നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; എകെജി ആശുപത്രിയില്‍ സമരം
നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; എകെജി ആശുപത്രിയില്‍ സമരം
Tuesday, April 28, 2015 12:50 AM IST
കണ്ണൂര്‍: എകെജി ആശുപത്രിയില്‍നിന്നു നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 30 പേരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് ചോദ്യംചെയ്ത സ്ഥിരം നഴ്സുമാരായ ഷീന, സ്മിത എന്നിവരെ സസ്പെന്‍ഡും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ചു പിരിച്ചുവിടപ്പെട്ട നഴ്സുമാരും മറ്റു നഴ്സുമാരും ആശുപത്രിക്കു മുന്നില്‍ യൂണിഫോമില്‍ നില്‍പുസമരം നടത്തി.

ആശുപത്രി വളപ്പില്‍ കയറാതെ ആശുപത്രിക്കു മുന്നിലെ ദേശീയ പാതയോരത്തായിരുന്നു സമരം. കണ്ണൂരിലെ മറ്റ് സ്വകാര്യ ആശുപത്രികളില്‍ നടപ്പാക്കിയതുപോലെ എകെജിയിലും മൂന്നു ഷിഫ്റ്റ് സമ്പ്രദായവും ശമ്പള വര്‍ധനയും നടപ്പാക്കണമെന്നാവശ്യപ്പെട്ടു നഴ്സുമാര്‍ നേരത്തെ ആശുപത്രി അധികൃതര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണു തങ്ങളെ പിരിച്ചുവിട്ടതെന്നു നഴ്സുമാര്‍ ആരോപിച്ചു.

ജൂണ്‍ ഒന്നു മുതല്‍ മൂന്നു ഷിഫ്റ്റ് സമ്പ്രദായവും ശമ്പള പരിഷ്കരണവും നടപ്പാക്കാമെന്ന് അധികൃതര്‍ നേരത്തെ സമ്മതിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ നഴ്സുമാര്‍ ആവശ്യമാണ്. നിലവില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു മുന്‍ഗണന നല്‍കി ഇന്റര്‍വ്യൂവിലൂടെ നിയമനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. പുതിയ നിയമനത്തിനുള്ള ഇന്റര്‍വ്യൂവിന് ഇവരെയും വിളിച്ചിരുന്നു. എന്നാല്‍, ആരും ജോലിക്ക് യോഗ്യരല്ലെന്നും ഇനിയൊരറിയിപ്പ് ലഭിച്ചാല്‍ മാത്രം ജോലിക്കു വന്നാല്‍ മതിയെന്നും പറഞ്ഞ് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നുവത്രെ. ഇവരില്‍ ഭൂരിപക്ഷം പേരും സിപിഎം അനുഭാവികളാണ്.


സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിക്കു മുന്നിലെ സമരം വിവാദമായതോടെ പാര്‍ട്ടിനേതൃത്വം ഇടപെട്ടു പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, വയക്കാടി ബാലകൃഷ്ണന്‍, കാടന്‍ ബാലകൃഷ്ണന്‍, ഷുക്കൂര്‍ മാസ്റര്‍ എന്നിവര്‍ സ്ഥലത്തെത്തി ആശുപത്രി അധികൃതരെയും നഴ്സുമാരുടെ സംഘടനാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചു. രണ്ടു നഴ്സുമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്സ്മാരെ ഷിഫ്റ്റ് സമ്പ്രദായം വരുമ്പോഴുള്ള നിയമനങ്ങളില്‍ പരിഗണിക്കാമെന്നും ധാരണയായിട്ടുണ്ട്. അതേസമയം, ജോലിക്കു പ്രാപ്തരല്ലെന്നു കണ്ടതിനെത്തുടര്‍ന്നു എട്ടു താത്കാലിക നഴ്സുമാരെ മാത്രമാണു ജോലിയില്‍നിന്ന് ഒഴിവാക്കിയതെന്ന് ആശുപത്രി പ്രസിഡന്റ് എം. പ്രകാശന്‍ പറഞ്ഞു. അച്ചടക്കം ലംഘിച്ചതിനാണു രണ്ടു നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തതെന്നും അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരായി ഇവര്‍ക്കു പറയാനുള്ളതു പറയാന്‍ അവസരം നല്‍കിയിട്ടുണ്െടന്നും പ്രകാശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.