എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; ജയം 97.99 ശതമാനം
Tuesday, April 21, 2015 11:54 PM IST
തിരുവനന്തപുരം: എസ്എസ്എല്‍സിയില്‍ വിജയം റിക്കാര്‍ഡ് പുതുക്കി. എഴുതിയതില്‍ 97.99 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനം വര്‍ധന. 4,68,466 വിദ്യാര്‍ഥികള്‍ എഴുതിയതില്‍ 4,58,841 വിദ്യാര്‍ഥികളാണ് ജയിച്ചത്. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബാണു ഫലപ്രഖ്യാപനം നടത്തിയത്. മോഡറേഷന്‍ ഇല്ലായിരുന്നു. 12,287 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ഗ്രേഡ് ലഭിച്ചു. 1,913 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് സ്വന്തമാക്കിയ മലപ്പുറമാണ് ഏറ്റവുമധികം എ പ്ളസ് നേട്ടമുണ്ടാക്കിയത്.

1,501 സ്കൂളുകള്‍ 100 ശതമാനം വിജയത്തിന് അര്‍ഹരായി. ഇതില്‍ 471 സര്‍ക്കാര്‍ സ്കൂളുകളും 657 എയ്ഡഡ് സ്കൂളുകളും 373 അണ്‍ എയ്ഡഡ് സ്കൂളുകളുമുണ്ട്. മന്ത്രിയുടെ പട്ടികയില്‍ കണ്ണൂര്‍ റവന്യു ജില്ല (97.88 ശതമാനം) ഏറ്റവും കൂടുതല്‍ വിജയശതമാനത്തിന് അര്‍ഹരായെന്നു പറഞ്ഞപ്പോള്‍ പരീക്ഷാഭവന്‍ ജില്ല തിരിച്ചു നല്കിയ പട്ടികയില്‍ 98.97 ശതമാനവുമായി കോഴിക്കോട് റവന്യു ജില്ലയാണ് ഒന്നാമത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഏറ്റവും കുറവ് പാലക്കാടാണ് (93.42%).


മൂവാറ്റുപുഴ (99.30 %)യാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിജയിച്ച വിദ്യാഭ്യാസ ജില്ല. കുറവ് മണ്ണാര്‍കാടും (92.50%). പ്രൈവറ്റ് വിഭാഗത്തില്‍ 41.91 ശതമാനം വിജയിച്ചു. ഗള്‍ഫ് മേഖലയില്‍ 464 വിദ്യാര്‍ഥികളില്‍ 461 പേര്‍ വിജയിച്ചു. ലക്ഷദ്വീപില്‍ 1,128 വിദ്യാര്‍ഥികളില്‍ 896 പേര്‍ ജയിച്ചു.

മൂല്യനിര്‍ണയം ആരംഭിച്ച് 18 ദിവസങ്ങള്‍ക്കുള്ളിലാണു ഫലപ്രഖ്യാപനം. ടിഎച്ച്എസ്എല്‍സിയില്‍ 3,599ല്‍ 3,550 പേര്‍ ഉപരിപഠന യോഗ്യത നേടി. 98.64 ശതമാനം വിജയം. എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) വിഭാഗത്തില്‍ 97.83 ശതമാനം വിജയം. 322 പേര്‍ എഴുതിയതില്‍ 315 പേര്‍ ജയിച്ചു. 24 സ്കൂളുകള്‍ ഈ വിഭാഗത്തില്‍ നൂറുമേനി വിജയം നേടി.

എഎച്ച്എസ്എല്‍സിയില്‍ 96 ശതമാനമാണു വിജയം. 75ല്‍ 72 പേരാണ് ഉപരിപഠന യോഗ്യരായത്. ഈ വര്‍ഷം എസ്എസ്എല്‍സിയില്‍ 66,594 വിദ്യാര്‍ഥികള്‍ക്കും ടിഎച്ച്എസ്എല്‍സിയില്‍ 327 പേര്‍ക്കും എസ്എസ്എല്‍സി ഹിയറിംഗ് ഇംപേര്‍ഡില്‍ 250 പേര്‍ക്കും ടിഎച്ച്എസ്എല്‍സി(എച്ച്ഐ)യില്‍ ആറു പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.