വീസ ലഭിച്ചില്ല; ഉംറക്കു പോകാനെത്തിയവര്‍ കരിപ്പൂരില്‍ കുടുങ്ങി
Saturday, April 18, 2015 1:16 AM IST
കൊണ്േടാട്ടി: ഉംറ തീര്‍ഥാടന ത്തിനു പോകാനെത്തിയ മംഗലാപുരം സ്വദേശികള്‍ കരിപ്പൂരില്‍നിന്നു യാത്രായാകാനാകാതെ ദുരിതത്തില്‍. കഴിഞ്ഞ തിങ്കളാഴ്ച മംഗലാപുരത്തുനിന്നെത്തിയ 19 സ്ത്രീകളും ആറു കുട്ടികളും ഉള്‍പ്പടെ 43 പേരുടെ യാത്രയാണു ട്രാവല്‍ ഏജന്റിന്റെ പിടിപ്പുകേടുകൊണ്ടു മുടങ്ങിയിരിക്കുന്നത്.

25 ലക്ഷം രൂപ ട്രാവല്‍ ഏജന്റ് കൈപ്പറ്റിയതായി തീര്‍ഥാടകര്‍ പറയുന്നു. ചൊവ്വാഴ്ച കരിപ്പൂരില്‍ നിന്നു പുറപ്പെടാനാകുമെന്നറിയിച്ചാണ് 43 അംഗ സംഘത്തെ മംഗലാപുരത്തുനിന്ന് എത്തിച്ചത്. തുടര്‍ന്ന് ഇവരെ സമീപത്തെ ലോഡ്ജില്‍ താമസിപ്പിക്കുകയായിരുന്നു. മംഗലാപുരത്തെ ട്രാവല്‍ ഏജന്‍സി മുഖേനയാണ് ഇവര്‍ക്ക് വീസ നല്‍കാമെന്നേറ്റത്.


എന്നാല്‍, ഇതുവരെ സംഘത്തിനു പോകാനായിട്ടില്ല. ലോഡ്ജിലെ ഭീമമായ തുക താങ്ങാനാവാതെ വന്നതോടെ ഇവരെ കരിപ്പൂര്‍ മുസാഫര്‍ഖാനയിലേക്കു മാറ്റിയിരിക്കുകയാണ്. പ്രശ്നം സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.