നിര്‍മലയ്ക്കു മുന്നില്‍ തോല്‍ക്കുന്നതു ദുരിതത്തിന്റെ തീക്കനല്‍
നിര്‍മലയ്ക്കു മുന്നില്‍ തോല്‍ക്കുന്നതു ദുരിതത്തിന്റെ തീക്കനല്‍
Tuesday, April 28, 2015 12:48 AM IST
കെ.പി. രാജീവന്‍

തളിപ്പറമ്പ്: രോഗദുരിതങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ നിറഞ്ഞ ചിരിയോടെ അതിനെ പ്രതിരോധിക്കുകയാണു തളിപ്പറമ്പ് പുഷ്പഗിരിയിലെ 56 കാരിയായ നിര്‍മല കാപ്പന്‍. നാലരവയസ് മുതല്‍ ബാധിച്ച സന്ധിവാതം ഉള്‍പ്പെടെ പതിനാറോളം രോഗങ്ങള്‍ ഒരുപോലെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ജീവിതത്തോടു മത്സരിക്കാന്‍ അസാധാരണ ചങ്കൂറ്റം മാത്രമാണ് ഇവരുടെ കൈമുതല്‍.

കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് നീലൂര്‍ സ്വദേശികളായ പരേതനായ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കാപ്പില്‍ കുര്യാക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകളായ നിര്‍മലയെ ഇരുന്നിടത്തുനിന്നും അനങ്ങാന്‍ ശരീരം അനുവദിക്കുന്നില്ലെങ്കിലും സന്ധിവാതം ചലനശേഷി ചോര്‍ത്തിയ കൈവിരലുകള്‍കൊണ്ടു നിര്‍മിച്ചിരിക്കുന്നത് ആയിരക്കണക്കിനു കൌതുക വസ്തുക്കളും മനോഹരങ്ങളായ പട്ടുതൂവാലകളും. പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രത്തിനു സമീപം മദീന റോഡിലെ കൊച്ചുവീട്ടില്‍ തന്റെ മുറിയില്‍ ഒഴിവുസമയങ്ങളിലെല്ലാം ഇവയുടെ നിര്‍മാണത്തില്‍ മുഴുകുകയാണ് അവിവാഹിതയായ നിര്‍മല.

1970 മുതലാണു സ്വന്തമായി ഇവയുടെ നിര്‍മാണവിദ്യ നിര്‍മല സ്വായത്തമാക്കിയത്. വീട്ടിലെ മുറി മുഴുവനും കൌതുകവസ്തുക്കള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുത്തുകളും നൂലുകളും കൊണ്ടുള്ള വിവിധതരം മാലകള്‍, മനോഹരങ്ങളായ കൊന്തകള്‍, മുത്തുകള്‍ ഉപയോഗിച്ചു നിര്‍മിച്ച വിവിധ രൂപങ്ങള്‍ എന്നിവ കൂടാതെ പട്ടുതൂവാലകളും മഫ്ളറുകളും പേഴ്സുകളും നിര്‍മല നിര്‍മിക്കുന്നു.

നിരവധിയാളുകള്‍ ഇവ കാണാന്‍ എത്തുന്നുണ്ട്. ഇവരില്‍ പലരും ഈ കൌതുക വസ്തുക്കള്‍ വിലകൊടുത്തു വാങ്ങുന്നുമുണ്ട്. നിരന്തരമായി ചികിത്സയ്ക്കു വിധേയയാകേണ്ടി വരുന്നതിനാല്‍ ഇപ്പോള്‍ പഴയതുപോലെ ഇരുന്ന് ജോലിചെയ്യാന്‍ സാധിക്കുന്നില്ലെന്നു നിര്‍മല പറയുന്നു.

തളര്‍ച്ച ബാധിക്കാത്ത മനസുകൊണ്ട് സ്വയം പഠിച്ചെടുത്ത കൌതുകവസ്തുക്കളുടെ നിര്‍മാണമാണ് ഇത്രയുംകാലം തന്നെ നിലനിര്‍ത്തിയതെന്നു പറയുന്ന നിര്‍മല കടുത്ത ശാരീരിക വേദന അലട്ടിക്കൊണ്ടിരിക്കുമ്പോഴും പുതിയ പട്ടുതൂവാലയുടെ നിര്‍മിതിയിലാണ്. 84 വയസുകാരിയായ അമ്മ ത്രേസ്യാമ്മ മാത്രമാണ് ഇവര്‍ക്കു കൂട്ടായുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.