പ്ളസ് വണ്‍ അപേക്ഷകള്‍ മേയ് ആറു മുതല്‍
Tuesday, April 21, 2015 12:23 AM IST
തിരുവനന്തപുരം: പ്ളസ്വണ്‍ പ്രവേശനത്തിനായി മേയ് ആറു മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായുള്ള അപേക്ഷാ സമര്‍പ്പണം മേയ് 20നു അവസാനിക്കും. തുടര്‍ന്നു ജൂണ്‍ മൂന്നിനു ട്രയല്‍ അലോട്ട്മെന്റ് നടത്തും. ജൂ ണ്‍ പത്തിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നായിരുന്നു ട്രയല്‍ അലോട്ട്മെന്റ്. രണ്ട് അലോട്ട്മെന്റുകളിലൂടെ പ്ളസ് വണ്‍ സീറ്റുകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കി ജൂലൈ ഒന്നിനു ക്ളാസുകള്‍ തുട ങ്ങും. മുഖ്യ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായാല്‍ ബാക്കിവരുന്ന സീറ്റുകളിലേക്കു പുതിയ അപേക്ഷകള്‍ ക്ഷണിച്ചു സപ്ളിമെന്ററി അലോട്ട്മെന്റുകളിലൂടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ് പറഞ്ഞു. ജൂലൈ 31ന് പ്രവേശനം അവസാനിപ്പിക്കും.

വിദ്യാര്‍ഥികള്‍ നല്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും മേയ് 20നുള്ളില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ സമര്‍പ്പിക്കണം.

അപേക്ഷകര്‍ക്കു സ്വന്തമായോ അല്ലെങ്കില്‍ പത്താം ക്ളാസ് പഠിച്ച ഹൈസ്കൂളുകളിലെ കംപ്യൂട്ടര്‍ ലാബ് സൌകര്യവും അധ്യാപകരുടെ സഹായവും അപേക്ഷാ സമര്‍പ്പണത്തിനായി ഉപയോഗിക്കാം. രണ്ടുഘട്ടങ്ങളിലായിട്ടാണു സ്പോര്‍ട്സ് ക്വോട്ട പ്രവേശന നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടം വിദ്യാര്‍ഥികള്‍ അവരുടെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ അതതു ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. രണ്ടാംഘട്ടം പ്ളസ്വണ്‍ പ്രവേശനത്തിനു യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ സ്കൂള്‍, കോഴ്സ് ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റിനു മുമ്പായി രണ്ടു പ്രത്യേക അലോട്ട്മെന്റുകള്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിനായി നടത്തും. ഒന്നാംഘട്ട രജിസ്ട്രേഷന്‍ മേയ് ആറുമുതല്‍ ജൂണ്‍ നാലു വരെയും രണ്ടാം ഘട്ട രജിസ്ട്രേഷന്‍ ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെയുമാണ്. ഒന്നാംഘട്ട സ്പോര്‍ട്സ് അലോട്ട്മെന്റ് ജൂണ്‍ 15നും അവസാന അലോട്ട്മെന്റ് ജൂണ്‍ 18നും നടക്കും.


സേ പരീക്ഷ മേയ് 11 മുതല്‍

തിരുവന്തപുരം: എസ്എസ്എല്‍സി നിലവില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കു മേയ് 11 മുതല്‍ 16 വരെ സേ പരീക്ഷകള്‍ നടത്തും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടും 2015 മാര്‍ച്ചില്‍ അവര്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റര്‍ക്ക് ഈ മാസം 28 മുതല്‍ സമര്‍പ്പിക്കണം. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഫോട്ടോകോപ്പി, സ്ക്രൂട്ടണി എന്നിവയ്ക്കായുള്ള അപേക്ഷകള്‍ ഈ മാസം 24 മുതല്‍ 28 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിന്റെ ഫലവും മേയില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കും.

ആകെ 3,61,130 പ്ളസ് വണ്‍ സീറ്റുകള്‍

തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശനത്തിനായി ആകെയുള്ളത് 3,61,130 സീറ്റുകള്‍. ഇതില്‍ 1,86,032 സയന്‍സ് സീറ്റുകളും 69,888 ഹ്യൂമാനിറ്റീസ് സീറ്റുകളും 1,05,210 കൊമേഴ്സ് സീറ്റുകളും ഉള്‍പ്പെടുന്നു.ആകെ 2,067 സ്കൂളുകളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 821ഉം 839 എയ്ഡഡ് സ്കൂളുകളും 362 അണ്‍ എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. റഡിഡന്‍ഷല്‍ സ്പെഷല്‍, ടെക്നിക്കല്‍ വിഭാഗങ്ങളിലായി 45 സ്കൂളുകളുണ്ട്. ആകെയുള്ള 7,210 ബാച്ചുകളില്‍ 3,713 സയന്‍സ് ബാച്ചുകളും 1,400 ഹ്യൂമാനിറ്റീസ് ബാച്ചുകളും 2,097 കൊമേഴ്സ് ബാച്ചുകളും ഉള്‍പ്പെടും. സര്‍ക്കാര്‍ മേഖലയില്‍ സയന്‍സിന് 1,279 , ഹ്യുമാനിറ്റീസിന് 679 ,കൊമേഴ്സിന് 866 ബാച്ചുകളാണുള്ളത്. എയ്ഡഡ് വിഭാഗത്തില്‍ സയന്‍സിന് 1,771, ഹ്യൂമാനിറ്റീസിന് 592, കൊമേഴ്സിന് 923 ബാച്ചുകളും ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.