ജനങ്ങളെ സഹായിക്കാന്‍ ചട്ടങ്ങള്‍ തടസം: മുഖ്യമന്ത്രി
ജനങ്ങളെ സഹായിക്കാന്‍  ചട്ടങ്ങള്‍ തടസം: മുഖ്യമന്ത്രി
Tuesday, April 21, 2015 11:54 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാം ഘട്ടത്തിനു തലസ്ഥാനത്തു തുടക്കം. 'കരുതല്‍- 2015' എന്ന പേരില്‍ തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടി സെന്‍ട്രല്‍ സ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. ജനങ്ങളെ സഹായിക്കാന്‍ ചില ചട്ടങ്ങള്‍ തടസം നില്‍ക്കുന്നുണ്െടന്നും ഇവയില്‍ മാറ്റം വരുത്തി ജനങ്ങളെ കൂടുതല്‍ സഹായിക്കുന്നതിനു സര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തേ നടത്തിയ ജനസമ്പര്‍ക്ക പരിപാടികളുടെ അടിസ്ഥാനത്തില്‍ പൊതുനന്മയ്ക്കു തടസങ്ങളാകുന്ന നിരവധി ചട്ടങ്ങളില്‍ മന്ത്രിസഭ മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ പരാതികള്‍ക്കും പരിഹാരം കാണാന്‍ പറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, കിട്ടുന്ന പരാതിയില്‍ ന്യായമായിട്ടുള്ളതിനു പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികളാണു ലഭിച്ചിരുന്നത്. ഇതില്‍ 15,810 പരാതികള്‍ നേരത്തേതന്നെ പരിശോധിച്ചു വിവിധ വകുപ്പുകളിലേക്ക് അയച്ചു. രാത്രി വൈകിയും അപേക്ഷകളും പരാതികളുമായി മുഖ്യമന്ത്രിയെ കാണാന്‍ ആളുകള്‍ സെന്‍ട്രല്‍ സ്റേഡിയത്തില്‍ എത്തി. കഴിഞ്ഞ ദിവസം വരെയുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കു മാത്രം 3.28 കോടി രൂപയുടെ സഹായമാണു ജനസമ്പര്‍ക്കത്തില്‍ വിതരണം ചെയ്തത്. ഇതുകൂടാതെ വൈകുന്നേരം വരെ നല്‍കിയത് 35.30 ലക്ഷം രൂപയുടെ സഹായമാണ്. നേരത്തേ അപേക്ഷിച്ചവരില്‍ ഏറ്റവും അര്‍ഹരായ 164 പേരുടെ അപേക്ഷകളാണു മുഖ്യമന്ത്രി നേരിട്ടു വേദിയില്‍ പരിഗണിച്ചത്.


ചുരുങ്ങിയ സമയത്തിനുള്ളില്‍ പകുതിയിലധികം പരാതികളില്‍ തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സമര്‍പ്പിച്ച 5,784 അപേക്ഷകളില്‍ 5,567ലും തീരുമാനമെടുത്തു. ഇക്കുറി രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും സഹായങ്ങളെത്തിക്കാന്‍ ഉദ്യോഗസ്ഥരെ പരാതിക്കാരുടെ വീടുകളില്‍ എത്തിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനചടങ്ങില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ തിരുവനന്തപുരത്തെ ചുമതലക്കാരന്‍കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, കെ. ബാബു, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.