പഴവര്‍ഗങ്ങളില്‍ വിഷമെന്നു പ്രചാരണം: കച്ചവടം ഇടിഞ്ഞെന്നു വ്യാപാരികള്‍
Tuesday, April 21, 2015 12:19 AM IST
കോഴിക്കോട്: മാരക വിഷാംശങ്ങളുണ്െടന്ന പ്രചാരണം പഴവര്‍ഗ വിപണിയെ തളര്‍ത്തുന്നതായി വ്യാപാരികളുടെ സംഘടന. കീടനാശിനിപ്രയോഗവും മരുന്നുകുത്തിവയ്ക്കലും വ്യാപകമാണെന്ന രീതിയിലാണു പ്രചാരണം. ഇതുകാരണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു 25 ശതമാനം വില്‍പന കുറഞ്ഞെന്ന് ഓള്‍ കേരള ഫ്രൂട്ട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാര്‍ബൈഡ് ഉപയോഗിച്ചു മാങ്ങ പഴുപ്പിക്കുന്നുണ്െടന്നും തണ്ണിമത്തന്‍ നിറം കൂട്ടാന്‍ കുത്തിവയ്പ് നടത്തുന്നുണ്െടന്നുമുള്ള പ്രചാരണം പഴവര്‍ഗ വില്‍പനയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കുപ്രചാരണത്തിനു പിന്നില്‍ വന്‍കിട ബേക്കറികളും സ്ഥാപനങ്ങളുമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിക്കുന്ന മാങ്ങകള്‍ മാര്‍ക്കറ്റില്‍ എത്തുന്നില്ല. ഏതുപഴം വന്നാലും ഉപയോഗിച്ചു നോക്കിയ ശേഷമേ വില്‍ക്കാറുള്ളൂ. എന്നാല്‍, കീടനാശിനിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പു പറയാനാകില്ല. ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമായ ഒരു പഴവര്‍ഗവും കേരളത്തില്‍ വില്‍ക്കില്ലെന്നു സര്‍ക്കാരിന് ഉറപ്പുനല്‍കിയതാണ്. ആര്‍ക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്െടങ്കില്‍ കേരളത്തിലേക്കു വരുന്ന ഫലവര്‍ഗങ്ങള്‍ പരിശോധിച്ചു വസ്തുത സര്‍ക്കാര്‍ പുറത്തു വിടണം.


സംസ്ഥാനത്തു പഴവര്‍ഗങ്ങളുടെ ഉപയോഗം കൂടുകയാണ്. ഇതു തടയാനാണു വിഷാംശം സംബന്ധിച്ച പ്രചാരണം. വേനലിന്റെ തുടക്കത്തിലും ഉത്സവ സീസണുകള്‍ ആരംഭിക്കുമ്പോഴുമാണ് ആശങ്ക പരത്തും വിധമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിദേശത്തുനിന്നുള്ള പഴങ്ങളുടെ ഇറക്കുമതി നിയമപരമായാണു നടക്കുന്നത്.

ആരോഗ്യ- ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കടകളില്‍നിന്നു പരിശോധനയ്ക്കെടുത്ത ഒരു സാമ്പിളില്‍ പോലും വിഷാംശം തെളിയിക്കാനായിട്ടില്ല. ഈ വിഷയത്തില്‍ ആരുമായും പരസ്യസംവാദത്തിനു തയാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് പി.വി.ഹംസ, ഭാരവാഹികളായ സി.ചന്ദ്രശേഖരന്‍ നായര്‍, പി.എം.എ. ഹുസൈന്‍, കെ.പി.മൂസഹാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.