ശിവദാസന്‍ നായര്‍ക്കും ഡൊമിനിക് പ്രസന്റേഷനുമെതിരേ ജമീല പ്രകാശം ഹര്‍ജി നല്‍കി
Tuesday, April 21, 2015 12:09 AM IST
തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരായ ശിവദാസന്‍ നായര്‍ക്കും ഡൊമിനിക് പ്രസന്റേഷനുമെതിരേ ജമീല പ്രകാശം ഹര്‍ജി നല്‍കി.

തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയില്‍ ഇന്നലെ ഉച്ചയോടെ അഡ്വ.എം.രാജഗോപാലന്‍ നായര്‍ മുഖേനയാണു ഹര്‍ജി സമര്‍പ്പിച്ചത്. മാര്‍ച്ച് 13ന് ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണി എത്തിയപ്പോള്‍ എല്‍ഡിഎഫ് തീരുമാനപ്രകാരം താന്‍ സഹവനിതാ എംഎല്‍എമാരായ കെ.കെ. ലതിക, കെ.എസ്. സലീഖ, ഇ.എസ്. ബിജി മോള്‍, ഐഷാ പോറ്റി എന്നിവരുമൊപ്പം ചേര്‍ന്നു മുദ്രവാക്യം വിളിച്ചു പ്രതിഷേധിച്ചു.

ഈ അവസരത്തില്‍ പുറകില്‍നിന്ന് എത്തിയ ശിവദാസന്‍ നായര്‍ ചുറ്റിപിടിക്കുകയും വലതു കാല്‍മുട്ടുകൊണ്ടു ശരീരത്തിന്റെ പിന്‍ഭാഗത്ത് അമര്‍ത്തുകയും ചെയ്തുവെന്നാണു ഹര്‍ജിയിലെ ആരോപണം. അപ്പോള്‍ അടുത്തുണ്ടായിരുന്ന ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ പോടി, നീ പോയി നിന്റെ നാടാനെ വിളിച്ചു കൊണ്ടുവാടി എന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയില്‍ പരാമര്‍ശിക്കുന്നു. നിയമസഭയ്ക്കുള്ളിലെ എംഎല്‍എമാരും ജീവനക്കാരും ഗാലറിയിലെ സന്ദര്‍ശകരും കാണ്‍കെയാണു ശിവദാസന്‍ നായര്‍ കടന്നു പിടിച്ചതെന്നും ഇതു സ്ത്രീത്വത്തെ അപമാനിക്കലാണെന്നും ജമീല ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.