പുതിയ ജനറല്‍ സെക്രട്ടറി: ആശങ്കയോടെ സിപിഎം സംസ്ഥാന നേതൃത്വം
പുതിയ ജനറല്‍ സെക്രട്ടറി: ആശങ്കയോടെ സിപിഎം സംസ്ഥാന നേതൃത്വം
Monday, April 20, 2015 10:29 PM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ ഇഷ്ടക്കാരനായ സീതാറാം യെച്ചൂരി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായതോടെ കേരളത്തിലെ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ സംബന്ധിച്ചാകും ഇനി സിപിഎമ്മിനുള്ളിലെ ചര്‍ച്ച. വി.എസിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ മാത്രം കേരളത്തിലെ ഔദ്യോഗിക നേതാക്കള്‍ക്ക് അപ്രിയനായ സീതാറാം യെച്ചൂരിയുടെ തീരുമാനങ്ങളും നീക്കങ്ങളും സിപിഎം സംസ്ഥാന നേതൃത്വത്തിന് ഇനി സുഖകരമാകില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ യെച്ചൂരി നേരത്തേതന്നെ തയാറാക്കിയ ബദല്‍ രേഖ പ്രകാശ് കാരാട്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണെങ്കിലും അതിലെ വാചകങ്ങള്‍ ഓരോന്നും കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നതാണ്. സംസ്ഥാന നേതൃത്വത്തിനെതിരേ അച്യുതാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വലതുപക്ഷ വ്യതിയാനമടക്കമുള്ള ആരോപണങ്ങളെ സമര്‍ഥിക്കുന്ന രൂപത്തിലുള്ള നിലപാടുകളാണു യെച്ചൂരിയുടെ ബദല്‍ രേഖയിലുള്ളത്. ഇതുതന്നെയാണു സിപിഎം സംസ്ഥാന നേതൃത്വത്തെ ഇനി പ്രതിരോധത്തിലാക്കാന്‍ പോകുന്ന പ്രധാന ഘടകം.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചു മുന്നോട്ടു പോകുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഏറെ സന്തോഷിക്കാനുള്ള കാര്യങ്ങളാണു സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ സംഭവിച്ചത്. തന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണയ്ക്കുകയും പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെനിന്നു സംരക്ഷിക്കുകയും ചെയ്യുന്ന സീതാറാം യെച്ചൂരി സിപിഎമ്മിന്റെ അമരക്കാരനായതിലാണു വി.എസിന് ഏറെ സന്തോഷം. ഒപ്പം തൊണ്ണൂറ്റിരണ്ടു കഴിഞ്ഞിട്ടും സംഘടനാ ചട്ടങ്ങള്‍ മറികടന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാകാന്‍ സാധിച്ചതും ഇപ്പോഴത്തെ അവസ്ഥയില്‍ വി.എസിന്റെ വിജയമാണ്. തന്റെ വിശ്വസ്തനായ പി.കെ. ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്താനായതിലും അച്യുതാനന്ദനു സന്തോഷിക്കാം.

വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കാന്‍ പറ്റില്ലെന്നു ശക്തമായ നിലപാടെടുത്ത പിണറായി വിജയന് ഈ തീരുമാനം വലിയ തിരിച്ചടിയായി. വി.എസിനെ ക്ഷണിതാവാക്കണമെന്നു യെച്ചൂരി കടുത്ത നിലപാടു സ്വീകരിച്ചത് അദ്ദേഹവും പിണറായി വിജയനും തമ്മില്‍ വാക്സംഘര്‍ഷത്തിനുവരെ കാരണമായി. ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് എസ്. രാമചന്ദ്രന്‍ പിള്ളയെ പിന്തുണച്ച വൃന്ദാ കാരാട്ടും വി.എസിന്റെ കാര്യത്തില്‍ യെച്ചൂരിക്കൊപ്പം നിന്നു.

വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായാല്‍ ഭാവിയില്‍ തനിക്കുണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകളെ മുന്നില്‍ കണ്ടാണു പിണറായി വിജയന്‍ ആ നീക്കത്തിനു തടയിടാന്‍ തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിംഗ് അധികാരം ഇല്ലെങ്കിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രം വി.എസിനുണ്ട്. ക്ഷണിതാവാണെങ്കില്‍പോലും വി.എസ് കേന്ദ്ര കമ്മിറ്റിയുടെ ഭാഗമായാല്‍, കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന ഭയമാണ് പിണറായിക്കുള്ളത്. ക്ഷണിതാവായാലും വി.എസിനു പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങളില്‍ പങ്കെടുക്കാം. കീഴ്വഴക്കമില്ലെങ്കിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പാര്‍ട്ടി നേതൃയോഗങ്ങളില്‍ വി.എസ് പങ്കെടുത്താലുള്ള ആപത്ത് പിണറായിക്കു നന്നായി അറിയാം. ഫലത്തില്‍, ഇക്കുറിയും വി.എസിനെതിരേയുള്ള നീക്കത്തില്‍ പിണറായി വിജയന്‍ പരാജയപ്പെടുന്നതാണു കണ്ടത്. നേരത്തേ ഒപ്പമുണ്ടായിരുന്നവരുടെ പിന്തുണ പൂര്‍ണമായും നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.


ആലപ്പുഴ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. ഒരാളുടെ ഒഴിവ് ഇപ്പോഴും സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ഒഴിവിലേക്കു വി.എസിനെ ഉള്‍പ്പെടുത്താന്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പോളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയാല്‍ അതു വലിയ തിരിച്ചടിയാകുന്നതു പിണറായിയെ സംബന്ധിച്ച് ഇരട്ടപ്രഹരമായിരിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വി.എസിനെക്കൂടി ഉള്‍ക്കൊണ്ടു പാര്‍ട്ടി മുന്നോട്ടു പോകണമെന്ന നിലപാടിലാണ്. വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുള്ള നീക്കമാണു ഇതിനു പിന്നില്‍. വി.എസ് സംസ്ഥാന നേതൃത്വത്തിനെതിരേയും, സംസ്ഥാന നേതൃത്വം അദ്ദേഹത്തിനെതിരേയും നല്‍കിയ പരാതികള്‍ ഇപ്പോള്‍ പോളിറ്റ്ബ്യൂറോ കമ്മീഷനു മുന്നിലാണ്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അടുത്തിടെ വി.എസ് നല്‍കിയ കത്ത് ഒരു മാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ പേരില്‍ ആലപ്പുഴ സമ്മേളനത്തിനിടെ പാര്‍ട്ടി സെക്രട്ടേറിയറ്റ് വി.എസിനെതിരെ പ്രമേയം പാസാക്കി. തുടര്‍ന്ന് തനിക്കെതിരേയുള്ള പ്രമേയം സംഘടനാവിരുദ്ധമാണെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

വി.എസിന്റെ ആവശ്യം കേന്ദ്ര നേതൃത്വം തള്ളിയതിനെത്തുടര്‍ന്നു സമ്മേളനം ബഹിഷ്കരിച്ച് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങി. വിഎസ് തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ കത്ത് ചോര്‍ന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി നേതൃത്വം പിബി കമ്മീഷനെ ചുമതലപ്പെടുത്തി. പുതിയ ജനറല്‍ സെക്രട്ടറിയുടെ നിയന്ത്രണത്തിലുള്ള പിബി കമ്മീഷനിലാണ് ഇനി വി.എസിന്റെ പ്രതീക്ഷ.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ താന്‍ ഉന്നയിച്ച പരാതികളും പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പാര്‍ട്ടി കോണ്‍ഗ്രസിലെ ബദല്‍ നിര്‍ദേശങ്ങളും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്നാണു വി.എസിന്റെ പക്ഷം.

പാര്‍ട്ടിയെ നന്നാക്കാന്‍ യെച്ചൂരി തന്റെ ബദല്‍ രേഖ പൂര്‍ണമായും നടപ്പിലാക്കാനിറങ്ങിയാല്‍ സംസ്ഥാന പാര്‍ട്ടിയില്‍ അതു വലിയ മാറ്റങ്ങള്‍ക്കിടയാക്കും. വിഭാഗീയത ശക്തമായ കേരളത്തിലെ സംഘടനാ ചുമതലയില്‍നിന്നു പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ളയെ ഒഴിവാക്കാനും ഇടയുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിതന്നെ കേരളത്തിന്റെ സംഘടനാചുമതല വഹിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ യെച്ചൂരിയുടെ പിന്തുണ മനസിലാക്കി എം.എ. ബേബി അടക്കമുള്ള ചില നേതാക്കള്‍ പിന്നീട് അദ്ദേഹത്തിനനുകൂലമായി നിലപാടു മാറ്റിയതുകൂടി പരിഗണിച്ചാല്‍ സംസ്ഥാനത്തെ സിപിഎമ്മില്‍ പ്രത്യക്ഷമായ പുതിയ ധ്രുവീകരണത്തിനാണു വഴിതെളിക്കുന്നതെന്നു കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.