റബര്‍ ഇറക്കുമതിക്കു നിയന്ത്രണമില്ലെന്നു റബര്‍ ബോര്‍ഡ്
റബര്‍ ഇറക്കുമതിക്കു നിയന്ത്രണമില്ലെന്നു റബര്‍ ബോര്‍ഡ്
Saturday, April 25, 2015 12:30 AM IST
കോട്ടയം: റബര്‍ ഇറക്കുമതിക്ക് 2001 ഏപ്രില്‍ മുതല്‍ യാതൊരു നിയന്ത്രണവും ഇന്ത്യയില്‍ നിലവിലില്ലെന്ന് റബര്‍ ബോര്‍ഡ്. ഇതനുസരിച്ച് ആവശ്യക്കാര്‍ക്ക് കസ്റംസ് തീരുവയടച്ച് ഏതു രാജ്യത്തു നിന്നും എത്ര റബര്‍ വേണമെങ്കിലും ഇറക്കുമതി ചെയ്യാം. അതിനാല്‍ തന്നെ വിദേശവിപണിയില്‍ ഒരു പരിധിക്കപ്പുറം വില കുറഞ്ഞിരുന്നാല്‍ ഇറക്കുമതി നിര്‍ബാധം നടക്കും. ഇപ്പോള്‍ നടക്കുന്നതും അതു തന്നെയാണെന്ന് റബര്‍ ബോര്‍ഡ് പറയുന്നു.

ഇന്ത്യയില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നത് ഷീറ്റ് റബറാണെങ്കിലും മറ്റു രാജ്യങ്ങളില്‍ മുഖ്യ ഉത്പാദനം ബ്ളോക്ക് റബറാണ്. ടയര്‍ കമ്പനികള്‍ക്ക് അവരുടെ ആവശ്യത്തിന്റെ 70 ശതമാനത്തോളം ബ്ളോക്ക് റബര്‍ ഉപയോഗിക്കാന്‍ പറ്റും. ഷീറ്റിനേക്കാള്‍ മിക്കപ്പോഴും ബ്ളോക്ക് റബറിനു വിലക്കുറവ് ഉള്ളതിനാല്‍ ടയര്‍കമ്പനികള്‍ ഷീറ്റിനു പകരം ബ്ളോക്ക് ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നത്. എന്നാല്‍, അവര്‍ക്കാവശ്യമുള്ള ബ്ളോക്ക് റബറിന്റെ നാലിലൊന്നു പോലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. ബ്ളോക്ക് റബര്‍ ഫാക്ടറികള്‍ തന്നെ സമര്‍പ്പിച്ചിരിക്കുന്ന റിട്ടേണ്‍ അനുസരിച്ച് 2013-14ല്‍ ഇന്ത്യയില്‍ നിര്‍മിച്ച ബ്ളോക്ക് റബര്‍ 1,06,000 ടണ്ണാണ്. ടയര്‍കമ്പനികള്‍ക്ക് 4,60,000 ടണ്ണോളം ബ്ളോക്ക് റബര്‍ സാങ്കേതികമായി ഉപയോഗിക്കും. അതിനാല്‍ വലിയ അളവില്‍ ബ്ളോക്ക് റബര്‍ ഇറക്കുമതിചെയ്യപ്പെടുന്നു. 2013-14ലെ മൊത്തം ബ്ളോക്ക് റബറുപഭോഗം 3,22,250 ടണ്‍ ആയിരുന്നു. ഇതില്‍ 2,42,000 ടണ്ണും ഇറക്കുമതിയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഷീറ്റിന്റെയോ ലാറ്റക്സിന്റെയോ ഉത്പാദനം കുറച്ചു കാണിക്കുന്നത് ഇറക്കുമതിയെ സഹായിക്കുമെന്നു പറയുന്നതില്‍ വസ്തുതയില്ലെന്നു റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. സ്ഥിതി വിവരക്കണക്കുകളില്‍ വ്യത്യാസം വരുത്തുന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണ്. 2010 മാര്‍ച്ചില്‍ കൂടിയ ബോര്‍ഡിന്റെ സ്റാറ്റിസ്റിക്സ് ആന്‍ഡ് മാര്‍ക്കറ്റ് ഡെവലപ്മെന്റ് കമ്മിറ്റി രാജ്യത്തെ റബറിന്റെ സ്റോക്ക് സംബന്ധിച്ചുള്ള കണക്കില്‍ കുറവു വരുത്താന്‍ തീരുമാനിച്ചിരുന്നു.

വന്‍കിട-ചെറുകിട കര്‍ഷകര്‍, വ്യാപാരികള്‍, വ്യവസായികള്‍ തുടങ്ങി റബര്‍മേഖലയിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്നതാണു ഈ കമ്മിറ്റി. തുടര്‍ന്ന് സമാനമായ ഒരു കുറവ് 2011 ജൂണിലും വരുത്തുകയുണ്ടായി. എന്നാല്‍, സ്റോക്കിന്റെ കണക്കില്‍ കുറവു വരുത്തിയപ്പോള്‍ തദനുസരണമായ കുറവ് ആ സമയങ്ങളില്‍ ഉത്പാദനത്തിന്റെ കണക്കില്‍ വരുത്തുകയുണ്ടായില്ല. ഇത് മൊത്തം കണക്കില്‍ ഒരു പൊരുത്തക്കേടിനു കാരണമായി. കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 2014 സെപ്റ്റംബര്‍ 26നു കൊച്ചിയില്‍ ചേര്‍ന്ന ദേശീയ റബര്‍നയ രൂപവത്കരണയോഗത്തില്‍ ഈ പ്രശ്നം ചര്‍ച്ചയ്ക്കു വരികയും കണക്കിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു. ഇതിനായി ഒരു 16 അംഗ സാങ്കേതികഉപസമിതിയെ പ്രസ്തുതയോഗം നിയമിക്കുകയും ചെയ്തു.


റബര്‍ മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളും റബര്‍ബോര്‍ഡിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പ്രസ്തുത സമിതി ഈപ്രശ്നം കൂടുതല്‍ വിശദമായി പഠിക്കാന്‍ മേഖലയ്ക്കു പുറത്തുനിന്നുള്ള വിദഗ്ധരടങ്ങുന്ന ഒരു പാനലിനെ നിയോഗിച്ചു. പ്രസ്തുത പാനല്‍ ബോര്‍ഡിന്റെ കഴിഞ്ഞ 20-30 വര്‍ഷങ്ങളിലെ കണക്കുകള്‍ വിശദമായി പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പതിനാറംഗ ഉപസമിതിക്ക് പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇറക്കുമതിക്കനുകൂലമായ നിലപാടിന് ഒത്താശ ചെയ്യാനാണു റബര്‍ ബോര്‍ഡ് കണക്കുകള്‍ തിരുത്തി പുതിയത് പ്രസിദ്ധീകരിച്ചതെന്ന ആരോപണവുമായി സംയുക്തകര്‍ഷകസമിതി രംഗത്തുവന്നിരുന്നു.

വിലയിടിവ്: വിദഗ്ധരുടെ യോഗം ഇന്ന്

കോട്ടയം: റബര്‍ വിലയിടിവ് തടയാന്‍ കേരളാ കോണ്‍ഗ്രസ്-എം ആഭിമുഖ്യത്തില്‍ കര്‍ഷക വ്യാപാര സാമ്പത്തിക സാങ്കേതിക വിദഗ്ധരുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു കോട്ടയത്ത് ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ ചേരും. സംസ്ഥാന ബജറ്റില്‍ അനുവദിച്ച് 300 കോടി രൂപയുടെ വിനിയോഗത്തെക്കുറിച്ചു ചര്‍ച്ച ചെയ്യും. ഇറക്കുമതി ചുങ്കം 25 ശതമാനമായി ഉയര്‍ത്തുക, കേന്ദ്രസര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നും 500 കോടിയെങ്കിലും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എം. മാണി, ജോസ് കെ. മാണി, ജോയി എബ്രഹാം എന്നിവര്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതനുസിച്ച് 28ന് എംപി മാരുടെ യോഗം വിളിക്കാന്‍ വാണിജ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.