ബാന്‍ഡ്സെറ്റ് കലാകാരന്റെ വധം: പ്രതികളുമായി തെളിവെടുപ്പു നടത്തി
ബാന്‍ഡ്സെറ്റ് കലാകാരന്റെ വധം: പ്രതികളുമായി തെളിവെടുപ്പു നടത്തി
Sunday, April 19, 2015 10:24 PM IST
മാവേലിക്കര: ബാന്‍ഡ്സെറ്റ് കലാകാരന്‍ ഡസ്റമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നു. പ്രതികളായ ബിബിന്‍, റോബിന്‍ എന്നിവരെയാണ് സംഭവസ്ഥലത്തും തൊണ്ടിമുതലുകള്‍ ഒളിപ്പിച്ചിടത്തും വീടുകളിലും എത്തിച്ചു തെളിവെടുപ്പു നടത്തിയത്.

മാവേലിക്കര-കൊല്ലകടവ് റൂട്ടില്‍ ചാക്കോ റോഡിനു സമീപം അച്ചന്‍കോവിലാറിന്റെ തീരത്തുള്ള കുറ്റിക്കാട്ടില്‍ നിന്നു പ്രതികള്‍ കൃത്യം നടത്താനുപയോഗിച്ച കത്തിയും സംഭവസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്െടടുത്തു. തുടര്‍ന്ന് ഡെസ്റമിനും പ്രതികളും തമ്മില്‍ തര്‍ക്കം നടന്ന പമ്പിലും സംഭവസ്ഥലത്തും പ്രതികളുടെ വീടുകളിലുമെത്തിച്ചു തെളിവുകള്‍ ശേഖരിച്ചു. സംഭവസ്ഥലത്ത് ഡസ്റമിന്റെ കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. പല ഭാഗത്തുനിന്നും പ്രതികള്‍ക്കെതിരേ ആക്രോശങ്ങള്‍ ഉയര്‍ന്നു.

സംഭവസ്ഥലത്ത് പ്രതിയായ ബിബിന്‍ ആറുമാസത്തിനു മുമ്പ് ആക്രമിച്ചയാളുടെ അമ്മ പ്രതികളെ കാണാനായി എത്തിയിരുന്നു. ഇവര്‍ ബിബിനെ നോക്കി ആക്രോശിക്കുകയും വിതുമ്പുകയുമുണ്ടായി. പ്രതിയായ റോബിന്റെ വീട്ടില്‍ സംഘം എത്തിയപ്പോള്‍ മാതാവ് വിതുമ്പിക്കൊണ്ട് തന്റെ മകന്‍ ചെയ്തതു തെറ്റാണെന്നും കൊല്ലപ്പെട്ട യുവാവ് തനിക്കു മകനെ പോലെയായിരുന്നെന്നും പറഞ്ഞു. സംഭവദിവസം റോബിന്റെ ഫോണില്‍ നാലുപ്രാവശ്യം ആരോ വിളിച്ചെന്നും തുടര്‍ന്ന് രാത്രി പത്തേമുക്കാലോടെ കാറില്‍ നാലോളം പേര്‍ വന്നു റോബിനെ കൊണ്ടുപോകുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു. വീട്ടിലെത്തിയാണ് ഇവര്‍ ബിബിനെ കൂട്ടിയതെന്നും നിക്ഷ്പക്ഷമായ അന്വേഷണം നടത്തി വെളിയില്‍ നില്‍ക്കുന്ന കുറ്റവാളികളേയും പിടികൂടണമെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതൊരു ആസൂത്രിത കൊലപാതകമാണെന്നു സംശയമുള്ളതായും അവര്‍ കൂട്ടിചേര്‍ത്തു.


പ്രതികളെ തിരിച്ചറിയലിനായി പോലീസ് സ്റേഷനിലെത്തിച്ചപ്പോള്‍ ഡസ്റമിന്റെ മാതാവ് ഷാര്‍ളറ്റും സഹോദരന്‍ എഡിസണും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു. മാവേലിക്കര സിഐ ജോസ്മാത്യു, എസ്ഐ മോഹനചന്ദ്രന്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി. അതേസമയം പോലീസിന്റെ അന്വേഷണത്തില്‍ അപാകതകള്‍ ഉള്ളതായി ആരോപണമുണ്ട്. പ്രതികള്‍ റോബിന്റെ സഹോദരഭാര്യക്ക് ആശുപത്രിയില്‍ പോകാനായാണ് നാലുമുക്കു സ്വദേശിയില്‍ നിന്നും വാഹനം വാങ്ങിയതെന്നു പോലീസ് പറയുമ്പോള്‍ റോബിന്റെ മാതാവ് തന്നെ അതു നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നും ക്വട്ടേഷന്‍ അക്രമണമാണ് ഇതിനുപിന്നിലെന്നും ആരോപണമുണ്ട്. തഴക്കര പഞ്ചായത്തിലുള്ള വ്യവസായിക്കു നേര്‍ക്കുണ്ടായ ഭീഷണിയെത്തുടര്‍ന്നു വ്യവസായി കൊല്ലത്തുനിന്നും ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കിയിരുന്നതായും പറയപ്പെടുന്നു. പോലീസ് വേഗത്തില്‍ കേസ് തീര്‍ക്കാന്‍ വ്യഗ്രത കാണിക്കുന്നതു പ്രതികളില്‍ പലരും രക്ഷപ്പെടാന്‍ കാരണമായേക്കുമെന്നു പ്രദേശത്തെ രാഷ്ട്രീയ സംഘടനകള്‍ ഒന്നടങ്കം പറയുന്നു.

കൊലപാതകത്തിനുപയോഗിച്ചത് പ്രത്യേകതരം എസ് കത്തി

മാവേലിക്കര: ബാന്‍ഡ്സെറ്റ് കലാകാരനായ കൊല്ലം പള്ളിത്തോട്ടം സ്വദേശി ഡസ്റമിനെ കൊലപ്പെടുത്താനായി പ്രതികള്‍ ഉപയോഗിച്ചതു കഠാരയുടെ വലിപ്പവും ചുരികയുടെ ആകാരവുമുള്ളതും ഇരുവശത്തും വാത്ത ലയുള്ളതുമായ പ്രത്യേകതരം കത്തി. ചെട്ടികുളങ്ങരയ്ക്കു തെക്കുഭാഗത്തുള്ള ഒരു ആലയിലാണ് കത്തി നിര്‍മിച്ചത്. ഈ കത്തി ഉപയോഗിച്ചുള്ള കുത്തുകള്‍ വളരെ ആഴത്തിലേക്കിറങ്ങുമെന്നും 3.5 ഇഞ്ച് വീതി മുറിവ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഡസ്റമിന്റെ ശരീരത്തിലേറ്റ മുറിവുകളെല്ലാം ഇത്തരത്തില്‍ ആഴമുള്ളതും വീതിയുള്ളതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.