കെ.കെ. രാഗേഷിനു ഡല്‍ഹിയില്‍ രണ്ടാമൂഴം
കെ.കെ. രാഗേഷിനു ഡല്‍ഹിയില്‍ രണ്ടാമൂഴം
Tuesday, April 21, 2015 12:19 AM IST
കണ്ണൂര്‍: രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് കെ.കെ. രാഗേഷിനു (44) ഡല്‍ഹിയിലിതു രണ്ടാമൂഴം. എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലായിരുന്നു രാജ്യതലസ്ഥാനത്തെ ആദ്യ പ്രവര്‍ത്തനം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനവുമായി ആറു വര്‍ഷത്തോളം ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. ഡല്‍ഹിയുടെ കളരിയില്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വം മലയാളികളിലൊരാള്‍ കൂടിയാണു ഈ കണ്ണൂരുകാരന്‍.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ. സുധാകരനെതിരേ മത്സരിക്കാനാണു രാഗേഷ് തലസ്ഥാനനഗരി വിട്ടത്. സിപിഎം ലേബലില്‍ എ.പി. അബ്ദുള്ളക്കുട്ടി രണ്ടുതവണ മത്സരിച്ചു ജയിച്ച കണ്ണൂരില്‍ ഉറച്ച വിജയപ്രതീക്ഷയോടെയായിരുന്നു പാര്‍ട്ടി രാഗേഷിനെ മത്സരിപ്പിച്ചത്. രാഗേഷിന്റെ കന്നിമത്സരം കൂടിയായിരുന്നു അത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പരാജയമായിരുന്നു ഫലം. 43,151 വോട്ടുകള്‍ക്കു സുധാകരനോട് അടിയറവ് പറയേണ്ടിവന്നു.

അതോടെ രാഗേഷിന്റെ രാഷ്ട്രീയഭാവി തകര്‍ന്നെന്ന വിലയിരുത്തലുകളുണ്ടായി. എന്നാല്‍, കണ്ണൂര്‍ കേന്ദ്രീകരിച്ചു പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്ന കടുത്ത പിണറായിപക്ഷക്കാരനായ രാഗേഷ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായി ഉയരുന്നതാണു പിന്നീടു കണ്ടത്. കര്‍ഷകസംഘം സംസ്ഥാന നിര്‍വാഹക സമിതിയിലും രാഗേഷെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ രാഗേഷിനു സീറ്റ് നല്‍കിയില്ലെങ്കിലും സിപിഎം സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യഅമരക്കാരനാക്കി.


ഇംഗ്ളീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദധാരിയായ രാഗേഷിന്റെ നേതൃത്വത്തില്‍ നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി നടത്തിയ പ്രചാരണത്തില്‍ സീറ്റ് തിരിച്ചുപിടിച്ചു. 'പീപ്പിള്‍സ് ഡെമോക്രസി' അടക്കമുള്ള ആനുകാലികങ്ങളില്‍ പതിവായി എഴുതാറുള്ള രാഗേഷ് സ്വാശ്രയ നിയമം-പ്രതീക്ഷയും പ്രതിരോധവും'എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. എസ്എഫ്ഐയുടെ മുഖമാസികയായ സ്റുഡന്റ്, സ്റുഡന്റ് സ്ട്രഗിള്‍ എന്നിവയുടെ പത്രാധിപരായിരുന്നു. നിലവില്‍ കേരള കര്‍ഷകസംഘം മുഖമാസികയായ 'കര്‍ഷകനാദം' പത്രാധിപരാണ്.

എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റിയില്‍നിന്നു നെയ്ത്തു തൊഴിലാളിയായി വിരമിച്ച സി. ശ്രീധരന്‍-കെ.കെ. യശോദ ദമ്പതികളുടെ മകനാണ്. എഴുത്തുകാരനും ചിന്തകനുമായ തളിപ്പറമ്പ് അള്ളാംകുളത്തെ വര്‍ഗീസിന്റെ മകള്‍ പ്രിയയാണു ഭാര്യ. ശാരിക, ചാരുത എന്നിവര്‍ മക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.