കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 100 കോടി കവിഞ്ഞു
കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 100 കോടി കവിഞ്ഞു
Monday, April 20, 2015 12:35 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിതരണം ചെയ്യാനുള്ള പെന്‍ഷന്‍ കുടിശിക 100 കോടി കവിഞ്ഞു. ഒരു മാസം പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്കു വേണ്ടത് 43 കോടി രൂപയാണ്.

അഞ്ചാം തീയതിക്കു മുമ്പാണു കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നത്. ഈ മാസത്തെ പെന്‍ഷന്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ മാസത്തെ 39 കോടി രൂപയും കുടിശികയുണ്ട്.

38,000ത്തോളം പെന്‍ഷന്‍കാരില്‍ 9,000 പേര്‍ 15,000 രൂപയ്ക്കു മുകളില്‍ പെന്‍ഷനുള്ളവരാണ്. പെന്‍ഷന്‍ വിതരണത്തിലെ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അതതു മാസം നല്‍കുന്ന പെന്‍ഷന്‍ പരിധി മാനേജ്മെന്റ് 15,000 രൂപയായി നിശ്ചയിച്ചിരുന്നു. ഇത്തരത്തില്‍ 9,000 പെന്‍ഷന്‍കാര്‍ക്കു ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കുടിശിക കിട്ടാനുണ്ട്. ഇത് 20 കോടിയോളം രൂപ വരും. ആകെ 102 കോടി രൂപയാണ് ഇപ്പോള്‍ കുടിശിക.


ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്തതിനാലാണു കുടിശിക വിതരണം വൈകുന്നതെന്നു പെന്‍ഷന്‍കാര്‍ ആരോപിക്കുന്നു. ഇന്നുച്ചയോടെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാമെന്നാണു കെഎസ്ആര്‍ടിസി കണക്കുകൂട്ടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ എംഡിയെ ഉപരോധിച്ചിരുന്നു.

തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണു മാര്‍ച്ചിലെ കുടിശിക ശനിയാഴ്ച നല്‍കാമെന്നു കെഎസ്ആര്‍ടിസി ഉറപ്പു നല്‍കിയത്. ആദ്യ കുടിശിക ഈ മാസം 18നും രണ്ടാമത്തേത് ഈ മാസം 28നും നല്‍കുമെന്നായിരുന്നു ഉറപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.