പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും പരിശുദ്ധ കാതോലിക്കാ ബാവായും കൂടിക്കാഴ്ച നടത്തി
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും  പരിശുദ്ധ കാതോലിക്കാ ബാവായും  കൂടിക്കാഴ്ച നടത്തി
Tuesday, April 28, 2015 12:54 AM IST
കോട്ടയം: സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും അര്‍മീനിയായില്‍ കൂടിക്കാഴ്ച്ചയും സംഭാഷണവും നടത്തി. ഇരുവരും ഒരുമിച്ചാണു വിരുന്ന് സത്കാരത്തിലും ഭക്ഷണവേളയിലും മ്യൂസിയം സന്ദര്‍ശനത്തിലും പങ്കെടുത്തത്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ യോഗത്തിലും ഇരുവരും പങ്കെടുത്തു. സിറിയന്‍, മലങ്കര, കോപ്റ്റിക്, ഇത്യോപ്യന്‍, എറാത്രിയന്‍, അര്‍മീനിയന്‍ എന്നീ ആറുസഭകളാണ് ഈ വിഭാഗത്തിലുള്ളത്. ആഡിസ് അബാബയില്‍ 1965ല്‍ കൂടിയതിനുശേഷം ആദ്യമായിട്ടാണ് ഈ സഭകളുടെ തലവന്മാര്‍ ഒരുമിച്ച് വരുന്നത്.

അര്‍മേനിയന്‍ സുപ്രീം കാതോലിക്കോസ് പാത്രിയര്‍ക്കീസ് കരെക്കിന്‍ രണ്ടാമന്റെ പ്രത്യേകക്ഷണമനുസരിച്ചാണ് സഭാ തലവന്മാര്‍ സമ്മേളിച്ചത്. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും തമ്മിലുള്ള കണ്ടുമുട്ടല്‍ തികച്ചും ആത്മീയ സ്വഭാവമുള്ള ഒന്നായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സമാധാനകാംക്ഷികളായ രണ്ടു സഭാതലവന്മാര്‍ തമ്മില്‍ പലപ്രാവശ്യം ഔദ്യോഗിക ചടങ്ങുകളില്‍ പരസ്പരം അടുത്ത് ഇരിക്കുകയും സംസാരിക്കുകയും ചെയ്തു. ഇരുവരും സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മലങ്കരസഭയില്‍ നീതിപൂര്‍വമായ സമാധാനത്തിനുള്ള സാധ്യതകളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ വക്താവ് വ്യക്തമാക്കി. സ്വകാര്യ സംഭാഷണമായിരുന്നതു കൊണ്ടു അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെ നിയമ വ്യവസ്ഥയെയും ഇതുവരെയുണ്ടായ ഐക്യശ്രമങ്ങളെയും ബഹുമാനിച്ചുകൊണ്ട് സമ്പൂര്‍ണ സമാധാനത്തിനു മലങ്കര സഭ തയാറാണെന്ന് പരിശുദ്ധ മാര്‍ത്തോമ്മാ പൌലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി. ഒരേ കുടുംബബന്ധവും ഒരേ വിശ്വാസവും പുലര്‍ത്തുന്ന മലങ്കരസഭയുടെ ഐക്യത്തിനും സമാധാനത്തിനും താന്‍ എപ്പോഴും എല്ലാ പിന്തുണയും നല്‍കുമെന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് അഫ്രേം ബാവാ പറഞ്ഞതായി മലങ്കര ഓര്‍ത്തഡോക്സ സഭ വക്താവ് പറഞ്ഞു. അര്‍മേനിയായിലെ വംശഹത്യയുടെ ശതാബ്ദി അനുസ്മരണത്തിലും കൊല്ലപ്പെട്ട 15 ലക്ഷം ക്രിസ്ത്യാനികളുടെ വിശുദ്ധീകരണ ചടങ്ങിലും പങ്കെടുത്ത് ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മടങ്ങി എത്തി. നേപ്പാളിലെ ദുരിതാശ്വാസത്തില്‍ സഭ പങ്കാളിയാകുമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദെമെത്രിയോസിനെ ചുമതലപ്പെടുത്തിയെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.