തലസ്ഥാനത്തിനു വേറിട്ട അനുഭവമായി കാനനക്കാഴ്ചകള്‍
തലസ്ഥാനത്തിനു വേറിട്ട അനുഭവമായി കാനനക്കാഴ്ചകള്‍
Saturday, April 18, 2015 1:00 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കനകക്കുന്നു കൊട്ടാരവും പരിസരവും നൂറ്റാണ്ടുകള്‍ക്കു പിന്നിലെ സ്വച്ഛവും ശാന്തവുമായ കാടിന്റെ ഗോത്ര സംസ്കൃതിയില്‍ ലയിപ്പോള്‍ അത് ആധുനികതയുടെ വക്താവെന്ന് അഭിമാനിക്കുന്ന നാഗരിക മനുഷ്യനു ഗൃഹാതുരത്വത്തിന്റെ അനുരണനങ്ങളായി. കാടിന്റെ മക്കളുടെ അവികല സംസ്കാരത്തിന്റെ മുദ്രകള്‍ പേറുന്ന കാനന സംഗമം-2015 തലസ്ഥാന വാസികള്‍ക്കു വേറിട്ട അനുഭവമായി.

മനുഷ്യര്‍ക്കു മുമ്പേ ഭൂമിയുടെ അവകാശികളായ കാട്ടുമൃഗങ്ങളേയും അവയുടെ ജീവിതചര്യകളേയും അടുത്തറിയാന്‍ ഇവിടെ അവസരമുണ്ട്. എലിഫന്റ് പാര്‍ക്കും ടൈഗര്‍ പാര്‍ക്കുമെല്ലാം നാട്ടുമനുഷ്യന് ആവാസ വ്യവസ്ഥയുടെയും സഹജീവനത്തിന്റെയും മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന പാഠശാലകളാണ്. പ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ച മഴവില്ലിന്റെ വര്‍ണരാജികൊണ്ടു തീര്‍ത്ത കുഞ്ഞിച്ചിറകുകളില്‍ പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ ഒരുക്കുന്ന നിറക്കാഴ്ചകളും ആരെയും ആകര്‍ഷിക്കും.

ഫാസ്റ് ഫുഡ് സംസ്കാരത്തിലൂടെ സര്‍വരോഗങ്ങള്‍ക്കും വിധേയത്വം കല്‍പ്പിച്ചു വിലക്കുകളില്‍ കുരുങ്ങി ജീവിക്കുന്ന നഗരവാസിയെ കൊതിപ്പിക്കുന്ന വനവിഭവങ്ങളാണു കാനന മേളയുടെ മറ്റൊരു ആകര്‍ഷണം.

കാടിനെ അനുസ്മരിപ്പിക്കുന്ന അരങ്ങൊരുക്കിയ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാനന സംഗമത്തിനു തിരിതെളിയിച്ചു. തുടര്‍ന്നു 350 കലാകാരന്മാരെ അണിനിരത്തി സൂര്യകൃഷ്ണമൂര്‍ത്തി ഒരുക്കിയ നൃത്തപരിപാടി മലയാളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു. ഇനിയുള്ള കാനന സംഗമത്തിന്റെ അഞ്ചു രാവുകള്‍ ഗതകാല സംസ്കാരത്തിന്റെ മുദ്രകള്‍ പേറുന്നവയായിരിക്കും.

ആദിവാസികളുടെ ജീവിതരീതിയും ചികിത്സാ സമ്പ്രദായവും ഭക്ഷണക്രമവുമാണു കാനന സംഗമത്തിലൂടെ പകര്‍ന്നുകിട്ടുന്നത്. വനശ്രീ ഉത്പന്നങ്ങളുടെ വിപണന മേള, കാട്ടുതേന്‍ ഉള്‍പ്പെടുത്തി ഹണി മേള, വനത്തില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തി പരമ്പരാഗത രുചിക്കൂട്ടുകളുടെ ഭക്ഷ്യമേള, വനയാത്രാനുഭവം പറയുന്ന വന വിസ്മയ പ്രദര്‍ശനം, ആദിവാസി കല, സംസ്കാരം, കരകൌശലം എന്നിവയുടെ പ്രദര്‍ശനം തുടങ്ങിയവയാണു കാനന സംഗമത്തിലെ പ്രധാന ആകര്‍ഷണം.


ആദിവാസികളുടെ കായിക നൈപുണ്യം വെളിവാക്കുന്ന അമ്പെയ്ത്തു വിദ്യയുടെ പ്രദര്‍ശന മത്സരവും മേളയ്ക്കു മിഴിവേകും. മേളയുടെ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ആദിവാസി സംഘങ്ങളുടെ കലാമേള നടക്കും. ഞായറാഴ്ച വന വികാസ ഏജന്‍സികളുടെ അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണശബളമായ ഘോഷയാത്ര ടാഗോര്‍ തീയേറ്ററില്‍ നിന്നും തുടങ്ങി കനകക്കുന്നില്‍ അവസാനിക്കും.

സിനിമാ താരം ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം നിശാഗന്ധിയില്‍ അരങ്ങേറും. 21-നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ കാനന വിസ്മയാധിഷ്ഠിത ഇന്ദ്രജാലവും സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ചു വനത്തില്‍ നിന്നും ലഭിക്കുന്ന പ്രത്യേകതരം കോസ്മെറ്റിക് വസ്തുക്കളായ കസ്തൂരി മഞ്ഞള്‍, ഇഞ്ച, ചീവക്കാ ഷാംപു, തേന്‍മെഴുക് ബാം, ഹെര്‍ബല്‍ ഓയിലുകള്‍ എന്നിവ ലഭ്യമാകും. പശ്ചിമഘട്ട മലനിരകളില്‍ നിന്നും ശേഖരിച്ചു സംസ്കരിച്ചെടുത്ത കുടംപുളി, കുന്തിരിക്കം, ജൈവക്കുരുമുളക്, ഏലം, മറയൂര്‍ ശര്‍ക്കര, ലെമണ്‍ ഗ്രാസ് ഓയില്‍, മറയൂര്‍ ചന്ദനത്തൈലം, ചന്ദനത്തടി കഷണങ്ങള്‍ എന്നിവയും വനശ്രീ മേളയില്‍ ലഭ്യമാകും. സംസ്ഥാന വനം വകുപ്പാണു കാനന സംഗമത്തിന്റെ മുഖ്യ സംഘാടകര്‍.

കാനന സംഗമത്തിന്റെ ഉദ്ഘാടന ദിവസം തന്നെ കനകക്കുന്നില്‍ അനുഭവപ്പെട്ട തിരക്കു വരും ദിവസങ്ങളില്‍ മേളയുടെ ശോഭ വര്‍ധിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.