മുഖപ്രസംഗം: യാത്രക്കാരെ ദ്രോഹിക്കരുത്, തൊഴിലാളികളും അധികൃതരും
Tuesday, April 28, 2015 10:35 PM IST
ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ പണിമുടക്കു മൂലം ഞായറാഴ്ച സംസ്ഥാനത്തുടനീളം ആയിരക്കണക്കിനു ട്രെയിന്‍ യാത്രക്കാരാണു വലഞ്ഞത്. ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ചിട്ടുണ്േടാ എന്നറിയാന്‍ നടത്തുന്ന ബ്രെത്ത് അനലൈസര്‍ പരിശോധനയെക്കുറിച്ചുള്ള തര്‍ക്കമാണു പണിമുടക്കിനു കാരണമായത്.

ഓള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റാഫ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറികൂടിയായ എറണാകുളം-കോട്ടയം- കായംകുളം പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റിനെ പരിശോധിക്കാന്‍ ചെന്നപ്പോഴാണു തര്‍ക്കം ഉടലെടുത്തത്. സാധാരണ നടത്താറുള്ള പാസീവ് പരിശോധനയ്ക്കു പകരം ആക്ടീവ് പരിശോധന നടത്താന്‍ ശ്രമിച്ചതിനെയാണ് ഇദ്ദേഹം എതിര്‍ത്തതെന്നു യൂണിയന്‍കാര്‍ പറയുന്നു. ബ്രെത്ത് അനലൈസര്‍ യന്ത്രത്തിലേക്കു നേരിട്ട് ഒരു തവണ ഊതിക്കുന്നതാണു പാസീവ് ടെസ്റ്. ഒരു സ്ട്രോ ഉപയോഗിച്ച് ഏതാനും നിമിഷങ്ങള്‍ തുടര്‍ച്ചയായി ഊതിക്കുന്നത് ആക്ടീവ് ടെസ്റ്. രണ്ടാമതു പറഞ്ഞ പരിശോധന അനാരോഗ്യകരമാണെന്നും ദിവസേന നിരവധി പേര്‍ ഉപയോഗിക്കുന്ന യന്ത്രത്തിലുള്ള വൈറസും മറ്റ് അണുക്കളും പരിശോധിതനെ ബാധിക്കാന്‍ ഇടയുണ്െടന്നുമായിരുന്നു ലോക്കോ പൈലറ്റുമാരുടെ വാദം. ഏതായാലും ലോക്കോ പൈലറ്റുമാരും പരിശോധകരും തമ്മിലുള്ള ഈ തര്‍ക്കംമൂലം മണിക്കൂറുകളോളം യാത്രക്കാര്‍ പെരുവഴിയിലായി.

ദീര്‍ഘദൂര യാത്രയ്ക്കു ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നവര്‍ സുരക്ഷയും സമയനിഷ്ഠയും അത്യാവശ്യ സൌകര്യങ്ങളും പ്രതീക്ഷിക്കുന്നു. അതു നല്‍കാന്‍ റെയില്‍വേയ്ക്കു ബാധ്യതയുമുണ്ട്. ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുകയും തിരിച്ചുവരുകയും ചെയ്യുന്ന ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ആശ്രയം ട്രെയിനുകളാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന വൈകിയോടലുകളും ഗതാഗത തടസങ്ങളും പണിമുടക്കുകളും ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ലെന്നത് എല്ലാവരും മനസിലാക്കേണ്ടതുണ്ട്.

ഉത്തരേന്ത്യന്‍ നഗരങ്ങളില്‍നിന്ന് നാട്ടിലെത്താന്‍ മൂന്നു നാലും ദിവസം ട്രെയിനിലിരുന്നു മടുത്ത നിരവധി യാത്രക്കാര്‍ ഞായറാഴ്ചത്തെ ലോക്കോ പൈലറ്റ് സമരംമൂലം വല്ലാതെ വലഞ്ഞു. കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ ബസ് സര്‍വീസ് നടത്തി കുറേപ്പേര്‍ക്കു യാത്രാസൌകര്യമൊരുക്കിയെങ്കിലും വിദൂരസ്ഥലങ്ങളില്‍നിന്നു ലഗേജുമൊക്കെയായി എത്തിയവര്‍ക്കു ട്രെയിനിലോ റെയില്‍വേ സ്റേഷനിലോ മണിക്കൂറുകള്‍ കാത്തിരിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇതിനിടെ, എസി കംപാര്‍ട്ട്മെന്റുകളിലുള്‍പ്പെടെ വെള്ളം തീര്‍ന്നത് അവരുടെ ദുരിതം വര്‍ധിപ്പിച്ചു.

ഇത്തരമൊരു സാഹചര്യം ഉണ്ടായതിനു പ്രധാന കാരണം ലോക്കോ പൈലറ്റുമാര്‍ക്കു തങ്ങളുടെ സംഘടിതശക്തിയെക്കുറിച്ചുള്ള ധാര്‍ഷ്ട്യംതന്നെയാണ്. റെയില്‍വേയുടെ മുന്‍കരുതലില്ലായ്മയും എടുത്തുപറയേണ്ടതുണ്ട്. ഇത്തരമൊരു തര്‍ക്കം ഉയരുമ്പോള്‍ എത്രയും പെട്ടെന്ന് അതു പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. നിലവിലുള്ള പരിശോധനാ രീതികളില്‍ മാറ്റം വരുത്തുന്നുവെങ്കില്‍ അതു സംബന്ധിച്ചു ജീവനക്കാരുമായി ചര്‍ച്ച നടത്തുകയും ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തുകയും ചെയ്യേണ്ടിയിരുന്നു.


മിന്നല്‍ പണിമുടക്കിന്റെ ക്ളേശം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്നതു സാധാരണ യാത്രക്കാരായിരുന്നുവെന്ന കാര്യം ആരും വിസ്മരിക്കരുത്. നീണ്ട മണിക്കൂറുകള്‍ പ്ളാറ്റ്ഫോമിലിരുന്നോ ട്രെയിനിന്റെ കംപാര്‍ട്ട്മെന്റിലിരുന്നോ സമരക്കാരെയും റെയില്‍വേയെയും ശപിക്കാനല്ലാതെ അവര്‍ക്ക് എന്തു ചെയ്യാനാവും? ദീര്‍ഘദൂര യാത്രക്കാര്‍ക്കായാലും ഹ്രസ്വദൂരക്കാര്‍ക്കായാലും പെട്ടെന്നുണ്ടാകുന്ന യാത്രാതടസങ്ങള്‍ സഹിക്കാവുന്നതിലപ്പുറമാണ്. പലരുടെയും പല പ്രധാന പരിപാടികളും മുടങ്ങും. യാത്രക്കാരോട് ഇത്തരം ക്രൂരത കാട്ടുന്നതു മനുഷ്യത്വമില്ലായ്മയാണ്.

സംഘടിതശക്തിയുടെ ധാര്‍ഷ്ട്യം കേരളത്തിലെ ജനങ്ങള്‍ക്കു ദ്രോഹകരമായിട്ടുള്ള അവസരങ്ങള്‍ എത്രയോ ആണ്! നമ്മുടെ തൊഴില്‍ സംസ്കാരത്തിനു പേരുദോഷമുണ്ടാക്കുന്ന ഇത്തരം സംഘടിത സമരങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഏറെ പിന്നോട്ടടിച്ചിട്ടുമുണ്ട്. പരിശോധനയ്ക്കു വിധേയനാകാന്‍ വിമുഖത കാട്ടിയ യൂണിയന്‍ നേതാവുകൂടിയായ ലോക്കോ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതിനെത്തുടര്‍ന്നാണു ഞായറാഴ്ചത്തെ സമരം അവസാനിച്ചത്.

മദ്യപിച്ചിട്ടുണ്േടാ എന്നറിയാനുള്ള ആക്ടീവ് പരിശോധന കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയിലുടനീളം പ്രാബല്യത്തിലുണ്െടന്നാണു റെയില്‍വേ അധികൃതരുടെ വാദം. ഡ്യൂട്ടി തുടങ്ങുന്നതിന് എട്ടുമണിക്കൂര്‍ മുമ്പുവരെ മദ്യപിച്ചിട്ടുണ്േടാ എന്ന കാര്യം ഈ പരിശോധനയിലൂടെ വ്യക്തമാകും. ഡിസ്പോസബിള്‍ സ്ട്രോ ഉപയോഗിക്കുന്നതിനാല്‍ ഇത് യാതൊരുവിധ ആരോഗ്യപ്രശ്നവും ഉളവാക്കില്ലെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ നടന്ന പരിശോധനയില്‍ രണ്ടു ജീവനക്കാര്‍ മദ്യപിച്ചിരുന്നതായി കണ്െടത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പരിശോധന കര്‍ശനമാക്കാന്‍ കാരണമായത്.

പണിമുടക്കിന്റെ പേരില്‍ നടപടിക്കു വിധേയരായവരെ ഇന്നു ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്കു വിളിപ്പിച്ചിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാനും പരിശോധന കര്‍ശനമാക്കുന്നെങ്കില്‍ അതു യാത്രക്കാരുടെ സുരക്ഷയെക്കരുതിയാണെന്ന കാര്യം ലോക്കോ പൈലറ്റുമാരെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനും റെയില്‍വേയ്ക്കു കഴിയണം. ചട്ടങ്ങള്‍ മുറുകെപ്പിടിക്കുന്നതു കാര്യക്ഷമത വര്‍ധിപ്പിക്കാനായിരിക്കണം; യാത്രക്കാര്‍ക്കു ദുരിതമുണ്ടാക്കുന്ന വിധത്തിലാകരുത്. തൊഴിലാളികള്‍ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലായിക്കൂടാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.