ശബരിമലയില്‍ 31 കോടിയുടെ വികസന പദ്ധതി
ശബരിമലയില്‍ 31 കോടിയുടെ വികസന പദ്ധതി
Monday, April 20, 2015 12:59 AM IST
തിരുവനന്തപുരം: ശബരിമലയില്‍ 31 കോടി രൂപ ചെലവില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാസ്റര്‍പ്ളാന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാറിന്റെ അധ്യക്ഷതയിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡംഗം സുഭാഷ് വാസു എന്നിവരുടെ സാന്നിധ്യത്തിലും തിരുവനന്തപുരത്തു ചേര്‍ന്ന ശബരിമല മാസ്റര്‍പ്ളാന്‍ കമ്മിറ്റി യോഗത്തിലാണു തീരുമാനം. ശബരിമല സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന്റെ പണി പുരോഗമിക്കുന്നു. ജൂണ്‍ 30നു മുമ്പ് കമ്മീഷന്‍ ചെയ്യും. ഭണ്ഡാരം ആധുനിക സുരക്ഷാ സൌകര്യങ്ങളോടെ നിര്‍മിക്കാന്‍ തീരുമാനിച്ചു.

അയ്യപ്പഭക്തര്‍ക്കു മാളികപ്പുറം ഭാഗത്തു സുഗമമായി സഞ്ചരിക്കാനായി ഇപ്പോള്‍ അവിടെയുള്ള മാളികപ്പുറം ബില്‍ഡിംഗ് പൊളിച്ചുമാറ്റി പകരം പാണ്ടിത്താവളത്ത് 'ദര്‍ശനം കോംപ്ളക്സ്' എന്ന പേരില്‍ പുതിയ കെട്ടിടം നിര്‍മിക്കും. ശബരിമല ഡ്യൂട്ടിക്കെത്തുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും മറ്റു വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും താമസിക്കാനാണിത്. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള എല്ലാ ക്യൂ കോംപ്ളക്സുകള്‍ക്കും (ആകെ ഏഴ്) കരാര്‍ അനുമതി കൊടുത്തുകഴിഞ്ഞു. പാണ്ടിത്താവളത്ത് 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ണ്ട് വാട്ടര്‍ ടാങ്കുകള്‍ നിര്‍മിക്കും.

പമ്പയില്‍ ഒരു റസ്ററന്റ് ബ്ളോക്ക് നിര്‍മിക്കും. ഒരു അന്നദാന മണ്ഡപം സ്പോണ്‍സര്‍ഷിപ്പിലൂടെ പണിയും. പമ്പയില്‍ ഇപ്പോഴുള്ള ഗോഡൌണില്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം അപര്യാപ്തമായതിനാല്‍ പുതിയൊരു ഗോഡൌണ്‍ കെട്ടിടം നിര്‍മിക്കും. പമ്പയില്‍ നിലവിലുള്ള രണ്ട് ടോയ്ലറ്റ് ബ്ളോക്ക് കൂടാതെ മൂന്നാമതൊരു ശൌചാലയ സമുച്ചയവും പമ്പയില്‍ പുതിയ രണ്ടു വലിയ സേഫ്റ്റി ടാങ്കുകളും നിര്‍മിക്കും.


നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഏരിയ നവീകരിക്കും. ബസ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ലഘുഭക്ഷണ സൌകര്യത്തോടുകൂടി പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ശാസ്ത്രീയമായി സജ്ജമാക്കും. നിലയ്ക്കലിലെ ദേവസ്വം ഭൂമിയിലുള്ള റോഡുകള്‍ ടാര്‍ ചെയ്യും. റോഡിനിരുവശവും നടപ്പാത നിര്‍മിക്കും. വാഹനം വരുന്നതിനും പോകുന്നതിനുമുള്ള സൌകര്യങ്ങളൊരുക്കും. നിലയ്ക്കലില്‍ പുതുതായി ഒരു പില്‍ഗ്രിം ഷെല്‍ട്ടര്‍ പണിയും.

ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എന്‍ജിനിയര്‍മാരായ പി.എസ്. ജോളി ഉല്ലാസ്, ജി. മുരളീകൃഷ്ണന്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ശങ്കരന്‍പോറ്റി, ജി.എല്‍. വിനയകുമാര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ രാധാകൃഷ്ണന്‍, മഹേഷ് (പിത്താവാഡിയന്‍ കമ്പനി), അനില്‍, പോള്‍ ഡെയ്നാള്‍ഡ്, ദേവസ്വം അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ എന്നിവര്‍ ശബരിമല മാസ്റ്റര്‍ പ്ളാന്‍ മീറ്റിംഗില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.