ജനതാദളിനെയും ആര്‍എസ്പിയെയും എല്‍ഡിഎഫുമായി സഹകരിപ്പിക്കും
Sunday, April 26, 2015 12:12 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആര്‍എസ്പി യും ജനതാദള്‍-യുണൈറ്റഡും യുഡിഎഫ് വിട്ടുവന്നാല്‍ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് വിട്ടുവന്നാല്‍ ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. ഇരുവരെയും സ്വീകരിക്കുന്നതില്‍ ഇടതുമുന്നണിയില്‍ എതിര്‍പ്പില്ല. ജനതാദള്‍-യു ഇടതുമുന്നണിയിലേക്കു മടങ്ങി വരുന്നതിന് ഇപ്പോള്‍ എല്‍ഡിഎഫിലുള്ള ജനതാദള്‍-എസിന് എതിര്‍പ്പില്ല. ജനതാദള്‍ ദേശീയ തലത്തില്‍ ഒന്നിച്ചതിനാല്‍ അനുകൂല സാഹചര്യമാണുള്ളത്. തീരുമാനം എടുക്കേണ്ടത് അതാതു പാര്‍ട്ടികളാണ്. മുന്നണി വിപുലീകരണം ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ കേസെടുക്കണം. ആരോപണവിധേയരായ മന്ത്രി കെ.എം. മാണിയും കെ. ബാബുവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മേയ് ഏഴിന് ഇടതുമുന്നണി സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തും. എല്‍ഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. 16നു പഞ്ചായത്ത് തലത്തില്‍ സായാഹ്ന ധര്‍ണ നടത്തും.


അഴിമതിക്കെതിരേ രംഗത്തുവന്നിട്ടുള്ള ആര്‍. ബാലകൃഷ്ണപിള്ളയെയും കേരള കോണ്‍ഗ്രസ്-ബിയെയും സമരങ്ങളില്‍ സഹകരിപ്പിക്കും. മന്ത്രി കെ.എം. മാണിക്ക് ഒരു കോടി കോഴ കൊടുത്തതും കെ. ബാബുവിന് പത്ത് കോടി കൊടുത്തതും വ്യത്യസ്ത സംഭവങ്ങളാണ്. രണ്ടും ഒന്നിച്ച് അന്വേഷിപ്പിച്ചു കേസ് അട്ടിമറിക്കാനാണു സര്‍ക്കാര്‍ ശ്രമം. മന്ത്രി വി.എസ്. ശിവകുമാറിനും യുഡിഎഫ് എംഎല്‍എയ്ക്കും കോഴ നല്‍കിയതായി ബിജു രമേശ് മൊഴിനല്‍കിയിട്ടുണ്ട്. എല്ലാ അഴിമതിയുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. വ്യക്തമായ തെളിവു പുറത്തു വന്നിട്ടും അന്വേഷിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കോടതിയില്‍ നല്‍കിയ മൊഴിയല്ലാതെ എന്തു തെളിവാണു വേണ്ടതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനത്തിലൂടെ അഞ്ചര ലക്ഷത്തോളം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കു കൈയൊഴിയാനാകില്ല. ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കു പിന്തുണ നല്‍കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായി വൈക്കം വിശ്വന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.