രം.
പൂരക്കടലിലേക്ക് അണിചേരുന്ന ചെറുപൂരപ്പുഴകള്, മേടവെയിലിനെ വകഞ്ഞുമാറ്റി പാറമേക്കാവിലമ്മയുടെ പ്രൌഢമായ പൂരം പുറപ്പാട്, പൂരാവേശത്തിനപ്പുറം ഭക്തിനിര്‍ഭരമായ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ്, ശുദ്ധമായ പഞ്ചവാദ്യമൊരുക്കി മഠത്തില്‍വരവ്, ലോകത്തിലെ ഏറ്റവും മികച്ച സിംഫണിയൊരുക്കി ഇലഞ്ഞിത്തറമേളം, അസ്തമയത്തിന്റെ തെക്കോട്ടിറക്കം, കാഴ്ചകളുടെ സൌന്ദര്യം നിവര്‍ത്തി കുടമാറ്റം, രാവില്‍ കരിമരുന്നിന്റെ മായാജാലം, ആതിഥേയര്‍ക്ക് ആഘോഷമായി പകല്‍പ്പൂരങ്ങള്‍, വികാരനിര്‍ഭരമായി ഉപചാരംചൊല്ലിപ്പിരിയല്... മതിവരാതെ, മായാതെ കാഴ്ചകള്‍.
ഓരോ ഇടവഴിയിലൂടെയും ചങ്ങലകിലുക്കി പൂരമെത്തും. നടവഴികളില്‍ ആവിപറത്തി ആനപ്പിണ്ടം മൂക്കിലേക്കു പൂരച്ചൂരടിപ്പിക്കും. പാണ്ടിയുടെ മേളവും പഞ്ചവാദ്യത്തിന്റെ താളവും നഗരത്തെ പ്രദക്ഷിണംവയ്ക്കും. വായുവില്‍ വിരലുകള്‍ മേളഗോപുരം തീര്‍ക്കും. പൊരിവെയില് നിലാവാകും. അവലും പൊരിയും അലുവയും നാവില്‍ പൂരരുചിവരയ്ക്കും.
കൈനോക്കി ഭാവിചൊല്ലുന്ന നോട്ടക്കാരും അരവയര്‍ അന്നത്തിനുള്ള അഭ്യാസവുമായി നാടോടികളും വെയില് കായും. മേടച്ചൂടിനെ കുളിരാക്കുന്ന പാലക്കാടന്‍ വിശറിവില്പനക്കാരും, ദാഹമകറ്റി സംഭാരക്കാരും, പീപ്പിയും ബലൂണും കുഞ്ഞാനവില്പനയുമായി വരത്തരും, തീയില്‍ കുരുത്ത സ്വദേശികളും വെയിലേറ്റു വാടാനെത്തുന്ന വിദേശികളും...ഓരോ കോണിലും കാഴ്ചകളുടെ പൂരം.
തിരുവമ്പാടിയില്‍നിന്നും സ്വരാജ് റൌണ്ട് വഴി നടുവില്മഠത്തിലേക്കു ഭഗവതിയുടെ എഴുന്നള്ളിപ്പ് പ്രവേശിക്കുന്നതോടെ പ്രസിദ്ധമായ മഠത്തില്‍വരവിനു ശംഖൊലി മുഴങ്ങും. തുടര്‍ന്ന്, മണിക്കൂറുകള്‍ നീളുന്ന പഞ്ചവാദ്യത്തിന്റെ താളപ്രപഞ്ചം. പിന്നീടു നായ്ക്കനാലില്‍നിന്നും തിരുവമ്പാടിയുടെ പാണ്ടിയിലേക്കുള്ള പ്രയാണമാണ്.
പാറമേക്കാവിന്റെ പൂരം പുറപ്പാട് കിഴക്കേനട വഴിയും, തിരുവമ്പാടിയുടെ മഠത്തില്‍വരവ് നായ്ക്കനാലില്‍ സമാപിച്ചു പാണ്ടിയുടെ അകമ്പടിയോടെ പടിഞ്ഞാറേനടവഴിയും വടക്കുന്നാഥനെ വണങ്ങാന്‍ അകത്തേക്കു പ്രവേശിക്കും.
പാറമേക്കാവിന്റെ പൂരം പുറപ്പാട് അകത്തേക്കു പ്രവേശിക്കുന്നതോടെ ഇലഞ്ഞിത്തറമേളമായി. ഈ സമയം നായ്ക്കനാലില്‍നിന്നും പാണ്ടിയുടെ പതിഞ്ഞതാളത്തില്‍ തിരുവമ്പാടി തേക്കിന്‍കാട്ടിലേക്കു പ്രവേശിക്കും. വടക്കുന്നാഥന്റെ മതില്‍ക്കെട്ടിനകത്ത് ഇലഞ്ഞിത്തറമേളം നിലയ്ക്കുന്നതോടെ തെക്കോട്ടിറക്കമായി. കുടമാറ്റത്തിനായി കാത്തുനില്ക്കുന്ന ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ കരിവീരന്മാര് മുഖാമുഖമെത്തും. കുടകള്‍ മഴവില്ലുവിരിക്കും. പുലര്‍ച്ചെ ആദ്യമുയരുന്ന കതിനവെടി കാതണിയാകുന്നതോടെ ഉറക്കമിളച്ച കണ്ണുകള്‍ ആകാശത്തേക്കു കുതിക്കും. മാനത്തെ വിസ്മയവും താണ്ഡവവും കണ്ണിലും കാതിലും നിറച്ച് പിന്നെ പലവഴിക്ക്...
അതിഥികള്‍ക്കു വച്ചുവിളമ്പിയ തൃശൂരുകാര് പകല്‍പ്പൂരത്തിനു പലവഴിയെത്തും. ഭഗവതിമാരുടെ ഉപചാരംകണ്ട് കണ്ണും കരളും നിറഞ്ഞു പൂരവും പുരുഷാരവും മടങ്ങും. അടുത്ത തൃശൂര്‍പൂരം അവിടെനിന്നേ തുടങ്ങും, കാത്തിരിപ്പിന്റെ പൂരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.