സെറ്റ് പരീക്ഷാഫലത്തിനു പിന്നില്‍ ഗൂഢാലോചനയും പകപോക്കലുമെന്ന് എന്‍എസ്എസ്
സെറ്റ് പരീക്ഷാഫലത്തിനു പിന്നില്‍ ഗൂഢാലോചനയും പകപോക്കലുമെന്ന് എന്‍എസ്എസ്
Tuesday, April 28, 2015 12:27 AM IST
ചങ്ങനാശേരി: ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സെറ്റ് പരീക്ഷാഫലത്തിനു പിന്നി ല്‍ ഗൂഢാലോചനയും പകപോക്കലും നടന്നതായി സംശയിക്കുനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സെറ്റ് ഫലം പുറത്തുവന്നപ്പോള്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 5.64 ശതമാനവും ഒബിസി വിഭാഗത്തിലുള്ളവര്‍ 21.49 ശതമാനവും എസ്സി, എസ്ടി വിഭാഗത്തിലുള്ളവര്‍ 31.50 ശതമാനവും, വിഎച്ച്, പിഎച്ച് വിഭാഗത്തിലുള്ളവര്‍ 39.38 ശതമാനവും വിജയിച്ചുവെന്നാണു വിവരാവകാശ നിയമപ്രകാരം എല്‍ബിഎസില്‍നിന്നു കിട്ടിയ രേഖകള്‍ വെളിപ്പെടുത്തുന്നത്. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വിജയശതമാനം കുറയാന്‍ കാരണം രണ്ടുപേപ്പറിനുംകൂടി ജയിക്കാന്‍ വേണ്ട മാര്‍ക്ക് 50 ശതമാനം നിലനിര്‍ത്തിയതും ഓരോ പേപ്പറിനും ജയിക്കാന്‍വേണ്ട സെപ്പറേറ്റ് മിനിമം എല്ലാവിഭാഗങ്ങള്‍ക്കും 35 ശതമാനം ആയിരുന്നത് ജനറല്‍ വിഭാഗത്തിനുമാത്രം 40 ശതമാനമായി വര്‍ധിപ്പിച്ചതുമാണെന്നു വ്യക്തമാണ്.

അതേസമയം, ഓരോ പേപ്പറിനും വേണ്ട സെപ്പറേറ്റ് മിനിമം ജനറല്‍ വിഭാഗം ഒഴികെയുള്ളവര്‍ക്കെല്ലാം 35 ശതമാനമായി നിലനിര്‍ത്തുകയും രണ്ടു പേപ്പറിനുംകൂടി ജയിക്കാനുള്ള മാര്‍ക്ക് 50 ശതമാനത്തില്‍നിന്നും ഒബിസിക്ക് 45 ശതമാനമായി കുറയ്ക്കുകയും ചെയ്തു. എസ്സി, എസ്ടിക്കും വിഎച്ച്, പിഎച്ച് വിഭാഗത്തിനും 40 ശതമാനം കുറച്ചതാണ് അവരുടെ വിജയശതമാനം ഇത്രയും കൂടാന്‍ ഇടയായത്. സര്‍ക്കാരിന്റെ യാതൊരു നീതീകരണവുമില്ലാത്ത ഇത്തരം നടപടിയില്‍ ഇനി എങ്ങനെയാണു പ്രതിഷേധിക്കേണ്ടത് എന്നറിയില്ലെന്നു ജനറല്‍സെക്രട്ടറി പറഞ്ഞു. സമൂഹത്തില്‍ യാതൊരു തരത്തിലും ഒഴിവാക്കാന്‍പാടില്ലാത്ത ജനറല്‍ കാറ്റഗറി എന്ന വിഭാഗത്തോട് എന്തനീതി കാണിച്ചാലും ചോദിക്കാനും പറയാനും സര്‍ക്കാരോ ജനപ്രതിനിധികളോ നീതിബോധമുള്ള മാധ്യമങ്ങളോ സാംസ്കാരിക നായകരോ ഇല്ലാത്ത നാടായി നമ്മുടെ സംസ്ഥാനം അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2015-ലെ സെറ്റ് പരീക്ഷയ്ക്കുള്ള പ്രോസ്പെക്ടസ് ഇറങ്ങിക്കഴിഞ്ഞു. ജനറല്‍ കാറ്റഗറിക്ക് രണ്ടുപേപ്പറുകള്‍ക്കുംകൂടി ജയിക്കാനുള്ള മാര്‍ക്ക് 50ല്‍ നിന്നും രണ്ടുശതമാനം കുറച്ച് 48 ശതമാനമാക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ സെപ്പറേറ്റ് മിനിമത്തില്‍ അഞ്ച് ശതമാനം വര്‍ധിപ്പിച്ചതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മറ്റു വിഭാഗങ്ങള്‍ക്കാകട്ടെ കഴിഞ്ഞ പ്രാവശ്യം നിശ്ചയിച്ച മാനദണ്ഡം അതേപടി നിലനിര്‍ത്തിയിരിക്കുകയുമാണ്.


ജനറല്‍ കാറ്റഗറി ഒഴികെയുള്ളവരുടെ വിജയശതമാനം വര്‍ധിപ്പിക്കണമെന്ന സദുദ്ദേശ്യമായിരുന്നു ലക്ഷ്യമെങ്കില്‍ ജയിക്കാനാവശ്യമായ മിനിമം മാര്‍ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ കുറച്ചാല്‍ മതിയാകുമായിരുന്നില്ലേയെന്നും ജനറല്‍ സെക്രട്ടറി ചോദിച്ചു. അങ്ങനെ ചെയ്യാതിരുന്നത് ജനറല്‍ കാറ്റഗറിയില്‍പെട്ടവരുടെ വിജയശതമാനം മനഃപൂര്‍വം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു. ഈ വിജയശതമാനം വ്യക്തമാക്കുന്നതും അതുതന്നെയല്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ പ്രോസ്പെക്ടസില്‍ ജനറല്‍ കാറ്റഗറിക്ക് രണ്ടുപേപ്പറിനുംകൂടി ജയിക്കാന്‍ ആവശ്യമായ 50 ശതമാനം 48 ആക്കിയത് ഏതുവിധത്തിലുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. ഇതിന്റെ റിസള്‍ട്ട് വരുമ്പോള്‍ ജനറല്‍ കാറ്റഗറിയുടെ അവസ്ഥ എന്താകുമെന്ന് അന്നു മാത്രമേ അറിയാന്‍കഴിയൂ.

ഇതിന്റെയെല്ലാം പിന്നില്‍ ഗൂഢാലോചനയുണ്െടായെന്നു സംശയമുണ്ട്. രാഷ്ട്രീയമായും സാമുദായികമായും അല്ലാതെയുമുള്ള പകപോക്കലിന്റെ ഭാഗമല്ലേയെന്നു സംശയിക്കുന്നതായി സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാന ത്തെ വിദ്യാഭ്യാസവകുപ്പിനോ ഗ വണ്‍മെന്റിനോ ഇതു സംബന്ധിച്ച് ഒന്നും പറയാനില്ല. ഇവിടെ ഏതു മുന്നണി ഭരിച്ചാലും ജനറല്‍ കാറ്റഗറി എന്ന സംവരണേതരവിഭാഗം അവരെ സംബന്ധിക്കുന്ന കാര്യങ്ങളിലെല്ലാം നേരിടുന്ന ദുര്യോഗത്തില്‍ ഒന്നുമാത്രമാണിത്. ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസര സമത്വവും തുല്യനീതിയും വ്യവസ്ഥ ചെയ്തിരിക്കുമ്പോള്‍ ഇവിടെ നടക്കുന്നത് ഇത്തരം വിവേചനവും വിഭാഗീയതയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെയും മറ്റു പിന്നോക്കവിഭാഗങ്ങളെയും ഭരണഘടന അനുശാസിക്കുന്നവിധം ഉദ്ധരിക്കുന്നതില്‍ ആരും എതിരല്ല. പക്ഷേ, മറ്റുള്ളവരോടു കാണിക്കുന്ന ഈ വിവേചനത്തിന്റെയും ക്രൂരതയുടെയും ഉറവിടമാണു കണ്ടുപിടിക്കേണ്ടതെന്നും എന്‍എസ്എസ് ജനറ ല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.