ദേശീയ മാസ്റേഴ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വൃദ്ധദമ്പതികള്‍ കടം വാങ്ങുന്നു
ദേശീയ മാസ്റേഴ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വൃദ്ധദമ്പതികള്‍ കടം വാങ്ങുന്നു
Monday, April 20, 2015 1:04 AM IST
സ്വന്തം ലേഖകന്‍

കുമരകം: സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നേടിയ എണ്ണമറ്റ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും കൈവശമുണ്െടങ്കിലും ഗോവയില്‍ നടക്കുന്ന ദേശീയ മാസ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണു വൃദ്ധദമ്പതികള്‍. കുമരകം പള്ളിത്തോപ്പില്‍ പുതിയാപറമ്പ് വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഐസക്കും(71) സി.പി. അന്ന(70)യുമാണു സാമ്പത്തിക പരാധീനതകള്‍ക്കിടയിലും വായ്പ വാങ്ങി ഈ മാസം 24 മുതല്‍ 29 വരെ ഗോവയില്‍ പാനാജിക്കടുത്തുള്ള ബംബോളി സിന്തറ്റിക് സ്റേഡിയത്തില്‍ നടക്കുന്ന 2015ലെ ദേശീയ മാസ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നത്. കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയംവച്ചും സുഹൃത്തുക്കളോടു പണം കടംവാങ്ങിയുമാണ് ഇവരുടെ യാത്ര. 23ന് എറണാകുളത്തുനിന്നു നേത്രാവതി എക്സ്പ്രസില്‍ ഇരുവരും യാത്രതിരിക്കും.

സി.പി. അന്ന 100 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ മാറ്റുരയ്ക്കുമ്പോള്‍ ഐസക്ക് 800 മീറ്ററിലും 1,500 മീറ്ററിലുമാണു മത്സരിക്കുക.

കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്നുവരെ കോഴിക്കോട് സെന്റ് ജോസഫ് കോളജ് സ്റേഡിയത്തില്‍ നടന്ന സംസ്ഥാന മാസ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ഐസക് 1500 മീറ്ററില്‍ ഒന്നാം സ്ഥാനവും 400 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടിയപ്പോള്‍ അന്ന 1500 മീറ്ററില്‍ ഒന്നാം സ്ഥാനവും 100 മീറ്ററില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.


അന്ന ചെറുപ്പംമുതല്‍ കായികമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. അഞ്ചാം ക്ളാസ് മുതല്‍ ഏഴാം ക്ളാസുവരെ കഞ്ഞിക്കുഴി മൌണ്ട് കാര്‍മല്‍ സ്കൂളില്‍ പഠിച്ചിരുന്നപ്പോഴാണ് അധ്യാപികയായിരുന്ന ബേബി ചാക്കോ, അന്നയിലെ കായികപ്രതിഭയെ കണ്െടത്തി പരിശീലിപ്പിച്ചത്.

പിന്നെ ഹൈസ്കൂളിലും ടിടിസി പഠിച്ചപ്പോഴും കായികാഭ്യസനവും മത്സരവും ഉപേക്ഷിച്ചില്ല. ടിടിസിക്കു പ്രവേശനം ലഭിച്ചതു കായിക സര്‍ട്ടിഫിക്കറ്റുടമയായതുകൊണ്ടാണെന്നും അന്ന ഓര്‍മിക്കുന്നു.

അധ്യാപികയായ ശേഷമാണു പോലീസുകാരനായ ഐസക്കിനെ വിവാഹം ചെയ്തത്. അന്നയുടെ പ്രേരണയാണ് ഐസക്കിലെ കായികപ്രതിഭയെ വളര്‍ത്തിയത്. രണ്ടുപേര്‍ക്കും വൈക്കത്തു ജോലി ലഭിച്ചതോടെ അവിടെ താമസമാക്കുകയായിരുന്നു.

ഒമ്പതു മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ നേടിയിട്ടുള്ള ദമ്പതികള്‍ക്കു രണ്ട് ആണ്‍മക്കളുണ്ട്. അനൂപ്കുമാര്‍, അയ്മേഷ്കുമാര്‍.

2013ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ മാസ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ ലഭിച്ചിട്ടും പണം ഇല്ലാത്തതിനാല്‍ പോകാന്‍ സാധിക്കാതെ വന്നതിന്റെ വിഷമം ഇനിയും ഈ ദമ്പതികളുടെ മനസില്‍നിന്നു മാഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.