കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി
Tuesday, April 28, 2015 12:53 AM IST
കോഴിക്കോട്: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയുടെ നടത്തിപ്പും മാതൃകയും സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടില്‍ നടന്ന കരുതല്‍ 2015 ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരനുമായി ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പട്ടയങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് സാങ്കേതികമായ തടസങ്ങളുണ്െടന്നും അപ്രായോഗിക നിബന്ധനകള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടിയില്‍ തീര്‍ക്കാന്‍ പറ്റുന്ന പരാതികളേക്കാള്‍ പ്രസക്തി തീര്‍പ്പാക്കാന്‍ പറ്റാത്ത പദ്ധതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ചട്ടങ്ങളും വ്യവസ്ഥിതികളും തടസ്സമാകരുത്.

ആദ്യത്തെ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് 45 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇത്തവണത്തെ ജനസമ്പര്‍ക്കപരിപാടിയില്‍ രണ്ട് വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിച്ചത്. ശയ്യാവലംബികളായ രോഗികളെ പരിപാടിയിലേക്ക് നേരിട്ടെത്തിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് ആദ്യത്തേത്. ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് ഓരോ ജില്ലയുടെയും വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന പരിപാടികള്‍ ആവിഷ്കരിക്കുന്നതാണ് രണ്ടാ മത്തെ നടപടി.


കോഴിക്കോട് ജില്ലയില്‍ ജനസമ്പര്‍ക്കപരിപാടിക്ക് മുന്നോടിയായി ശയ്യാവലംബികളായ 296 രോഗികളുടെ വീടുകളില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവര്‍ക്കായി 1.53 കോടി രൂപയുടെ ധനസഹായത്തിനാണ് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയുടെ സമഗ്രവികസനത്തിനായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ ഭൂമിയില്‍ സ്മാര്‍ട്ട് സിറ്റി മാതൃകയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഐടി പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ വി.എം. ഉമ്മര്‍ മാസ്റര്‍, സി.മോയിന്‍കുട്ടി, ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് കെ.സി. അബു, യുഡിഎഫ് കണ്‍വീനര്‍ അഡ്വ. പി. ശങ്കരന്‍, മനയത്ത് ചന്ദ്രന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.