എംടിക്കു ലഭിക്കുന്ന പുരസ്കാരം മലയാളത്തിനുള്ള അംഗീകാരം: മുഖ്യമന്ത്രി
എംടിക്കു ലഭിക്കുന്ന പുരസ്കാരം മലയാളത്തിനുള്ള അംഗീകാരം: മുഖ്യമന്ത്രി
Saturday, April 25, 2015 12:26 AM IST
കൊച്ചി: എംടി വാസുദേവന്‍ നായര്‍ക്കു ലഭിക്കുന്ന പുരസ്കാരം മലയാളത്തിനാകെ ലഭിക്കുന്ന അംഗീകാരമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെ പീപ്പിള്‍ ഓഫ് ദ ഇയര്‍ പുരസ്കാരം എം.ടിക്കു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത് ഏതു കേരളീയനും ലഭിക്കുന്ന അംഗീകാരമാണ്. ഇതിനു മുന്‍കൈ എടുത്ത ലിംക പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഭാഷയ്ക്കും സാഹിത്യത്തിനും ഒരിടം ലഭിക്കുന്നത് തികച്ചും ആനന്ദകരമായ കാര്യമാണെന്നു മറുപടി പ്രസംഗത്തില്‍ എംടി ചൂണ്ടിക്കാട്ടി. ലിംക ബുക്സിന്റെ ഈ വര്‍ഷത്തെ പ്രമേയമായി സാഹിത്യത്തെ തെരഞ്ഞെടുത്തതും ഉചിതമായി. സാധാരണഗതിയില്‍ സ്പോര്‍ട്സിനും മറ്റുമാണ് ഇത്തരം വേളകളില്‍ പ്രാമുഖ്യം കിട്ടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും എംടി വാസുദേവന്‍ നായരും ചേര്‍ന്നു ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ് 2015ന്റെ മലയാളം പരിഭാഷ പ്രകാശനംചെയ്തു. ലിംക ബുക് ഓഫ് റിക്കാര്‍ഡ്സ് എഡിറ്റര്‍ വിജയഘോസും ചടങ്ങില്‍ സംബന്ധിച്ചു.

എഴുതുന്നത്, വായിക്കപ്പെടുമോയെന്ന വേവലാതി ഇല്ലാതെ: എംടി

കൊച്ചി: വായിക്കപ്പെടുമോ എന്ന വേവലാതി ഇല്ലാതെയാണു താന്‍ രചന നടത്തുന്നതെന്നു എം.ടി. വാസുദേവന്‍ നായര്‍. എഴുതുന്ന സമയത്തു വായിക്കപ്പെടുമോയെന്നോ വില്‍ക്കപ്പെടുമോയെന്നോ ഉള്ള ചിന്ത അലോസരപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെ മലയാളം പതിപ്പ് പ്രകാശന ചടങ്ങില്‍ വാണിജ്യവത്ക്കരണം നല്ല എഴുത്തിനെ കൊല്ലുകയാണോ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു എംടി.

പുസ്തകമായതിനു ശേഷം വില്‍ക്കപ്പെടുന്നുവെന്നു കേള്‍ക്കുമ്പോഴും പല പതിപ്പുകള്‍ പുറത്തുവന്നുവെന്നു കേള്‍ക്കുമ്പോഴും ഒക്കെ സന്തോഷം തോന്നാറുണ്െടന്നതു സത്യം തന്നെ. പക്ഷേ, വില്‍ക്കപ്പെടാനായി എന്തെങ്കിലും ചേരുവകള്‍ കണ്െടത്തി എഴുതുക എന്നതു പരിചയമില്ല. എഴുത്തുകാര്‍ വ്യാപാര സാധ്യതയെക്കുറിച്ച് ആലോചിച്ചതിനു ശേഷമാണ് എഴുത്തു നടത്തുന്നതെന്നു കരുതുന്നില്ല.


എഴുത്താണു മുഖ്യം. വ്യാപാര സാധ്യതകള്‍, അംഗീകാരങ്ങള്‍ ഒക്കെ പിന്നെ വരുന്നതു മാത്രം. മലയാളത്തിലെ വായനക്കാര്‍ വകതിരിവും വിവേചനശേഷിയുമുള്ളവരാണ്. അവര്‍ തന്നെ ഒരു തീരുമാനം എടുക്കും. പബ്ളിസിറ്റിയും ഹൈപ്പും വായനക്കാരെ സ്വാധിച്ചേക്കാം. പക്ഷേ, അവരെ നിര്‍ബന്ധിപ്പിച്ചു വായിപ്പിക്കാന്‍ സാധിക്കില്ല. അവരുടെ അധികാരവും സ്വാതന്ത്യ്രവുമാണത്.

മലയാളം താരതമ്യേന ചെറിയ ഭാഷയാണ്. പക്ഷേ, ആ ഭാഷയില്‍ എഴുതി ജീവിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തവരുടെ പിന്നാലെ വന്ന തലമുറയില്‍പ്പെട്ടയാളാണു താന്‍. ബിഗ് പബ്ളിസിറ്റി ഒന്നും ഇല്ലാതിരുന്ന കാലത്തായിരുന്നു അത്. ഒരു കാലത്തു മലയാളത്തില്‍ ചെറുകഥകള്‍ വായിക്കപ്പെടില്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍, തന്റേത് അടക്കം ചെറുകഥകള്‍ ഏറെ വില്‍ക്കപ്പെടുന്നുണ്െടന്നും എംടി ചൂണ്ടിക്കാട്ടി.

ഡിസി ബുക്സ് സിഇഒ രവി ഡിസി ആമുഖ പ്രസംഗം നടത്തി. ഇംഗ്ളീഷ് പോലെയുള്ള ഭാഷകളില്‍നിന്നു വ്യത്യസ്തമായി മികച്ച സാഹിത്യമൂല്യമുള്ള പുസ്തകങ്ങള്‍ തന്നെയാണു മലയാളത്തില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്നതെന്നു രവി ഡിസി ചൂണ്ടിക്കാട്ടി. ഇംഗ്ളീഷിലും മറ്റും ജനപ്രിയ പുസ്തകങ്ങള്‍ മികച്ച സാഹിത്യമൂല്യം ഉള്ള പുസ്തകങ്ങള്‍ ആയിരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ദ വീക്ക് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.ആര്‍. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരും സംവാദത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.