സിപിഎം മുന്‍ നേതൃത്വത്തെ വിമര്‍ശിച്ചു വി.എസ്
സിപിഎം മുന്‍ നേതൃത്വത്തെ വിമര്‍ശിച്ചു വി.എസ്
Monday, April 20, 2015 12:34 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും പേരെടുത്തു പറയാതെ രൂക്ഷമായി വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സിപിഎം നേതൃത്വം എടുത്ത നിലപാടുകള്‍ ഇടതുമുന്നണിയില്‍നിന്നു ഘടകകക്ഷികളെ ഒന്നൊന്നായി അകറ്റിയെന്നും ഇതു പാര്‍ട്ടിയെ ക്ഷീണിപ്പിക്കാന്‍ ഇടയാക്കിയെന്നും വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു.

പാര്‍ട്ടി നേതൃത്വം എടുത്ത നിലപാടുകള്‍ പാര്‍ട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിച്ചു. വിട്ടുപോയ കക്ഷികളെ മടക്കികൊണ്ടുവന്നു പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താന്‍ പുതിയ നേതൃത്വത്തിനു കഴിയുമെന്നും വി.എസ് പറഞ്ഞു. പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിനു പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് വി.എസ് മുന്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്.


സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിനു സിപിഎമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. ദേശീയ തലത്തിലും കേരളത്തിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയും. മുന്നണിയിലെ പാര്‍ട്ടികളെ പിണക്കുന്ന പതിവായിരുന്നു മുന്‍പുണ്ടായിരുന്നത്. ജനതാദള്‍-യുവും ആര്‍എസ്പിയും പിണങ്ങിപ്പോയതു പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ മൂലമായിരുന്നുവെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.