ഇ. ശ്രീധരന്റെ സേവനം സംസ്ഥാനത്തിന് അനിവാര്യം: ധനമന്ത്രി കെ.എം. മാണി
ഇ. ശ്രീധരന്റെ സേവനം സംസ്ഥാനത്തിന് അനിവാര്യം: ധനമന്ത്രി കെ.എം. മാണി
Tuesday, April 28, 2015 12:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗതാഗത സൌകര്യ വികസനത്തിന് ഇ.ശ്രീധരന്റെ വൈദഗ്ധ്യവും സേവനവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായമാണു തനിക്കുള്ളതെന്നു മന്ത്രി കെ.എം.മാണി. മറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്.

തിരുവനന്തപുരത്തും കോഴിക്കോട്ടും മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റം (എംആര്‍ടിഎസ്) നിര്‍മിക്കുന്നതിനു ശ്രീധരന്റെ സേവനം ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ധനമന്ത്രിയും ധനവകുപ്പും അനുകൂലമല്ലെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

ഈ പ്രോജക്ടുകളുടെ സുഗമമായ നടത്തിപ്പിനു ശ്രീധരന്റെ സേവനം അനിവാര്യമാണെന്ന നിലപാടാണു ധനമന്ത്രി സ്വീകരിച്ചത്. എംആര്‍ടിഎസ് പ്രോജക്ട് നിര്‍വഹണത്തില്‍ ധനവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പദ്ധതിയുടെ മരാമത്തുപണികള്‍ കാലതാമസം കൂടാതെ അടിയന്തരമായി തുടങ്ങണമെന്നാണു ധനവകുപ്പ് നിര്‍ദേശിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെന്ന് ഉറപ്പാക്കാന്‍ പദ്ധതിയില്‍ ചില പ്രായോഗിക പരിഷ്കാരങ്ങള്‍ മാത്രമാണു ധനവകുപ്പ് നിര്‍ദേശിച്ചത്. എന്നുമാത്രമല്ല ഭൂമി ഏറ്റെടുക്കുന്നതിനും മരാമത്തു പണികള്‍ക്കുമുള്ള ചെലവുകള്‍ക്ക് 2015-16ലെ ബജറ്റ് വിഹിതം ഉപയോഗിക്കാമെന്നും നിര്‍ദേശിച്ചിരുന്നതായി മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.