മാനത്തെ പൂരത്തിന് ഒരു സിംപിള്‍ സാമ്പിള്‍
മാനത്തെ പൂരത്തിന് ഒരു സിംപിള്‍ സാമ്പിള്‍
Tuesday, April 28, 2015 12:11 AM IST
തൃശൂര്‍: തൃശൂര്‍ പൂരത്തിനു സാമ്പിള്‍ ഒരുക്കി മാനത്തെ പൂരം കൊടികയറി. തൃശൂരിലേക്കു കണ്ണും കാതും നീട്ടിയ ലോകത്തിനു നാളെ മഹാപൂരം.

മഴമേഘങ്ങള്‍ കയ്യടക്കിയ പൂരാകാശത്തെ വര്‍ണവിസ്മയത്തിന്റെ കാന്‍വാസാക്കിയാണ് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ തുടക്കമിട്ടത്. ദാ കണ്േടാ, കാണാന്‍പോണ പൂരത്തിന്റെ സാമ്പിള്‍ എന്ന മട്ടില്‍ ഇരുവിഭാഗവും ശബ്ദം കുറച്ചും വര്‍ണം കൂട്ടിയും സാമ്പിള്‍ സിംപിളാക്കി. വൈകിട്ട് 7.02നു തിരുവമ്പാടിയുടെ കുഴിമിന്നി ഉയര്‍ന്നതോടെ ആവേശവും തിരികൊളുത്തി. പെട്ടെന്നു നിര്‍ത്തിയപോലെ തിരുവമ്പാടി പൊട്ടിച്ചുതീര്‍ത്തു. ആറുമിനിറ്റിന്റെ ഇടവേളയ്ക്കുശേഷം പാറമേക്കാവും തിരികൊളുത്തി. ഗുണ്ടും അമിട്ടും ഇടകലര്‍ത്തി കൂട്ടപ്പൊരിച്ചിലിനു തൊട്ടുമുമ്പുമാത്രം ഓലപ്പടക്കം ചേര്‍ത്ത പുതിയ രീതിയാണ് തിരുവമ്പാടി പരീക്ഷിച്ചത്. ഗുണ്ടും ഓലയും അമിട്ടും ഇടകലര്‍ത്തിയ പാരമ്പര്യവഴി പാറമേക്കാവും തുടര്‍ന്നു. ഇരുകൂട്ടരും അമിട്ടുകളിലാണ് വര്‍ണപ്രപഞ്ചം തീര്‍ത്തത്. ഒന്നില്‍നിന്നും പലതായി, പല വര്‍ണത്തില്‍ വിരിയുന്ന അമിട്ടുകള്‍. പൊട്ടിയൊഴുകിയും, പാറിക്കളിച്ചും, തിരമാല തീര്‍ത്തും ആകാശത്തെ തൊടുന്നവ. ചിലത് ആകാശം തൊട്ടുവന്നു ഭൂമിയെ വന്ദിച്ചു കിടന്നു.

പാറമേക്കാവിന്റെ പുതുമുഖം സ്റിബിന്‍ സ്റീഫന്‍ പഴമയുടെ കരിമരുന്നു നിറച്ചാണ് പുതുമ തീര്‍ത്തത്. പുതുതലമുറയ്ക്കു പരിചിതമല്ലാത്ത, ഓര്‍മകളില്‍ മാഞ്ഞുപോയ പഴയകാല അമിട്ടുകളായിരുന്നു ഇവയില്‍ പ്രധാനികള്‍. കമ്പക്കെട്ടില്‍ ഹാട്രിക് തികച്ച് തിരുവമ്പാടിക്കായുള്ള മൂന്നാംമൂഴം മുണ്ടത്തിക്കോട് സതീഷും മോശമാക്കിയില്ല. അമിട്ടില്‍നിന്ന് അമിട്ടുകള്‍ പൊട്ടിവിരിഞ്ഞ് പാറിപ്പറക്കുന്ന ഏരിയല്‍ വാര്‍, വിരിഞ്ഞിറങ്ങുന്ന അമിട്ടില്‍നിന്ന് അലയടിച്ചുയര്‍ന്നുപൊങ്ങുന്ന വര്‍ണത്തിരമാലകളുടെ കളര്‍ വേവ്സ്, നൃത്തച്ചുവടുകളോടെ വിണ്ണില്‍നിന്നും മണ്ണിലേക്കു പറന്നിറങ്ങുന്ന ഡാന്‍സ് ഫോര്‍ ഡാന്‍സ്, വിരിഞ്ഞിറങ്ങുന്ന അമിട്ടിലെ ഗുളികകള്‍ പടക്കംപോലെ പൊട്ടിച്ചീറ്റുന്ന ക്രാക്ളിംഗ് ഇഫക്ട്, ഒരു ഷങ്കര്‍ സിനിമ പോലെ വിസ്മയം തീര്‍ക്കുന്ന ഐ, ത്രീ ഡി ഇഫക്ടില്‍ വിരിഞ്ഞിറങ്ങുന്ന ത്രീ ഡി അമിട്ടുകള്‍, പോയകാലത്തിന്റെ ഓര്‍മകളുണര്‍ത്തി 80 കളിലെ അമിട്ടിന്റെ പുനരാവിഷ്കാരമായ മെമ്മറീസ് എന്നിവയെല്ലാം കണ്ണിനു വിരുന്നായി.


വെടിക്കെട്ടുപ്രേമികള്‍ക്കു കഴിഞ്ഞവര്‍ഷം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ കഴിയാതെ പോയതിന്റെ എല്ലാ ക്ഷീണവും ഇന്നലെ തീര്‍ന്നു. വര്‍ണ അമിട്ടുകള്‍ക്കുശേഷം നഗരത്തെ പ്രകമ്പനം കൊള്ളിച്ച കുഴിമിന്നലുകളും കസറി. ഓലപ്പടക്കത്തിന്റെ എണ്ണവും ദൈര്‍ഘ്യവും വര്‍ധിപ്പിച്ചാണ് ഇരുകൂട്ടരും സാമ്പിളിനിറങ്ങിയത്. കാതടിപ്പിക്കുന്ന കുഴിമിന്നികള്‍ക്കു പിറകെ ഓലപ്പടക്കങ്ങള്‍ മുരള്‍ച്ചയോടെ പൊട്ടിനീങ്ങി. ചെറുതും വലുതുമായ ഗുണ്ടുകളും ഓല നീങ്ങുന്നതോടൊപ്പം മുന്നോട്ടുനീങ്ങി. പൂരഗോപുരങ്ങളെ പശ്ചാത്തലമാക്കി അതിനിടയിലും അമിട്ടുകള്‍ വാനില്‍നിറഞ്ഞു. കൈയടിച്ചും ആര്‍പ്പുവിളിച്ചും ഹര്‍ഷാരവങ്ങള്‍ മുഴക്കിയാണ് ജനക്കൂട്ടം സ്വരാജ് റൌണ്ടില്‍നിന്നും തിരിച്ചൊഴുകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.