കസ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനകം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കണമെന്ന്
Monday, April 20, 2015 12:37 AM IST
തിരുവനന്തപുരം: പോലീസ് ഒരാളെ കസ്റഡിയില്‍ എടുത്താല്‍ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റിസ് ജെ.ബി. കോശി. അറസ്റ് രേഖപ്പെടുത്തുന്ന സമയം മുതല്‍ 24 മണിക്കൂറിനകം മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയാല്‍ മതിയെന്ന ധാരണ തെറ്റാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിച്ച് യഥാര്‍ഥത്തില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് സ്റേഷനിലെ ജനറല്‍ ഡയറിയില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

വര്‍ക്കല സ്വദേശി സാഹിലയുടെ പരാതിയിലാണു നടപടി. സാഹിലയുടെ സഹോദരന്‍ അബുതാലിബിനെ മാര്‍ച്ച് 25ന് രാത്രി വര്‍ക്കല പോലീസ് അറസ്റ് ചെയ്തെന്നും അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറുന്നു. മേലുദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിട്ടും ഫലമില്ലെന്നും പരാതിയില്‍ പറയുന്നു.


കമ്മീഷന്റെ അന്വേഷണ വിഭാഗത്തോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. വര്‍ക്കല പോലീസ് സ്റേഷന്‍ ഹൌസ് ഓഫീസര്‍ മേയ് 29നകം വിശദീകരണം സമര്‍പ്പിക്കണം. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ശ്രദ്ധയിലും പരാതി കൊണ്ടുവരും. കേസ് ജൂണ്‍ നാലിനു രാവിലെ 11ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.