അടിയുത്സവത്തിന് ആയിരങ്ങള്‍...
അടിയുത്സവത്തിന് ആയിരങ്ങള്‍...
Sunday, April 19, 2015 10:24 PM IST
മാവിലായി (കണ്ണൂര്‍): വിഷു ഉത്സവത്തിന്റെ ഭാഗമായി മൂന്നാംപാലം നിലാഞ്ചിറയില്‍ നടന്ന അടിയുത്സവം കാണാന്‍ ആയിരങ്ങളെത്തി. മൂത്ത കൂര്‍വാട്, ഇളയകൂര്‍വാട് എന്നിങ്ങനെ രണ്ടു സംഘങ്ങളായാണു കൈക്കോളന്‍മാര്‍ അടി നടത്തിയത്. മാവിലായി വലിയതോടിനു കിഴക്കുള്ളവര്‍ മൂത്ത കൂര്‍വാടും പടിഞ്ഞാറുള്ളവര്‍ ഇളയകൂര്‍വാടുമായാണ് അറിയപ്പെടുന്നത്. കുന്നോത്തിടത്തിലെ മുടിയും വില്ലാട്ടത്തിനുശേഷം നിലാഞ്ചിറ വയലിലെത്തിയ കൈക്കോളന്മാര്‍ അടി തുടങ്ങിയതോടെ കാണികളും ആവേശത്തിലായി. മേയ് കരുത്തുള്ളവരുടെ ചുമലില്‍ കയറിയിരുന്നാണു കൈക്കോളന്‍മാര്‍ അടിയുത്സവം നടത്തുന്നത്. ഓരോ അടിവീഴുമ്പോഴും ജനങ്ങള്‍ കൈക്കോളന്‍മാരെ ആര്‍ത്തുവിളിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചു. സന്ധ്യയോടെയാണ് അടിയുത്സവത്തിനു സമാപ്തിയായത്. കച്ചേരിക്കാവില്‍ ദിവസങ്ങള്‍ക്കു മുമ്പു നടന്ന അടിയുടെ തിരിച്ചടിയായിട്ടാണു മൂന്നാംപാലം നിലാഞ്ചിറ വയലിലെ അടിയുത്സവം അറിയപ്പെടുന്നത്.


മാവിലാക്കാവിലെ ദേവനായ ദൈവത്താര്‍ ഉപക്ഷേത്രമായ കച്ചേരിക്കാവിലും കാവിനടുത്തുണ്ടായിരുന്ന ഇല്ലത്തും നിത്യസന്ദര്‍ശകനായിരുന്നു. ഒരിക്കല്‍ ഇല്ലത്തേക്ക് ഒരാള്‍ കൊണ്ടുവന്ന അവില്‍ അവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നമ്പ്യാര്‍ കുട്ടികള്‍ക്കു കൊടുത്തു. അവിലിനുവേണ്ടി കുട്ടികള്‍ അടിപിടി കൂടിയെന്നും അടി കാര്യമായപ്പോള്‍ മൂകനായ ദൈവത്താര്‍ ഇടപെട്ട് അടി നിര്‍ത്തിയെന്നും ഇതില്‍ തോറ്റ കുട്ടി മൂന്നാംപാലം നിലാഞ്ചിറ വയലില്‍ വച്ചു പകവീട്ടിയെന്നുമാണ് ഐതിഹ്യം. ഇതിന്റെ സ്മരണ പുതുക്കാനാണു വര്‍ഷംതോറും അടിയുത്സവം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.