യെമന്‍ രക്ഷാദൌത്യം: 73 ഇന്ത്യക്കാരുമായി കപ്പലുകള്‍ കൊച്ചിയിലെത്തി
യെമന്‍ രക്ഷാദൌത്യം: 73 ഇന്ത്യക്കാരുമായി  കപ്പലുകള്‍ കൊച്ചിയിലെത്തി
Sunday, April 19, 2015 10:24 PM IST
കൊച്ചി:ആഭ്യന്തര കലാപവും സൈനിക ഏറ്റുമുട്ടലും രൂക്ഷമായ യെമനില്‍നിന്നു രക്ഷപ്പെടുത്തിയ ഇന്ത്യക്കാരടങ്ങിയ അവസാന സംഘവുമായി രണ്ടു കപ്പലുകള്‍ കൊച്ചിയില്‍ തിരിച്ചെത്തി. 73 ഇന്ത്യക്കാരും 337 ബംഗ്ളാദേശികളും ഉള്‍പ്പെട്ട സംഘം ഇന്നലെ ഉച്ചയോടെയാണ് എംവി കവരത്തി, എംവി കോറല്‍സ് കപ്പലുകളിലായി കൊ ച്ചി തുറമുഖത്തെത്തിയത്.

കഴിഞ്ഞ 12നാണു ഈ കപ്പലുകള്‍ ജിബൂട്ടി തുറമുഖത്തുനിന്നു യാത്രതിരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ എംവി കവരത്തിയും രണ്േടാടെ എംവി കോറലും തുറമുഖത്തെത്തി. രണ്ടു കപ്പലുകളിലായി 475 പേരാണുണ്ടായിരുന്നത്. 16 മലയാളികളും 65 യെമന്‍ പൌരത്വമുള്ള ഇന്ത്യക്കാരും എംവി കോറല്‍ കപ്പലിലായിരുന്നു.

നാവിക സേന ബാന്‍ഡ്മേളത്തോടെയാണ് കപ്പലിലുള്ളവരെ വരവേറ്റത്. മന്ത്രി കെ.സി. ജോസഫ്, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരും സംഘത്തെ സ്വീകരിക്കാന്‍ തുറമുഖത്തെത്തിയിരുന്നു. ബംഗ്ളാദേശികളെ ഇന്നു പുലര്‍ച്ച ഒന്നരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബിമാന്‍ ബംഗ്ളാദേശ് എയര്‍ലൈനിന്റെ രണ്ടു പ്രത്യേക വിമാനങ്ങളിലായി ബംഗ്ളാദേശിലേക്കു കൊണ്ടുപോയി. ബംഗ്ളാദേശ് രാഷ്ട്രീയകാര്യമന്ത്രി ഷാ അഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘം ബംഗ്ളാദേശികളെ സ്വീകരിക്കാനായി കൊച്ചിയിലെത്തിയിരുന്നു. 14 സ്ത്രീകളും 15 കുട്ടികളുമടക്കം 337 പേരാണ് ഉണ്ടായിരുന്നത്.

ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളിലുള്ളവരായിരുന്നു മലയാളികള്‍. ഇവരില്‍ ചിലര്‍ വീട്ടുകാരോടൊപ്പം നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവരെ കെഎസ്ആര്‍ടിസി ബസുകളില്‍ വീടുകളിലെത്തിച്ചു. ആലപ്പുഴ സനാതനപുരം ചേറ്റുപറമ്പ് വീട്ടില്‍ ജിഷമോള്‍, പമ്പാവാലി പൂവത്തുങ്കല്‍ വീട്ടില്‍ മായാകുമാരി, വേഴപ്ര കന്യാകോണില്‍ വീട്ടില്‍ ജോഷിമോള്‍, മിത്രക്കരി വലയില്‍ വീട്ടില്‍ ഷൈലജ, ചെങ്ങന്നൂര്‍ വെണ്‍മണി തെക്കില്‍ തെക്കേതില്‍ വീട്ടില്‍ മോഹനന്‍, ഇടുക്കി നെയ്യശേരി പഴുകാടിയില്‍ വീട്ടില്‍ സതി കുമാരന്‍, രാജകുമാരി കേശവപിള്ള കണ്ടത്തില്‍ വീട്ടില്‍ ജിഷ ബാബു, തൊടുപുഴ കോട്ടക്കവല പഴുക്കടയില്‍ വീട്ടില്‍ ശ്രീജ ശിവന്‍, കഞ്ഞിക്കുഴി വടക്കേടത്ത് വീട്ടില്‍ ഷൈലജ, ചങ്ങനാശേരി പെരുന്ന കുളങ്ങരോട് വീട്ടില്‍ മനീഷ, തൃക്കൊടിത്താനം ഒറ്റപ്ളാക്കല്‍ വീട്ടില്‍ ആല്‍ഫി തോമസ്, ഏനടി മലയില്‍ വീട്ടില്‍ ഷീബ, തൃക്കൊടിത്താനം ഒറ്റപ്ളാക്കല്‍ വീട്ടില്‍ ജിജിമോന്‍, പത്തനംതിട്ട വെട്ടൂര്‍ പാറയില്‍ വീട്ടില്‍ ആതിര സുരേഷ്, കൊല്ലം ആശ്രാമം വലിയകിഴക്കേതില്‍ സാഷ് കുമാര്‍, തൃശൂര്‍ നെല്ലായി മഞ്ഞളി വീട്ടില്‍ ജോയ് എന്നിവരാണ് ഇന്നലെ യെമനില്‍നിന്നു തിരിച്ചെത്തിയ മലയാളികള്‍. തമിഴ്നാട്ടുകാരായ 37 പേരും ഹരിയാനക്കാരായ മൂന്നുപേരും മഹാരാഷ്ട്ര സ്വദേശികളായ ഒന്‍പതുപേരും ബിഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ വീതവും കപ്പലില്‍ വന്നിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് അഞ്ചു ട്രെയിനുകളിലായി റെയില്‍വേ പ്രത്യേക യാത്രാസൌകര്യം ഒരുക്കി. ഇന്നലെ വൈകിട്ടോടെ എല്ലാവരും യാത്ര തുടങ്ങി.


മുംബൈയിലേക്കു പോകുന്നവര്‍ക്കായി കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട ബിക്കാനിര്‍ എക്സ്പ്രസില്‍ എറണാകുളത്തുനിന്നു പ്രത്യേക കോച്ച് ഏര്‍പ്പെടുത്തിയിരുന്നു. മറ്റു ട്രെയിനുകളില്‍ മടങ്ങിവന്നവര്‍ക്കായി എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റുകള്‍ മാറ്റിവച്ചിരുന്നു.

ഇന്ത്യക്കാര്‍ക്കു മുഴുവന്‍ നോര്‍ക്ക വകുപ്പ് 2,000 രൂപ വീതം വീട്ടിലെത്താനുള്ള ചെലവായി നല്‍കിയിട്ടുണ്ട്. കടല്‍ക്കൊള്ളക്കാരുടെ ഭീഷണി നിലനില്‍ക്കുന്ന സമുദ്രപാതയിലൂടെയുള്ള യാത്രയില്‍ യാത്രക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പലുകള്‍ സുരക്ഷാവലയം തീര്‍ത്തിരുന്നു. യാത്രയ്ക്കിടെ സോമാലിയന്‍ കൊള്ളക്കാരുടെ സംഘം കപ്പലിലേക്കു കയറാന്‍ ശ്രമം നടത്തിയെങ്കിലും നാവികസേനയുടെ ഇടപെടല്‍ അതു വിഫലമാക്കി. ഇന്ത്യക്കാരുടെ എണ്ണം കുറവായതിനാലാണു ബംഗ്ളാദേശുകാര്‍ക്കു കൂടുതലായി കപ്പലില്‍ ഇടം കിട്ടിയത്.

ബംഗ്ളാദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും കേരള സര്‍ക്കാരും എടുത്ത നടപടികള്‍ ഏറെ ഗുണം ചെയ്തതായി ബംഗ്ളാദേശ് മന്ത്രി ഷാ പറഞ്ഞു. യെമനിലുള്ള ആയിരത്തോളം ബംഗ്ളാദേശികളില്‍ അഞ്ഞൂറോളം പേരെ ഇതിനകം നാട്ടിലെത്തിക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.