വിനോദ് വധം: അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ കസ്റഡിയില്‍
Saturday, April 18, 2015 1:16 AM IST
പാനൂര്‍(കണ്ണൂര്‍): വടക്കെപൊയിലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ പള്ളിച്ചാലില്‍ വിനോദിനെ(37) ബോംബെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. പ്രേമരാജന്‍, പാനൂര്‍ സിഐ വി.വി. ബെന്നി, തലശേരി സിഐ വിശ്വംഭരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുക.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവര്‍ത്തന്‍ വടക്കെപൊയിലൂരിലെ രജിലേഷിനെ കസ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. വടക്കെപൊയിലൂരിലെ ബിജെപി പ്രവര്‍ത്തകരായ ധനീഷ്, ജഗതി, രജിലേഷ്, ഷഫിന്‍, ചട്ടേന്റെപറമ്പത്ത് മുത്തു എന്നിവരെയാണു തിരിച്ചറിഞ്ഞത്. ഇവരടക്കം 20 പേര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട യുഎപിഎ വകുപ്പു കൂടി ചുമത്തിയാണു കേസ്.

പാനൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ യുഎപിഎ വ കു പ്പ് ചുമത്തുന്ന ആദ്യ കേസാണിതെന്നു പറയുന്നു. ഈ വകുപ്പ് ചുമത്തിയാല്‍ 180 ദിവസത്തിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കൂ. മറ്റു കേസുകളില്‍ 15 ദിവസം കൂടുമ്പോള്‍ റിമാന്‍ഡ് കാലാവധി പുതുക്കാറുണ്െടങ്കിലും യുഎപിഎ പ്രകാരം നാലാഴ്ച കൂടുമ്പോള്‍ മാത്രമാണു പുതുക്കുക.


കൊലപാതകത്തെത്തുടര്‍ന്നു വന്‍ പോലീസ് സന്നാഹത്തെ പാനൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രതികള്‍ക്കും ആയുധങ്ങള്‍ക്കുമായി റെയ്ഡ് നടത്തിവരികയാണ്. അക്രമത്തിനെതിരേ കര്‍ശന നടപടി കൈക്കൊള്ളാനാണു പോലീസിന് ഉന്നതരില്‍നിന്നു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

അതേസമയം, ബിജെപി പ്രവര്‍ത്തകനായ കുഞ്ഞിരാമന്റെ വീടിനു നേരേ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുന്നതിനിടെ കൈയിലിരുന്ന ബോംബ് പൊട്ടിയാണു വിനോദിന്റെ മരണമെന്നും ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണു പോലീസ് നടത്തുന്നതെന്നും ആരോപിച്ചു പാനൂരില്‍ ഇന്നലെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.