അവസാന ഞായറാഴ്ചയും മധുസൂദനന്‍ ഹാജര്‍
അവസാന ഞായറാഴ്ചയും മധുസൂദനന്‍ ഹാജര്‍
Tuesday, April 28, 2015 12:51 AM IST
തളിപ്പറമ്പ്: അവധികളെടുക്കാതെ ഞായറാഴ്ചകളില്‍പ്പോലും ഓഫീസിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ അപൂര്‍വ മാതൃക കാട്ടിയ മധുസൂദനന്‍ വിരമിക്കുന്നു. ഈമാസം 30ന് വിരമിക്കാനിരിക്കുമ്പോഴും പതിവു തെറ്റിക്കാതെ കഴിഞ്ഞ ഞായറാഴ്ചയും ഇദ്ദേഹം ഓഫീസിലെത്തി ജോലികള്‍ നിര്‍വഹിച്ചു.

ചിറക്കല്‍ സ്വദേശിയായ ഉമ്മാടിയന്‍ മധുസൂദനന്‍ 1984 സെപ്റ്റംബര്‍ മൂന്നിനു വയനാട്ടിലെ പനമരം കൃഷി വികസന ഓഫീസില്‍ എല്‍ഡി ക്ളാര്‍ക്കായാണു സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 31 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇദ്ദേഹം അവധിയെടുത്തതു വിവാഹത്തിനും വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞപ്പോഴും മാത്രമാണ്. ചികിത്സയ്ക്കായി നാലു മാസത്തെ മെഡിക്കല്‍ ലീവാണ് എടുത്തത്. വിവാഹത്തിനെടുത്തത് അഞ്ചു ദിവസത്തെ അവധിയും. ഞായറാഴ്ചകള്‍ ഉള്‍പ്പെടെ മിക്ക പൊതുഅവധി ദിനങ്ങളിലും ഓഫീസില്‍ ഇദ്ദേഹം കര്‍മനിരതനായിരുന്നു.

വയനാട്ടിലെ രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം കാസര്‍ഗോട്ടും ഇദ്ദേഹം ജോലി നോക്കി. 2003ലാണ് തളിപ്പറമ്പ് കൃഷി അസി.ഡയറക്ടര്‍ ഓഫീസില്‍ ചുമതലയേറ്റത്. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന ബ്ളോക്കായ തളിപ്പറമ്പിലെ ഈ ഓഫീസിനു കീഴില്‍ 11 കൃഷി ഭവനുകളാണുള്ളത്. ടൈപ്പിസ്റ് ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ മാത്രമുള്ള ഓഫീസില്‍ എത്രചെയ്താലും തീരാത്ത ജോലികളായിരുന്നു. രാവിലെ 9.30ന് ഓഫീസിലെത്തുന്ന മധുസൂദനന്‍ തിരിച്ചു പോകുന്നത് രാത്രി എട്ടരയോടെയാണ്.


ഓഫീസില്‍ ചെയ്തു തീര്‍ക്കാന്‍ ധാരാളം ജോലി ബാക്കി കിടക്കുമ്പോള്‍ അവധിയെടുത്തു വീട്ടിലിരിക്കാന്‍ പറ്റാറില്ലെന്നും ജോലിയില്‍നിന്ന് എന്തെന്നില്ലാത്ത ആത്മനിര്‍വൃതിയാണ് ഉണ്ടാകുന്നതെന്നും മധുസൂദനന്‍ പറയുന്നു. ഹര്‍ത്താല്‍ പ്രഖ്യാപനം മുന്‍കൂട്ടിയറിഞ്ഞാല്‍ തലേദിവസം ഓഫീസിലെത്തി രാത്രി ഓഫീസില്‍ കഴിച്ചു കൂട്ടി പിറ്റേദിവസം മുടങ്ങാതെ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. വീട്ടിലെയും ബന്ധുക്കളുടെയും ചടങ്ങുകളില്‍ ജോലിക്കു തടസം വരാതെ സമയം കണ്െടത്തി പങ്കെടുക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ക്കാര്‍ക്കും മധുസൂധനന്റെ ജോലിയോടുള്ള അസാധാരണമായ ആവേശത്തോടു വിയോജിപ്പുണ്ടായിരുന്നില്ല.

ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ അതെങ്ങനെയാണു തന്റെ തുടര്‍ന്നുള്ള ജീവിതത്തെ ബാധിക്കുകയെന്ന ആശങ്കയുണ്െടന്നു മധുസൂദനന്‍ പറയുന്നു. അതേസമയം, അധികൃതര്‍ അനുവദിച്ചാല്‍ പുതിയ ചുമതലക്കാരന്‍ എത്തുന്നതുവരെ ഓഫീസ് ജോലികള്‍ ചെയ്യാനും ഇദ്ദേഹം തയാറാണ്. ജീവിതത്തിലിന്നേവരെ ഇദേഹം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. കണ്ണപുരത്തെ പരേതരായ കല്യാണി-മാധവന്‍ ദമ്പതികളുടെ ഏക മകനാണ്.

ഭാര്യ: കോളംകട ഉഷാദേവി. മക്കള്‍: ഋഷി പ്രസാദ്, സുകന്യ, സുനിത. മധുസൂദനനു നാളെ സഹപ്രവര്‍ത്തകര്‍ വിപുലമായ യാത്രയയപ്പ് ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.